Friday, February 22, 2013

പോരാട്ടത്തില്‍ പുതുചരിത്രം


ഒരുമയുടെ വിജയഗാഥ

തിരു: ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ഐതിഹാസികമായ 48 മണിക്കൂര്‍ പണിമുടക്ക് തലസ്ഥാനജില്ലയുടെ സമരചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത വിജയചരിത്രമായി. വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയ ജനങ്ങള്‍ തൊഴിലാളിവര്‍ഗം നടത്തിയ പോരാട്ടത്തോട് ഹൃദയൈക്യം പ്രകടിപ്പിക്കുകയായിരുന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റ് ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം രണ്ടാംദിനത്തിലും നിശ്ചലമായി. റോഡുകള്‍ വിജനമായി. അധ്യാപകരും ബാങ്ക് ജീവനക്കാരും വ്യാപാരികളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ രണ്ടാംദിനത്തിലും തൊഴിലാളി പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതോടെ ജില്ലയിലെ സമസ്തമേഖലയും സ്തംഭിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു.

പണിമുടക്കിനോടനുബന്ധിച്ച് തലസ്ഥാനഗരിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി വമ്പിച്ച പ്രകടനം നടത്തി. പ്രകടനാനന്തരം സെക്രട്ടറിയറ്റിനുമുന്നില്‍ നടന്ന പൊതുയോഗം സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി കെ ഗുരുദാസന്‍ അധ്യക്ഷനായി. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംഎല്‍എ, പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് കരുണാകരന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് മാഹീന്‍ അബൂബക്കര്‍, നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, സേവ സംസ്ഥാന പ്രസിഡന്റ് സോണി ജോര്‍ജ്, എച്ച്എംഎസ് കേന്ദ്രകമ്മിറ്റിയംഗം സി പി ജോണ്‍, ടിയുസിഐ ജില്ലാപ്രസിഡന്റ് ടി പി ദാസന്‍, കെടിയുസി നേതാവ് വി സുരേന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

നഗരത്തിനുപുറമെ നാട്ടിന്‍പുറങ്ങളിലും പണിമുടക്കിന്റെ രണ്ടാംദിനം ശക്തമായിരുന്നു. സ്വകാര്യവാഹനങ്ങള്‍പോലും പുറത്തിറക്കാതെ പണിമുടക്കിനോട് ബഹുഭൂരിപക്ഷം ജനങ്ങളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പെട്രോള്‍ പമ്പുകളും പലചരക്കുകടകളും ഹോട്ടലുകളുമെല്ലാം അടഞ്ഞുകിടന്നു. മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിലക്കയറ്റമുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി രാജ്യത്താദ്യമായി തൊഴിലാളികള്‍ ഒറ്റക്കെട്ടായി നടത്തിയ ദ്വിദിന പണിമുടക്ക് വര്‍ധിച്ച ആവേശത്തോടെ ജനം ഏറ്റെടുക്കുന്ന കാഴ്ചയാണ് എങ്ങും കാണാന്‍ കഴിഞ്ഞത്. അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാതെ രണ്ടുദിവസവും സമാധാനപരമായി നടന്ന പണിമുടക്ക് പൊളിക്കാന്‍ സര്‍ക്കാരും പൊലീസും കിണഞ്ഞുശ്രമിച്ചിട്ടും കഴിഞ്ഞില്ല. പലപ്പോഴും പൊലീസ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. പണിമുടക്കില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഭരണാനുകൂല സര്‍വീസ് സംഘടനാ നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും ജീവനക്കാര്‍ അതു തള്ളിക്കളഞ്ഞ് പണിമുടക്ക് സമ്പൂര്‍ണവിജയമാക്കി.

മഹത്തരം ഈ ഐക്യം

തിരു: കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐന്‍ടിയുസി അടക്കം 11 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടമാണ് രാജ്യത്താദ്യമായി നടന്ന ദ്വിദിന പണിമുടക്ക് ജില്ലയില്‍ സമ്പൂര്‍ണ വിജയമാക്കിയത്. കേന്ദ്ര, സംസ്ഥാന ജീവനക്കാരും അധ്യാപകരും ബാങ്ക്- ഇന്‍ഷുറന്‍സ്- പ്രതിരോധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും സംസ്ഥാനതല ട്രേഡ് യൂണിയനുകളും നിരവധി സ്വതന്ത്ര ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ അണിചേര്‍ന്നതോടെ പണിമുടക്ക് സമാനതകളില്ലാത്ത പോരാട്ടമായി. നാടും നഗരവും നിശ്ചലമായ 48 മണിക്കൂര്‍ തൊഴിലാളി വര്‍ഗത്തിന്റെ കരുത്തും സംഘടിത ശക്തിയും വിളിച്ചോതുന്നതായി. മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിലക്കയറ്റം അടക്കം 10 പ്രധാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കു നടത്തിയത്. ജനജീവിതം പൊറുതിമുട്ടിക്കുന്ന നയങ്ങള്‍ക്ക് താക്കീതുനല്‍കിയ വമ്പിച്ച പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മഹിളകളും വിദ്യാര്‍ഥികളും യുവജനങ്ങളുമെല്ലാം രംഗത്തിറങ്ങിയതോടെ ദ്വിദിന പണിമുടക്കിനെ ജനമൊന്നാകെ നെഞ്ചേറ്റുന്ന കാഴ്ചയാണ് ദൃശ്യമായത്. 13 ലക്ഷത്തിലധികം പേര്‍ ജില്ലയില്‍ പണിമുടക്കില്‍ പങ്കെടുത്തു.

ജനങ്ങളുടെ നട്ടെല്ലൊടിക്കുന്നതും തൊഴിലാളിവിരുദ്ധവുമായ നയങ്ങളുമായി മുന്നോട്ടുപോകാനാണ് ഭരണാധികാരികള്‍ തുനിയുന്നതെങ്കില്‍ വര്‍ധിതവീര്യത്തോടെ ഏതറ്റംവരെയും പോരാട്ടത്തിനിറങ്ങുമെന്ന മുന്നറിയിപ്പുകൂടിയായിരുന്നു തൊഴിലാളികള്‍ ആദ്യമായി നടത്തിയ 48 മണിക്കൂര്‍ പണിമുടക്ക്. സമാധാനപരമായി നടന്ന ചരിത്രപോരാട്ടത്തെ അവഗണിക്കാന്‍ വലതുപക്ഷ കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കുപോലും സാധ്യമായില്ല. പതിവുപോലെ ചെളിവാരിയെറിയാന്‍ ശ്രമിച്ചെങ്കിലും പണിമുടക്ക് പൂര്‍ണ വിജയമാണെന്ന് അവര്‍ക്കും സമ്മതിക്കേണ്ടിവന്നു. പ്രകോപനം സൃഷ്ടിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായെങ്കിലും അങ്ങേയറ്റം ക്ഷമയും മാതൃകാപരവുമായ സമരത്തിലൂടെ രാജ്യംകണ്ട ആദ്യ 48 മണിക്കൂര്‍ പണിമുടക്കിനെ തൊഴിലാളികള്‍ അവിസ്മരണീയമാക്കി.

