Wednesday, February 27, 2013

പ്രതിരോധവകുപ്പില്‍ വന്‍ അഴിമതി: മാണി ഗ്രൂപ്പ്


ആന്റണിയായാലും ഹരിശ്ചന്ദ്രനായാലും പ്രതിരോധവകുപ്പില്‍ അഴിമതിത്തോണി മുന്നേറുമെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രസിദ്ധീകരണമായ "പ്രതിഛായ". അഴിമതി ആരോപണം കേട്ട് പാര്‍ലമെന്റില്‍ എ കെ ആന്റണി തലയില്‍ കൈവച്ചുകുത്തിയിരിക്കുകയായിരുന്നെന്നും പ്രതിഛായ എഡിറ്റോറിയലില്‍ പറഞ്ഞു. ഫെബ്രുവരി 27ന് പുറത്തിറങ്ങുന്ന ലക്കത്തിലാണ് ആന്റണിക്കെതിരെ രൂക്ഷവിമര്‍ശമുള്ളത്. ഹെലികോപ്റ്റര്‍ കുംഭകോണം രാജ്യത്തിന്റെ പ്രതിരോധതല താഴ്ത്തിയെന്നും മായ്ച്ചാലും മായാത്ത നാണക്കേടിന്റെ വിഴുപ്പുകെട്ടുകളാണ് പ്രതിരോധവകുപ്പിലെന്നും കുറ്റപ്പെടുത്തുന്നു. യുഡിഎഫ് അനൈക്യമുന്നണിയെന്ന് ഏതാനും നാള്‍ മുമ്പ് മാണി ഗ്രൂപ്പ് വാരിക പരിഹസിച്ചതിന് പിന്നാലെ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

ഹെലികോപ്റ്റര്‍ ഇടപാടില്‍ ആരെങ്കിലും കൈക്കൂലി വാങ്ങിയതായി തെളിഞ്ഞാല്‍ ഇടപാട് റദ്ദാക്കാനും അനന്തരനടപടി സ്വീകരിക്കാനും മടിക്കില്ലെന്ന് ആന്റണി മുന്നറിയിപ്പ് നല്‍കിയെങ്കിലും സിബിഐ അന്വേഷണത്തിന് ശേഷമേ ഇതേപ്പറ്റി അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നാണ് നിലപാടെന്ന് എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നു. ആന്റണിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ മൂലമാണ് പ്രതിരോധവകുപ്പിലെ അഴിമതി പലപ്പോഴും പാര്‍ലമെന്റില്‍ കത്തിക്കാളാതെ പോകുന്നത്. പ്രതിരോധ ഇടപാട് സംശുദ്ധമാക്കുന്നതിന് ആന്റണിയുടെ ശ്രദ്ധ പതിയേണ്ടിരിക്കുന്നുവെന്ന് സമീപകാലസംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നതായും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി.

deshabhimani 270213

No comments:

Post a Comment