താക്കീത്

കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധവും രാജ്യദ്രോഹകരവുമായ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് രണ്ടാംദിവസവും ജില്ലയില്‍ സമ്പൂര്‍ണം. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ വ്യവസായങ്ങള്‍, കശുവണ്ടി, കയര്‍, മത്സ്യം, തോട്ടം, കൃഷി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍, കെഎസ്ആര്‍ടിസി - സ്വകാര്യ ബസ് സര്‍വീസുകള്‍, സമാന്തരസര്‍വീസുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പ്രൊഫഷണല്‍ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജലഗതാഗതം, ടൂറിസം, വ്യാപാര-വാണിജ്യകേന്ദ്രങ്ങള്‍ തുടങ്ങി ജനജീവിതവുമായി ബന്ധമുള്ള സമസ്തമേഖലകളും വ്യാഴാഴ്ചയും നിശ്ചലമായി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. പൊതുനിരത്തുകള്‍ വിജനമായി. കൊല്ലം ചിന്നക്കട ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ രണ്ടാംദിവസവും ആയിരങ്ങള്‍ അണിനിരന്ന പ്രകടനങ്ങളും യോഗങ്ങളും നടന്നു. കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള സിവില്‍സ്റ്റേഷന്‍, നികുതി ഓഫീസുകള്‍, ജില്ലാപഞ്ചായത്ത്, കോര്‍പറേഷന്‍ ഓഫീസ്, ത്രിതല പഞ്ചായത്ത് ഭരണകേന്ദ്രങ്ങള്‍ തുടങ്ങിയ നൂറുകണക്കിന് സര്‍ക്കാര്‍ ഓഫീസുകള്‍ നിശ്ചലമായി.

സമരസമിതിയുടെ നേതൃത്വത്തില്‍ ഹെഡ്പോസ്റ്റ്ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എന്‍ കെ പ്രേമചന്ദ്രന്‍ ധര്‍ണ ഉദ്ഘാടനംചെയ്തു. എന്‍ അഴകേശന്‍ (ഐഎന്‍ടിയുസി) അധ്യക്ഷനായി. എന്‍ പത്മലോചനന്‍, അഡ്വ. ഇ ഷാനവാസ്ഖാന്‍, കെ തുളസീധരന്‍ (സിഐടിയു), അയത്തില്‍ തങ്കപ്പന്‍ (ഐഎന്‍ടിയുസി), എ എ അസീസ് എംഎല്‍എ, പി പ്രകാശ്ബാബു (യുടിയുസി), ഫസലുദീന്‍ ഹക്ക് (എഐടിയുസി), ശിവജി സുദര്‍ശനന്‍, പ്ലാസിഡ് (ബിഎംഎസ്), കക്കാകുന്ന് ഉസ്മാന്‍ (എസ്യുടിയു), പ്രശാന്തകുമാര്‍ (എഐയുടിയുസി), സുരേഷ്ശര്‍മ (ടിയുസിഐ), എസ് ചെട്ടിയാര്‍ (കെടിയുസി), രാജലക്ഷ്മി, സുരേഷ് (ബെഫി), മുരളീകൃഷ്ണന്‍ (കെഎസ്എഫ്ഇ) എന്നിവര്‍ സംസാരിച്ചു. അഡ്വ. ഫിലിപ്പ് കെ തോമസ് (യുടിയുസി) സ്വാഗതവും ടി വേണുഗോപാല്‍ (സിഐടിയു) നന്ദിയും പറഞ്ഞു.

വ്യവസായമേഖല സ്തംഭിച്ചു

കൊല്ലം: ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത 48 മണിക്കൂര്‍ പണിമുടക്കില്‍ ജില്ലയിലെ വ്യവസായ മേഖല സ്തംഭിച്ചു. ജീവിതത്തെ ദുസ്സഹമാക്കുന്ന വിലക്കയറ്റത്തിലും തൊഴില്‍ സുരക്ഷ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നയങ്ങളിലും പൊറുതിമുട്ടി ജില്ലയിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ തൊഴിലാളികളും ജീവനക്കാരും ജോലി ബഹിഷ്കരിച്ച് പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐആര്‍ഇ, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ ചവറ കെഎംഎംഎല്‍, പള്ളിമുക്കിലെ കേരള ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (മീറ്റര്‍ കമ്പനി), കുണ്ടറ അലിന്‍ഡ്, കെല്‍, ഭാരതീപുരം ഓയില്‍പാം ഇന്ത്യ ലിമിറ്റഡ്, കുളത്തൂപ്പുഴ ആര്‍പിഎല്‍, അഗ്രോ ഫ്രൂട്സ്, കുമരംകുടി സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍, സഹകരണ മേഖലയിലെ കാരംകോട് സ്പിന്നിങ് മില്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാരിപ്പള്ളി എഴിപ്പുറത്തെ പാചകവാതക റീഫില്ലിങ് പ്ലാന്റ് എന്നിവ രണ്ടു ദിവസമായി അടഞ്ഞുകിടന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ തോട്ടങ്ങളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. കെഎംഎംഎല്ലില്‍ അംഗീകാരമുള്ളതും അല്ലാത്തതുമായ ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുത്തു. സുപ്രധാനമായ എംഎസ് യൂണിറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. കോവില്‍തോട്ടം ഖന മേഖലയില്‍നിന്നുള്ള കരിമണല്‍ നീക്കം നിലച്ചു. ഐആര്‍ഇയില്‍ റെഗുലര്‍, കാഷ്വല്‍ ചുമട്ടു തൊഴിലാളികള്‍ പണിമുടക്കി. പള്ളിമുക്ക് മീറ്റര്‍ കമ്പനിയില്‍ ഒരാള്‍പോലും ജോലിക്കെത്തിയില്ല. ഭാരതീപുരം ഓയില്‍പാം ഇന്ത്യ ലിമിറ്റഡില്‍ ആകെയുള്ള 750 ജീവനക്കാരും പണിമുടക്കി. നാമമാത്രമായ ഓഫീസര്‍മാര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്.

കുളത്തൂപ്പുഴ ആര്‍പിഎല്ലിലും പണിമുടക്ക് പൂര്‍ണമായിരുന്നു. കുളത്തൂപ്പുഴ ഫാക്ടറിയും കുളത്തൂപ്പുഴ, ആയിരനല്ലൂര്‍ എസ്റ്റേറ്റ് ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. പുനലൂര്‍ ഹെഡ് ഓഫീസില്‍ ജോലിക്കെത്തിയ ഉദ്യോഗസ്ഥര്‍ തൊഴിലാളികളുടെ പ്രതിഷേധത്തെതുടര്‍ന്ന് തിരികെപ്പോയി. കുണ്ടറ സിറാമിക്സില്‍ പണിമുടക്കിന്റെ ദിവസങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മാത്രമാണ് ഹാജരായത്. സിറാമിക്സില്‍ ആകെ 150 തൊഴിലാളികളാണുള്ളത്. ഹെഡ് ഓഫീസിലെ 50 ജീവനക്കാരും പണിമുടക്കി. കിഴക്കന്‍ മേഖലയിലെ സ്വകാര്യ തോട്ടങ്ങളെയും പണിമുടക്ക് ബാധിച്ചു. പത്തനാപുരം എസ്എഫ്സികെ തോട്ടം മേഖലയില്‍ തൊഴിലാളികള്‍ ആരും ജോലിക്കെത്തിയില്ല. തെന്മലയിലെ ഈസ്ഫീല്‍ഡ്, വെഞ്ച്വര്‍, നാഗമല, അമ്പനാട്, റിയ തോട്ടങ്ങളിലെ തൊഴിലാളികള്‍ പണിമുടക്കി. ആര്‍പിഎല്‍, ബി ബി എസ്റ്റേറ്റ്, ഗുഡ്ഹോപ്, വെള്ളിമല, ചാലിയേക്കര തോട്ടങ്ങളിലും പണിമുടക്ക് പൂര്‍ണമായിരുന്നു.

കെട്ടടങ്ങില്ല... ഈ പോരാട്ടം

ആലപ്പുഴ: തുടര്‍ച്ചയായ രണ്ടാം ദിവസവും ആലപ്പുഴയിലെ തൊഴില്‍ശാലകളും വാണിജ്യ- വ്യാപാര കേന്ദ്രങ്ങളും നിശ്ചലമായി. അര ലക്ഷത്തോളം പേര്‍ പണിയെടുക്കുന്ന കയര്‍തറികളും റാട്ടുകളും ചലിച്ചില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. മത്സ്യബന്ധനബോട്ടുകളും ഹൗസ്ബോട്ടുകളും അനങ്ങിയില്ല. സ്വകാര്യ കയര്‍ ഫാക്ടറികളും പൊതുമേഖലാസ്ഥാപനങ്ങളായ കയര്‍കോര്‍പറേഷന്‍, കയര്‍ഫെഡ് അടക്കമുള്ള സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. കെഎസ്ആര്‍ടിസിയില്‍ രണ്ടാം ദിവസവും ഒരു ജീവനക്കാരന്‍ പോലുമെത്തിയില്ല. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഓട്ടുവ്യവസായവും തെക്കുകിഴക്കന്‍ മേഖലയില്‍ കശുവണ്ടി വ്യവസായവും സ്തംഭിച്ചു. വടക്കന്‍ മേഖലയില്‍ മത്സ്യസംസ്കരണ ഫാക്ടറികളും തുറന്നില്ല. സ്വകാര്യബസുകളും ഓടിയില്ല. ടാക്സിയും ഓട്ടോയും റോഡില്‍ നിന്ന് വിട്ടുനിന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നതോടെ നിരത്തുകളില്‍ ആളും അരങ്ങും ഒഴിഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആദ്യ ട്രേഡ് യൂണിയന്‍ പിറന്നുവീണ ആലപ്പുഴയില്‍ ദേശീയപണിമുടക്കം പോരാട്ട നാള്‍വഴിയില്‍ പുതിയ ചരിത്രം രചിച്ചു.

പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഏരിയാ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ആയിരങ്ങള്‍ പ്രകടനങ്ങളില്‍ പങ്കെടുത്തു. ആലപ്പുഴയില്‍ എവിജെ ജംഷനില്‍ പൊതുയോഗം ചേര്‍ന്ന ശേഷം നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനം നടന്നു. നഗരം ചുറ്റി എവിജെ ജങ്ഷനില്‍ സമാപിച്ചു. പൊതുയോഗം സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ജി സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇ പി മധു(എഐടിയുസി) അധ്യക്ഷനായി. അഡ്വ. കെ പ്രസാദ്, വി എസ് മണി, പി കെ സോമന്‍(സിഐടിയു) ബാബു ജോര്‍ജ് (ഐഎന്‍ടിയുസി), പി ബി പുരുഷോത്തമന്‍(ബിഎംഎസ്), അഡ്വ. വി മോഹന്‍ദാസ്, അഡ്വ. എം എ ബിന്ദു(എഐടിയുസി) പി രാമചന്ദ്രന്‍ (യുടിയുസി), പി ജി സുഗുണന്‍(എച്ച്എംഎസ്), പി ആര്‍ സതീശന്‍(ആള്‍ഇന്ത്യാ യുടിയുസി), മുഹമ്മദ് അലി(എസ്ടിയു) എന്നിവര്‍ സംസാരിച്ചു. പി പി ചിത്തരഞ്ജന്‍ സ്വാഗതം പറഞ്ഞു. മാവേലിക്കരയില്‍ തൊഴിലാളികള്‍ പ്രകടനം നടത്തി. തുടര്‍ന്ന് ചേര്‍ന്ന യോഗം ആര്‍ ഹരിദാസന്‍നായര്‍ ഉദ്ഘാടനംചെയ്തു. തോമസ് ഗീവര്‍ഗീസ്, മധു, സി പി മോഹനചന്ദ്രന്‍, കെ ശ്രീജിത്, കെ ആര്‍ ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു.

ചെങ്ങന്നൂര്‍ ടൗണില്‍ നടന്ന യോഗം ബിഎംഎസ് ജില്ലാ പ്രസിഡന്റ് സി ജി ഗോപകുമാര്‍ ഉദ്ഘാടനംചെയ്തു. സി കെ ഉദയകുമാര്‍ അധ്യക്ഷനായി. പി ജി രാജപ്പന്‍, എം കെ മനോജ്, വി വി അജയന്‍ എന്നിവര്‍ സംസാരിച്ചു. കൊല്ലകടവ്, മുളക്കുഴ, തിരുവന്‍വണ്ടൂര്‍, കല്ലിശേരി, വെണ്‍മണി, കല്ല്യാത്ര എന്നിവിടങ്ങളില്‍ പ്രകടനവും യോഗവും നടന്നു. മാന്നാര്‍, ചെന്നിത്തല, പാണ്ടനാട്, ബുധനൂര്‍ എന്നീ മേഖലകളില്‍ പ്രകടനങ്ങളും യോഗവും നടന്നു. കൈനകരി ജിപിഎം പാലത്തിനുസമീപം നടന്ന യോഗം പി ജി ഷിജിമോന്‍ ഉദ്ഘാടനംചെയ്തു. കൈനകരി നോര്‍ത്തില്‍ യോഗം പി ജി സനല്‍കുമാര്‍ ഉദ്ഘാടനംചെയ്തു. അരൂരില്‍ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും ചേര്‍ന്നു. സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്തു. ടി കെ തങ്കപ്പന്‍ അധ്യക്ഷനായി. സി ആര്‍ ആന്റണി, പോള്‍, ടി ബി ഉണ്ണിക്കൃഷ്ണന്‍, ബി കെ ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചന്തിരൂര്‍, എരമല്ലൂര്‍, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍ എന്നിവിടങ്ങളിലും യോഗവും പ്രകടനവും നടന്നു. കഞ്ഞിക്കുഴി, മാരാരിക്കുളം ഏരിയകളിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടന്നു. എല്‍ഡിഎഫ് നേതൃത്വത്തില്‍ ചാരുംമൂട് ഏരിയയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടന്നു.

ചേര്‍ത്തലയില്‍ പ്രകടനാനന്തരം ചേര്‍ന്ന യോഗം കെ എന്‍ സെയ്തുമുഹമ്മദ് ഉദ്ഘാടനംചെയ്തു. കെ കെ ചെല്ലപ്പന്‍ അധ്യക്ഷനായി. കെ ജി ശശിധരന്‍, അഡ്വ. എന്‍ വി സാബു, കെ വി ഉദയഭാനു, എസ് ശ്രീകുമാര്‍, കെ പി പ്രതാപന്‍, കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കായംകുളം മിനി സിവില്‍സ്റ്റേഷനിലെ ചില ജീവനക്കാര്‍ എത്തിയെങ്കിലും സമരക്കാരുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് ജീവനക്കാര്‍ പിന്തിരിയുകയായിരുന്നു. നിര്‍മാണമേഖലയിലും പണിമുടക്ക് പൂര്‍ണമായി. പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും യോഗവും നടത്തി. പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനു സമീപം നടന്ന യോഗത്തില്‍ പി ഗാനകുമാര്‍ അധ്യക്ഷനായി. എം എ അലിയാര്‍, പി അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പണിമുടക്ക് ചരിത്രം കുറിച്ചു

കോട്ടയം: ജനവിരുദ്ധ നയങ്ങളില്‍ പൊറുതിമുട്ടുന്നവര്‍ക്കുവേണ്ടി തൊഴിലാളി വര്‍ഗം നടത്തിയ 48 മണിക്കൂര്‍ ദേശീയ പ്രക്ഷോഭം നാട് ഒരേ മനസ്സോടെ ഏറ്റെടുത്തു. അത് പോരാട്ട ചരിത്രത്തില്‍ വേറിട്ട ഇതിഹാസമായി. 10 ആവശ്യങ്ങളുയര്‍ത്തി 10കോടി ഇന്ത്യന്‍ തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭത്തില്‍ കോട്ടയം ജില്ലയും അര്‍ഥവത്തായ പങ്ക് വഹിച്ചു. ഗ്രാമങ്ങളില്‍ പോലും ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍വരെ അടഞ്ഞുകിടക്കുകയും അടിയന്തരകാര്യങ്ങള്‍ക്കല്ലാതെ ഇരുചക്രവാഹനംപോലും നിരത്തിലിറക്കാതെയും ജനങ്ങള്‍ നല്‍കിയ ഐക്യദാര്‍ഢ്യം ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടില്ല. ജില്ലയില്‍ പണിമുടക്കിന്റെ ഒന്നാം നാളിലെ അനുഭവംതന്നെയായിരുന്നു രണ്ടാം ദിവസവും. എല്ലാം നിശ്ചലമായിരുന്നു. ആദ്യനാളിലെപ്പോലെ എല്ലാ കേന്ദ്രങ്ങളിലും പ്രകടനവും യോഗവും നടത്തി. കോട്ടയം നഗരത്തില്‍ പഴയ പൊലീസ്സ്റ്റേഷന്‍ മൈതാനിയില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പ്രൈവറ്റ്ബസ്്സ്റ്റാന്‍ഡില്‍ സമാപിച്ചു. ആദ്യനാളിലെ പണിമുടക്കില്‍ പൊലീസ് ലാത്തിച്ചാര്‍ജിലടക്കം രക്തസാക്ഷികളായ മൂന്ന് സഹപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചശേഷമാണ് യോഗം തുടങ്ങിയത്. പണിമുടക്ക് സമ്പൂര്‍ണ വിജയമാക്കിയ തൊഴിലാളികളെയും പൊതുജനങ്ങളെയും നേതാക്കള്‍ അഭിവാദ്യം ചെയ്തു. സമസ്ത വിഭാഗം ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രക്ഷോഭത്തിന്റെ ഗൗരവം കുറച്ചുകാട്ടാന്‍ ശ്രമിച്ച മാധ്യമകാപട്യങ്ങളെ നേതാക്കള്‍ തുറന്നുകാട്ടി. രാഷ്ട്രീയ വര്‍ഗ-വര്‍ണ ദേഭമെന്യേ തൊഴിലാളിവര്‍ഗത്തിന്റെ ഐക്യനിര കാണാതെ മദ്യക്കുപ്പിക്കുചുറ്റും നൃത്തം ചെയ്തവരിലേക്ക് ക്യാമറതിരിക്കുന്നവര്‍ക്ക് പ്രക്ഷോഭത്തിന്റെ വിജയം അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ ചുണ്ടിക്കാട്ടി.

യോഗത്തില്‍ ഐഎന്‍ടിയുസി ജില്ലാപ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷനായി. വിവിധ ട്രേഡ് യൂണിയന്‍ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ ജെ തോമസ്, വി ആര്‍ ഭാസ്കരന്‍ (സിഐടിയു), അഡ്വ. വി ബി ബിനു (എഐടിയുസി), ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, കെ എന്‍ മോഹനന്‍, തുളസീദാസ് (ബിഎംഎസ്, വി പി കൊച്ചുമോന്‍ (എഐടിയുസി), പി കെ ആനന്ദക്കുട്ടന്‍ (എന്‍എല്‍സി), എം കെ ദിലീപ് (ടിയുസിഐ), സജി ചമ്പേട്ട് (കെടിയുസി), എന്‍ എം മൈക്കിള്‍ (എച്ചഎംഎസ്) എന്നിവര്‍ സംസാരിച്ചു. വി എന്‍ വാസവന്‍, ടി ആര്‍ രഘുനാഥന്‍, പി ജെ വര്‍ഗീസ്, ഒപിഎ സലാം, കെ എന്‍ മോഹനന്‍, എ ജി അജയകുമാര്‍, മോഹന്‍ദാസ് ഉണ്ണിമഠം, മാത്യു കുളങ്ങര, ബി രാമചന്ദ്രന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. യോഗത്തിനിടെ വഴിയോരകച്ചവടതൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാകമ്മിറ്റിയംഗം കോട്ടയം ഷാജിയുടെ മാജിക്ഷോയും ഉണ്ടായിരുന്നു. പ്രകടനത്തിനെത്തിയവര്‍ക്ക് സംയുക്തട്രേഡ് യൂണിയന്‍ മണ്ഡലം കമ്മിറ്റി ഭക്ഷണവും കരുതിയിരുന്നു.

പണിമുടക്ക് ചരിത്ര വിജയം

ഇടുക്കി: സമര ഐക്യത്തിന്റെയും തൊഴിലാളി മുന്നേറ്റത്തിന്റെയും സുവര്‍ണമുദ്ര ചാര്‍ത്തിയ 48 മണിക്കൂര്‍ പണിമുടക്കിന് ജില്ലയില്‍ ചരിത്ര വിജയം. ദേശീയ പണിമുടക്കില്‍ അണിചേര്‍ന്ന പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്കൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പില്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ കൂടി അണിചേര്‍ന്നു. ഇതോടെ ദേശീയ പ്രക്ഷോഭത്തിന്റെ രണ്ടാം നാളിലും ഇടുക്കി നിശ്ചലമായി. ജില്ലയുടെ കവാട നഗരമായ തൊടുപുഴയിലും സമീപ പഞ്ചായത്തുകളിലും പണിമുടക്കിയ തൊഴിലാളികള്‍ പ്രക്ഷോഭത്തിന്റെ രണ്ടാം ദിവസവും വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടന്നു. തൊഴിലാളികള്‍ക്കൊപ്പം ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ പങ്കെടുത്തു. തൊടുപുഴ മുനിസിപ്പല്‍ ടൗണില്‍ പ്രകടനം നടന്നു. രാവിലെ ഗാന്ധി സ്ക്വയറിന് സമീപത്ത് കേന്ദ്രീകരിച്ച തൊഴിലാളികള്‍ പട്ടണത്തിലെ പ്രധാന വീഥിയിലൂടെ സഞ്ചരിച്ച് പഴയ ബസ് സ്റ്റാന്‍ഡിനു മുമ്പിലെത്തി റോഡിലിരുന്ന് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കി.

തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ സിഐടിയു തൊടുപുഴ ഏരിയ സെക്രട്ടറി ടി ആര്‍ സോമന്‍ അധ്യക്ഷനായി. സിപിഐ എം തൊടുപുഴ ഏരിയ സെക്രട്ടറി വി വി മത്തായി, സിപിഐ തൊടുപുഴ താലൂക്ക് സെക്രട്ടറി പി പി ജോയി, എന്‍ജിഒ യൂണിയന്‍ സംസ്ഥാനകമ്മിറ്റിയംഗം പി എം ഫിറോസ്, സിബി വര്‍ഗീസ്, വിജയകുമാര്‍, എ എസ് ജയന്‍, പി കെ ജോണ്‍, രാജേന്ദ്രന്‍ പോത്തനാശേരില്‍, ബാബു മഞ്ഞള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. തൊടുപുഴയ്ക്കുപുറമെ കരിങ്കുന്നം, പുറപ്പുഴ, മണക്കാട്, ഇടവെട്ടി, കുമാരമംഗലം, കരിമണ്ണൂര്‍, വണ്ണപ്പുറം, കോടിക്കുളം, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലും പണിമുടക്കിനോടനുബന്ധിച്ച് പ്രകടനങ്ങള്‍ നടന്നു. പണിമുടക്കിന്റെ രണ്ടാം ദിനം അടിമാലി ഏരിയയിലെ കുഞ്ചിത്തണ്ണി, ആനച്ചാല്‍, വെള്ളത്തൂവല്‍, ഇരുമ്പുപാലം, പത്താംമൈല്‍, കുരിശുപാറ, മാങ്കുളം എന്നിവിടങ്ങില്‍ പൂര്‍ണമായിരുന്നു. കട കമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ഈസ്റ്റേണ്‍ ഫാക്ടറികളും അടഞ്ഞു കിടന്നു. വല്ലപ്പോഴും കടന്നു പോകുന്ന ഇരുചക്ര വാഹനങ്ങളൊഴിച്ചാല്‍ വീഥികള്‍ വിജനമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഏരിയയിലെ വിവിധ കേന്ദ്രങ്ങളില്‍ നൂറു കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത പന്തംകൊളുത്തി പ്രകടനം നടന്നു. കല്ലാര്‍, കുരിശുപാറ, മാങ്കുളം മേഖലകളിലെ തോട്ടം തൊഴിലാളികള്‍ പണിമുടക്കി. പണിമുടക്ക് മൂന്നാറില്‍ പൂര്‍ണം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. തോട്ടം മേഖല സ്തംഭിച്ചു. വിനോദസഞ്ചാരികളെത്തിയില്ല. പണിമുടക്ക് സമാധാനപരമായിരുന്നു.

പണിമുടക്കിനോടനുബന്ധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ മൂന്നാര്‍ ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ, എസ് സുന്ദരമാണിക്യം, പി മുത്തുപ്പാണ്ടി, പി പഴനിവേല്‍, എ കെ മണി, ജി മുനിയാണ്ടി എന്നിവര്‍ സംസാരിച്ചു.സിഐടിയു നേതൃത്വത്തില്‍ ദേവികുളത്ത് പ്രകടനവും യോഗവും നടത്തി. നേതാക്കളായ വി ഒ ഷാജി, ആര്‍ ഈശ്വരന്‍ എന്നിവര്‍ സംസാരിച്ചു. പണിമുടക്ക് മൂലമറ്റത്ത് രണ്ടാം ദിവസവും പൂര്‍ണം. മൂലമറ്റം, അശോക, കാഞ്ഞാര്‍, കോളപ്ര, മുട്ടം, ആലക്കോട്, ഇളംദേശം, പൂമാല, കുളമാവ് എന്നിവിടങ്ങളില്‍ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. മൂലമറ്റത്ത് നടന്ന യോഗത്തില്‍ കെഎസ്കെടിയു ജില്ലാ വൈസ്പ്രസിഡന്റ് കെ എല്‍ ജോസഫ്, പി ഡി സുമോന്‍, പി കെ ഗോപന്‍, പി ബി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. രാജാക്കാട് , ശാന്തന്‍പാറ ഏരിയകളില്‍ പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണം. മറയൂരിലും ചെറുതോണിയിലും പണിമുടക്ക് പൂര്‍ണമായി. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ 48 മണിക്കൂര്‍ പണിമുടക്ക് പണിമുടക്ക് കട്ടപ്പനയില്‍ രണ്ടാം ദിവസവും പൂര്‍ണമായി. കച്ചവട സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചില്ല. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ വാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടന്നു. ജീവനക്കാരും സ്കൂളുള്‍ കോളേജ് അധ്യാപകരും പണിമുടക്കി. തോട്ടം-കാര്‍ഷിക, നിര്‍മാണ മേഖലകള്‍ സ്തംഭിച്ചു. പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ രാവിലെ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ കെ ആര്‍ സോദരന്‍, എന്‍ ശിവരാജന്‍, വി ആര്‍ സജി, ടി എ ടോമി, ടോമി ജോര്‍ജ്, വി ആര്‍ ശശി, കെ എന്‍ വാസു, മോഹന്‍ദാസ്, രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു. നെടുങ്കണ്ടത്ത് ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെയും വൈകിട്ടും പ്രകടനം നടന്നു. രാവിലെ നടന്ന യോഗത്തില്‍ നേതാക്കളായ എം സുകുമാരന്‍, ബി വിജയന്‍, തമ്പി സുകുമാരന്‍ എം എസ് മഹേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. വണ്ടിപ്പെരിയാര്‍, കുമളി, പീരുമേട് മേഖലകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു.

പോരാട്ടത്തില്‍ പുതുചരിത്രം

കൊച്ചി: തൊഴിലാളിവര്‍ഗത്തിന്റെ സമരപോരാട്ടത്തില്‍ പുതുചരിത്രം എഴുതിയ 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന് ജില്ലയില്‍ മഹത്തായ വിജയം. രണ്ടു ദിനവും പൂര്‍ണമായും കടകളടച്ചും യാത്ര ഒഴിവാക്കിയും പണിമുടക്കിയും എല്ലാവിഭാഗം ജനങ്ങളും പണിമുടക്കില്‍ പങ്കാളികളായി. സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളം പൂര്‍ണമായും സ്തംഭിച്ചു. ജില്ലയില്‍ 60,000ത്തോളം ചില്ലറ കച്ചവടക്കാര്‍ കട തുറന്നില്ല. വ്യാപാര-വ്യാവസായിക-വാണിജ്യ സംഘടനകളും പണിമുടക്കിനോട് സഹകരിച്ചപ്പോള്‍ പണിമുടക്ക് ചരിത്രവിജയം നേടി. കര്‍ഷകത്തൊഴിലാളികളും തൊഴിലുറപ്പുപദ്ധതി തൊഴിലാളികളും വ്യാപാരമേഖലയും ഉള്‍പ്പെടെ 12 ലക്ഷം പേര്‍ നേരിട്ട് ജില്ലയില്‍ പണിമുടക്കി. ചരിത്രം മാറ്റിമറിച്ച് ഐടി മേഖലയുടെ പങ്കാളിത്തവും പണിമുടക്കില്‍ നിര്‍ണായകമായി. ഇന്‍ഫോ പാര്‍ക്കില്‍ രണ്ടു ദിവസവും 40 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു ഹാജര്‍. രണ്ടാം ദിനത്തിലും കാക്കനാട് പ്രത്യേക സാമ്പത്തികമേഖലയില്‍ പകുതിയോളം തൊഴിലാളികള്‍ ഹാജരാകാതിരുന്നത് പണിമുടക്കിന്റെ തിളക്കം വര്‍ധിപ്പിച്ചു. വ്യാവസായികമേഖല പൂര്‍ണമായി സ്തംഭിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടില്‍ അഞ്ചു ഡിവിഷനുകളിലും പണിമുടക്ക് പൂര്‍ണമായി. വ്യവസായമേഖലയില്‍ എച്ച്എംടി, എച്ച്ഐഎല്‍, ടിസിസി, ഐആര്‍ഇ, കാംകോ, ഗവ. പ്രസ് എന്നിവിടങ്ങളില്‍ അവശ്യസര്‍വീസ് ഒഴികെ ബാക്കിയെല്ലാം അടഞ്ഞുകിടന്നു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഭീഷണികളെ മറികടന്ന് ഗ്രൗണ്ട് ഹാന്‍ഡ്ലിങ്, ഹൗസ് കീപ്പിങ് തൊഴിലാളികള്‍ രണ്ടാം ദിനത്തിലും പണിമുടക്കിയത് ഭീഷണി മുഴുക്കിയ വിമാനക്കമ്പനികള്‍ക്ക് കനത്ത പ്രഹരമായി. കുടിവെള്ളം മുടക്കാതെ വാട്ടര്‍ അതോറിറ്റി ജീവനക്കാരും വൈദ്യുതി മുടക്കാതെ കെഎസ്ഇബി ജീവനക്കാരും പണിമുടക്കില്‍ അണിചേര്‍ന്നു. ടൂറിസ്റ്റുകളെയും ഇതര സംസ്ഥാനങ്ങളില്‍നിന്നു വന്നവരെയും പണിമുടക്കിയവര്‍ തടസ്സപ്പെടുത്തിയില്ല. ഇരുചക്ര വാഹനങ്ങള്‍ പേരിനുമാത്രം ഓടി. കൊച്ചിന്‍ റിഫൈനറി, കൊച്ചി കപ്പല്‍ശാല, കൊച്ചി തുറമുഖം, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ എന്നിവിടങ്ങളില്‍ എല്ലാ തൊഴിലാളിസംഘടനകളും രണ്ടാം ദിനത്തിലും പണിമുടക്കി. കെഎസ്ആര്‍ടിസി, സ്വകാര്യബസ്, ഓട്ടോറിക്ഷ, ലോറി, കാര്‍, ബോട്ട് തൊഴിലാളികള്‍ സര്‍വീസ് നിര്‍ത്തി. കലക്ടറേറ്റില്‍ 90 ശതമാനത്തിലധികം പേരും രണ്ടാം ദിനത്തിലും പണിമുടക്കില്‍ പങ്കാളികളായി. വില്ലേജ്-താലൂക്ക് ഓഫീസുകള്‍, ട്രഷറി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും പണിമുടക്കി. ബാങ്ക്, ടെലികോം, ഇന്‍ഷുറന്‍സ്, തപാല്‍, വൈദ്യുതി മേഖലകളില്‍ 100 ശതമാനം പേരും രണ്ടാം ദിനത്തിലും ജോലിക്ക് എത്തിയില്ല. നിര്‍മാണം, കയറ്റിറക്ക്, മത്സ്യബന്ധനം എന്നീ വിഭാഗങ്ങളില്‍ പണിമുടക്ക് സമ്പൂര്‍ണമായിരുന്നു.

അങ്കണവാടി, ആശ, ഖാദി, മഹിളാപ്രധാന്‍, തൊഴിലുറപ്പുപദ്ധതി, കുടുംബശ്രീ അക്കൗണ്ടന്റുമാര്‍, ചെത്ത്, ബിവറേജസ്, തൊഴിലാളികളും പണിമുടക്കില്‍ പൂര്‍ണമായും അണിചേര്‍ന്നു. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറി ഉള്‍പ്പെടെ ജില്ലയിലെ കാല്‍ ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ രണ്ടു ദിനവും ക്യാമ്പ് വിട്ട് പുറത്തിറങ്ങിയില്ല. ചെറുകിട വ്യവസായമേഖലയിലെ എടയാര്‍, കളമശേരി, വാഴക്കുളം, അങ്കമാലി, ഐരാപുരം, പള്ളുരുത്തി എന്നിവിടങ്ങളിലെ എസ്റ്റേറ്റുകളില്‍ രണ്ടാം ദിനവും ആരും ജോലിക്കു കയറിയില്ല. കാലടി പ്ലാന്റേഷനില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. എറണാകുളം ഹൈക്കോടതി ജങ്ഷന്‍, വൈറ്റില, കാക്കനാട്, കളമശേരി, മുനമ്പം, ചെറായി, ഗോശ്രീ ജങ്ഷന്‍, തോപ്പുംപടി, പറവൂര്‍, ആലുവ, അമ്പലമുകള്‍, തൃപ്പൂണിത്തുറ, കോലഞ്ചേരി, പിറവം, മൂവാറ്റുപുഴ, കോതമംഗലം, അങ്കമാലി, കാലടി, നെടുമ്പാശേരി, പെരുമ്പാവൂര്‍, മുളന്തുരുത്തി എന്നിവിടങ്ങളില്‍ 48 മണിക്കൂറും പണിമുടക്ക് സമരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു. നൂറുകണക്കിനു തൊഴിലാളികള്‍ ഇവിടെയെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

രണ്ടാംനാളിലും നിശ്ചലം ചരിത്രം കുറിച്ച മുന്നേറ്റം

തൃശൂര്‍: നാടിന്റെ സമസ്ത ചലനങ്ങളും നിശ്ചലമാക്കിയ ട്രേഡ്യൂണിയന്‍ സംയുക്ത സമിതിയുടെ ദേശീയ പണിമുടക്ക് ജില്ലയില്‍ രണ്ടാം നാളും പൂര്‍ണം. 48 മണിക്കൂര്‍ നാടിനെ സ്തംഭിപ്പിച്ച തൊഴിലാളി വര്‍ഗം സമരേതിഹാസത്തില്‍ എഴുതിച്ചേര്‍ത്തത് കരുത്തിന്റെയും ഐക്യത്തിന്റെയും പുതിയ സന്ദേശം. പണിമുടക്ക് ജനം അംഗീകരിക്കുന്നില്ലെന്ന പിന്തിരിപ്പന്‍ ശക്തികളുടെയും മാധ്യമങ്ങളുടെയും പ്രചാരണങ്ങളെ തിരുത്തിക്കുറിക്കുന്നതായിരുന്നു ദേശീയ പണിമുടക്കിന് ലഭിച്ച പിന്തുണ. ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങി വ്യാഴാഴ്ച അര്‍ധരാത്രിവരെ നടന്ന പണിമുടക്ക് തൊഴിലാളിവര്‍ഗത്തിന് അഭിമാനകരമായി. വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കൊപ്പം ജീവനക്കാരും അധ്യാപകരും പണിമുടക്കിയതോടെ സര്‍ക്കാര്‍, വിദ്യാഭ്യാസ മേഖലകളും സ്തംഭിച്ചു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓട്ടോ-ടാക്സി-ടെമ്പോ സര്‍വീസുകളും പൂര്‍ണമായി നിലച്ചു. കടകമ്പോളങ്ങള്‍ രണ്ടാം ദിവസവും തുറന്നില്ല. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും അപൂര്‍വമായാണ് നിരത്തിലിറങ്ങിയത്. ജില്ലയിലെ വ്യവസായ, തൊഴില്‍, വാണിജ്യ മേഖലകളിലെല്ലാം ബന്ദിന്റെ പ്രതീതിയായി. തൃശൂര്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും രണ്ടു ദിവസവും സര്‍വീസുകളൊന്നും നടത്തിയില്ല. ട്രെയിനുകള്‍ മുടക്കമില്ലാതെ ഓടിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. ബാങ്കുകളടക്കം ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല.

വിലക്കയറ്റം സമസ്ത മേഖലകളിലുള്ളവരേയും ബാധിക്കുന്നതിന്റെ തെളിവായി രാഷ്ട്രീയ ഭേദമെന്യേ ജനം പണമുടക്കിന് പിന്തുണ നല്‍കുകയായിരുന്നു. യാത്ര ഒഴിവാക്കിയും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും അവര്‍ പണിമുടക്കിനോട് സഹകരിച്ചു. തൊഴിലവകാശങ്ങള്‍ ലംഘിക്കുന്നതിലും മിനിമംകൂലി നടപ്പാക്കാത്തതിലും ഇന്ധന വില വര്‍ധിപ്പിച്ച് വിലക്കയറ്റം സൃഷ്ടിക്കുന്നതിലുമെല്ലാമുള്ള തൊഴിലാളികളുടെ രോഷമാണ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പണിമുടക്കില്‍ പ്രകടമായത്. പതിനൊന്ന് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ പണിമുടക്കിന് അധാരമായി ഉയര്‍ത്തിയ ആവശ്യങ്ങള്‍ സാധാരണക്കാരായ മുഴുവന്‍ ജനങ്ങളേയും ബാധിക്കുന്നതാണെന്നതും പണിമുടക്കിന്റെ വിജയത്തിന് കാരണമായി. പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി. പണിമുടക്കിന്റെ ആദ്യനാള്‍ രക്തസാക്ഷിത്വം വരിച്ച മൂന്ന് തൊഴിലാളികള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചുകൊണ്ടാണ് പൊതുയോഗങ്ങള്‍ തുടങ്ങിയത്. പണിമുടക്ക് ചരിത്രവിജയമാക്കിയ മുഴുവന്‍ തൊഴിലാളികളേയും സഹകരിച്ച ജനങ്ങളേയും ജില്ലാ ട്രേഡ്യൂണിയന്‍ സംയുക്തസമിതി അഭിവാദ്യം ചെയ്തു.

പുതുചരിത്രം

കോഴിക്കോട്: തൊഴിലാളി മുന്നേറ്റത്തില്‍ കോഴിക്കോട് പൂര്‍ണമായി നിശ്ചലമായി. സമരചരിത്രത്തില്‍ പുതിയ താള്‍ എഴുതിയാണ് വ്യാഴാഴ്ച അര്‍ധരാത്രി പണിമുടക്ക് സമാപിച്ചത്. നാടിനെ തകര്‍ക്കുന്ന ദ്രോഹനയങ്ങള്‍ക്കെതിരെ പണിയെടുക്കുന്നവരെല്ലാം യോജിച്ചണിനിരന്ന പണിമുടക്കിന് ബഹുജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. 48 മണിക്കൂര്‍ നീണ്ട സമരം അപൂര്‍വവും പുതുമയാര്‍ന്നതുമായ അനുഭവമാണ് തൊഴിലാളികള്‍ക്കും നാടിനും സമ്മാനിച്ചത്. എന്നാല്‍ തികച്ചും സമാധാനപൂര്‍ണമായിരുന്നു ജില്ലയില്‍ രണ്ടുദിവസവും പണിമുടക്ക്. അക്രമങ്ങളെന്ന് മുറവിളികൂട്ടുന്ന ചാനല്‍പ്പടയും മാതൃഭൂമി-മനോരമാദി പത്രങ്ങളും എന്നിട്ടും കള്ളക്കഥകള്‍ നിരത്തിയിട്ടുണ്ട്. വ്യാഴാഴ്ചയും കടകമ്പോളങ്ങളും പണിശാലകളുമെല്ലാം അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് അങ്ങിങ്ങ് കാണപ്പെട്ടത്. രാജ്യത്തെ രക്ഷിക്കാനുള്ള മുദ്രാവാക്യമുയര്‍ത്തിയുള്ള സമരത്തോട് നാടും നാട്ടുകാരുമൊന്നാകെ അനുഭാവപൂര്‍വം പ്രതികരിച്ചതാണ് രണ്ടാംനാളും നിശ്ചലമാകാന്‍ കാരണം. പണിശാലകളിലും തൊഴിലിടങ്ങളിലുമെല്ലാം സ്തംഭനം തുടര്‍ന്നു. കാര്‍ഷിക-വ്യാവസായിക മേഖലകളും വാണിജ്യ-വിദ്യാഭ്യാസ രംഗവും നിശ്ചലമായി. സ്വകാര്യ-കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. പെട്ടിക്കട മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ബാങ്കുകളും വരെ തുറന്നില്ല. കലക്ടറേറ്റ് മുതല്‍ വില്ലേജ് ഓഫീസ്വരെ ഭരണകേന്ദ്രങ്ങളിലെല്ലാം പ്രവര്‍ത്തനം മുടങ്ങി. ഉന്നതരായ പല ഭരണത്തലവരും ജോലിക്ക് ഹാജരായില്ല. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും സംഘടിത തൊഴിലാളിവിഭാഗത്തിന്റെ സമരത്തില്‍ പൂര്‍ണതോതില്‍ പങ്കാളികളായി. പണിമുടക്ക് സര്‍വീസ്-വിദ്യാഭ്യാസമേഖലയേയും സ്തംഭിപ്പിച്ചു. ജില്ലയില്‍ ഒറ്റ സ്കൂളും കോളേജും വ്യാഴാഴ്ചയും തുറന്നില്ല. ഓട്ടുകമ്പനികള്‍, ചെരിപ്പുകമ്പനികള്‍ എന്നിവയൊന്നും പ്രവര്‍ത്തിച്ചില്ല. കോഴിക്കോട് വലിയങ്ങാടിയും മിഠായിത്തെരുവും ശൂന്യമായി.

പണിമുടക്കിയ തൊഴിലാളികള്‍ വിവിധ പ്രദേശങ്ങളില്‍ സംയുക്തമായി പ്രകടനം നടത്തി. കോഴിക്കോട് മുതലക്കുളത്തു നിന്നാരംഭിച്ച് ലിങ്ക്റോഡില്‍ സമാപിച്ചു. ബുധനാഴ്ച പണിമുടക്കിന് നേതൃത്വം നല്‍കി അംബാലയിലും നോയിഡയിലുമായി രക്തസാക്ഷിത്വം വരിച്ച മൂന്നു തൊഴിലാളി പ്രവര്‍ത്തകരുടെ ഓര്‍മയെ അഭിവാദ്യം ചെയ്താണ് യോഗം ആരംഭിച്ചത്. ലിങ്ക്റോഡില്‍ ചേര്‍ന്ന യോഗത്തില്‍ സി പി സുലൈമാന്‍ രക്തസാക്ഷിപ്രമേയം അവതരിപ്പിച്ചു. ഒ കെ ധര്‍മരാജന്‍ അധ്യക്ഷനായി. ഐഎന്‍ടിയുസി ദേശീയ പ്രവര്‍ത്തകസമിതി അംഗം എം പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് അഡ്വ. എം രാജന്‍, ഇ സി സതീശന്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, പി ശശിധരന്‍, അഡ്വ. പി എം നിയാസ്, കെ ടി ബാബു, എം ശങ്കരന്‍കുട്ടി, പി വി മാധവന്‍, ടി ഇബ്രാഹിം, പി കെ ലക്ഷ്മീദാസ്, ബിജു ആന്റണി, പി രാധാകൃഷ്ണന്‍, വി വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടി ദാസന്‍ സ്വാഗതവും സനല്‍കുമാര്‍ നന്ദിയും പറഞ്ഞു. ദേശീയ പണിമുടക്കിന്റെ രണ്ടാംദിവസവും എല്‍ഐസിയില്‍ പണിമുടക്ക് പൂര്‍ണം. പണിമുടക്കിയ ജീവനക്കാര്‍ എല്‍ഐസി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രകടനം നടത്തി. എല്‍ഐസി ഡിവിഷണല്‍ ഓഫീസിന് മുമ്പില്‍ എഐഐഇഎ വൈസ് പ്രസഡന്റ് എം കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു. എല്‍ഐസി ബ്രാഞ്ച് ഒന്നിന് മുമ്പിലും ബ്രാഞ്ച് രണ്ടിന് മുമ്പിലും പ്രകടനമുണ്ടായി.

വയനാടും ഏകമനസ്സോടെ

കല്‍പ്പറ്റ: ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സംയുക്തട്രേഡ് യുണിയന്‍ ആഭിമുഖ്യത്തില്‍ നടന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ ജില്ലയില്‍ ജനജീവിതം സ്തംഭിച്ചു. പെട്രോളിനും ഡീസലിനും അവശ്യസാധനങ്ങള്‍ക്കും പാചകവാതകത്തിനും വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെയുളള ഒറ്റക്കെട്ടായ പ്രതിഷേധം ഐതിഹാസിക സമരമായി മാറി. പണിമുടക്കിന് കക്ഷി രാഷ്ട്രീയഭേദമന്യേ ജനങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനാല്‍ ജില്ലയില്‍ രണ്ടുദിവസവും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. സകലവിഭാഗം ജനങ്ങളെയും ദുരിതത്തിലാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ നടന്ന രാജ്യവ്യാപക പ്രതിഷേധത്തില്‍ വയനാട് ഒറ്റ മനസോടെ കൈകോര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്ന ജില്ലയാണ് വയനാട്. സര്‍ക്കാര്‍ നയങ്ങള്‍ കര്‍ഷകനെ അനുദിനം പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഉല്‍പ്പാദന തകര്‍ച്ചക്ക് പുറമേ നവ ഉദാരവത്കരണനയങ്ങളും കര്‍ഷകര്‍ക്ക് കനത്ത പ്രഹരമാണ്. രാസവള വിലവര്‍ദ്ധവും ഇന്ധന വില വര്‍ദ്ധനവും കാര്‍ഷിക ഉത്പാദന ചെലവ് വര്‍ദ്ധിപ്പിച്ചതിനാല്‍ ഭൂരിഭാഗവും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരത്തെ വയനാട് ഏക മനസ്സോടെ പിന്തുണച്ചത്. കാര്‍ഷികമേഖലയടക്കം ജില്ലയിലെ സര്‍വ മേഖലയും നിശ്ചലമായി. വൈദ്യുതി,പെട്രോള്‍, വാര്‍ത്തവിനിമയം,തപാല്‍ തുടങ്ങി സമസ്ത മേഖലകളും പണിമുടക്കില്‍ പങ്കുചേര്‍ന്നു. തോട്ടം മേഖലയും സ്തംഭിച്ചു.ഫാക്ടറികള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിച്ചില്ല. എവിടി ചുളിക്ക, റിപ്പണ്‍, അരപ്പറ്റ, ചൂരല്‍മല എന്നിവിടങ്ങളിലെല്ലാം തൊഴിലാളികള്‍ പ്രതിഷേധത്തില്‍ അണിനിരന്നു. വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വിവിധ കേന്ദ്രങ്ങളില്‍ തൊഴിലാളി പ്രകടനവും ഉണ്ടായി. പ്രധാന നഗരങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ പന്തല്‍ കെട്ടി ഭക്ഷണം പാകംചെയ്ത് സമരത്തിന് ആവേശം പകര്‍ന്നു. ജില്ലയിലെ വിദ്യാലയങ്ങള്‍ രണ്ട് നാളും പ്രവര്‍ത്തിച്ചില്ല. കലക്ടറേറ്റ്, ആര്‍ഡിഒ ഓഫീസ്, പഞ്ചായത്ത് വില്ലേജ് ഓഫീസുകള്‍ എന്നിവയൊന്നും തുറന്നുപ്രവര്‍ത്തിച്ചില്ല.

ചൂരല്‍മലയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ പ്രകടനവും പൊതുയോഗവും നടത്തി. യോഗത്തില്‍ എ എം ഹംസ അധ്യക്ഷനായി. കെ ടി ബാലകൃഷ്ണന്‍, സുകുമാരന്‍, ലത്തീഫ്, സാജുമോന്‍,വി എ സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. ബത്തേരിയില്‍ നടന്ന പ്രകടനത്തിന് ടി കെ രാമചന്ദ്രന്‍, കെ സി യോഹന്നാന്‍,പി പ്രഭാകരന്‍ നായര്‍, ഇബ്രാഹിം കൈതൊടി എന്നിവര്‍ നേതൃത്വം നല്‍കി. മീനങ്ങാടിയില്‍ നടന്ന പ്രകടനത്തിന് പി ടി ഉലഹന്നാന്‍, പി വി സുന്ദ്രേന്‍, കെ മുഹമ്മദാലി, എന്നിവര്‍ നേതൃത്വം നല്‍കി. പൊഴുതനയിലും വൈത്തിരിയിലും ചുണ്ടയിലും പ്രകടനവും യോഗവും നടന്നു. പാഴുതനയില്‍ എം സെയ്ത്, സി എച്ച് മമ്മി, ക എ ഹനീഫ എന്നിവര്‍ സംസാരിച്ചു. വൈത്തിരിയില്‍ പി ഗഗാറിന്‍, ശക തോമസ്, കുഞ്ഞമ്മദ്കുട്ടി എന്നിവരും ചുണ്ടയില്‍ കെ മൊഹ്സിന്‍, എം ജനാര്‍ദന്‍, പി ടി വര്‍ഗീസ് എന്നിവരും സംസാരിച്ചു. മുട്ടില്‍ ഉജ്വല പ്രകടനം നടന്നു. യോഗത്തില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ എം ഡി സെബാസ്റ്റ്യന്‍, പി എം സന്തോഷ്കുമാര്‍, മുഹമ്മദ് പഞ്ചാര, അമ്മാത്ത് വളപ്പില്‍ കൃഷ്ണകുമാര്‍, എന്‍ വി ജോര്‍ജ്, കെ മുഹമ്മദ്കുട്ടി, ജനകന്‍, രാജന്‍ കാളാടന്‍, എം ബി ഫൈസല്‍, സുലൈമാന്‍ പുഞ്ചമഠം എന്നിവര്‍ സംസാരിച്ചു

ജനങ്ങളുടെ താക്കീത്

കണ്ണൂര്‍: ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന് കനത്ത താക്കീത് നല്‍കി 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് സമാപിച്ചു. മുഴുവന്‍ തൊഴിലാളി യൂണിയനുകളും വര്‍ഗ- ബഹുജന- സര്‍വീസ് സംഘടനകളും പണിമുടക്കില്‍ അണിനിരന്നതോടെ കേന്ദ്രനയങ്ങള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയായിരുന്നു.നഗരപ്രദേശങ്ങള്‍ക്ക് പുറമെ ഗ്രാമീണമേഖലയും നിശ്ചലമായതോടെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കുള്ള പ്രതിഷേധത്തിന്റെ ആഴമാണ് തെളിഞ്ഞത്.പണിമുടക്കിയവര്‍ വ്യാഴാഴ്ചയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനവും യോഗവും നടത്തി.

തളിപ്പറമ്പില്‍പ്രകടനവും പൊതുയോഗവും നടത്തി. പൂക്കോത്ത്നട കേന്ദ്രീകരിച്ച് നടന്ന പ്രകടനം ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. കെ കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. സി ഉമ്മര്‍ അധ്യക്ഷനായി. എആര്‍സി നായര്‍, വി വി വേണുഗോപാലന്‍, സി വത്സന്‍, ബിജു എന്നിവര്‍ സംസാരിച്ചു. എം ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ബക്കളത്തുനിന്നും കടമ്പേരിയിലേക്ക് പ്രകടനംനടത്തി. സി അശോക്കുമാര്‍ അധ്യക്ഷനായി. പി മുകുന്ദന്‍, മണിയമ്പാറ കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു. വി വിജയന്‍ സ്വാഗതം പറഞ്ഞു. പാളിയത്തുവളപ്പില്‍ നിന്നും ആരംഭിച്ച പ്രകടനം അഞ്ചാംപീടികയില്‍ സമാപിച്ചു. സിഐടിയു ജില്ലാസെക്രട്ടറി വാടിരവി, ഒ സി പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. കെ ടി പ്രഭാകരന്‍ അധ്യക്ഷനായി. പി വി ബാബുരാജ് സ്വാഗതം പറഞ്ഞു. തളിയില്‍ പൊടിക്കുണ്ട് നിന്നും ആരംഭിച്ച് എകെജി വായനശാലിയില്‍ സമാപിച്ചു. എ ഇ രാഘവന്‍ അധ്യക്ഷനായി. എം വി ജനാര്‍ദനന്‍, കെ പി ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. എം കെ നാരായണന്‍ സ്വാഗതം പറഞ്ഞു. കമ്പില്‍ക്കടവ് കേന്ദ്രീകരിച്ച് നടത്തിയ പ്രകടനം പറശിനിക്കടവില്‍ സമാപിച്ചു. കെ ടി പത്മനാഭന്‍ അധ്യക്ഷനായി. കെ രവീന്ദ്രന്‍ സംസാരിച്ചു. കോള്‍മൊട്ടയിലും കോടല്ലൂരിലും പ്രകടനം നടത്തി. കോള്‍മൊട്ടയില്‍ പി എന്‍ രാജപ്പന്‍ സംസാരിച്ചു. കോടല്ലൂര്‍ ഉദയയില്‍ കെ പി വത്സന്‍, കെ കെ കുഞ്ഞമ്പു, ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 220213

No comments:

Post a Comment