Saturday, March 9, 2013

കോടതിയില്‍ മൊഴി നല്‍കിയത് പൊലീസ് ഭീഷണിയില്‍: 14-ാം സാക്ഷി


പയ്യോളി മജിസ്ട്രേട്ട് കോടതിയില്‍ രണ്ടുപ്രാവശ്യം മൊഴി കൊടുക്കാനിടയായത് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തന്നെയും അമ്മയെയും പ്രതിയാക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്ന് പ്രോസിക്യൂഷന്‍ 14-ാം സാക്ഷി മാഹി പുതിയപറമ്പത്ത് പി പി വിജേഷ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. 2012 ജൂലൈ രണ്ടിനും ആഗസ്ത് രണ്ടിനുമാണ് പയ്യോളി കോടതിയില്‍ മൊഴി നല്‍കിയത്. രണ്ടുപ്രാവശ്യവും പൊലീസ് ഭീഷണിപ്പെടുത്തി. ആദ്യതവണ പൊലീസ് ക്യാമ്പ് ഓഫീസില്‍നിന്നും രണ്ടാമത് വടകര ഡിവൈഎസ്പി ഓഫീസില്‍നിന്നുമാണ് മൊഴി നല്‍കാന്‍ കോടതിയിലേക്ക് പോയത്. പൊലീസുകാര്‍ കൂടെയുണ്ടായിരുന്നു. പൊലീസ് പറഞ്ഞുതന്ന കാര്യങ്ങളാണ് മൊഴിയായി നല്‍കിയത്. സത്യമല്ല പറയുന്നതെന്ന് ബോധ്യമുണ്ടായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകരുടെ വിസ്താരത്തില്‍ ജഡ്ജി ആര്‍ നാരായണപിഷാരടി മുമ്പാകെ വിജേഷ് മൊഴി നല്‍കി. അമ്മ സുശീലയുടെ പേരില്‍ ഐഡിയയുടെ പ്രീപെയ്ഡ് കണക്ഷന് അപേക്ഷിച്ചിട്ടില്ലെന്ന് വിജേഷ് അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയുടെ വിസ്താരത്തില്‍ മൊഴിനല്‍കി. തുടര്‍ന്ന് വിജേഷിനെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്നും ക്രോസ് വിസ്താരത്തിന് അനുമതി നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ കോടതിയോട് അപേക്ഷിച്ചു.

പ്രതിചേര്‍ക്കപ്പെട്ട കെ സി രാമചന്ദ്രന് സിംകാര്‍ഡ് വാങ്ങിക്കൊടുത്തയാളെന്ന നിലയിലാണ് വിജേഷിനെ സാക്ഷിയാക്കിയത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ അമ്മയുടെ ഫോട്ടോ പതിച്ച അപേക്ഷാഫോറം കോടതിയില്‍ ആദ്യമായാണ് കാണുന്നതെന്ന് പ്രതിഭാഗം വിസ്താരത്തില്‍ വിജേഷ് മൊഴി നല്‍കി. എട്ടാംക്ലാസ് വരെ മാത്രം പഠിച്ച തനിക്ക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയില്ല. അപേക്ഷയില്‍ കാണുന്ന ഒപ്പിന് അമ്മയുടെ ഒപ്പുമായി സാമ്യമില്ലെന്നും വിജേഷ് പറഞ്ഞു. പ്രോസിക്യൂഷന്‍ നടത്തിയ ക്രോസ് വിസ്താരത്തില്‍ പൊലീസിന് നല്‍കിയതായി പറയുന്ന മൊഴികള്‍ വിജേഷ് നിഷേധിച്ചു. രണ്ടുപ്രാവശ്യം പൊലീസ് വിളിപ്പിച്ചിരുന്നു. രണ്ടുപ്രാവശ്യവും മൊഴിയൊന്നും കൊടുത്തിട്ടില്ല. ആരോപിക്കപ്പെട്ട സംഭവത്തെപ്പറ്റി ഒന്നും അറിയാത്തതുകൊണ്ടാണ് മൊഴി നല്‍കാതിരുന്നത്. 23-ാംപ്രതി ഇ എം ഷാജിക്ക് സിംകാര്‍ഡ് കൈമാറിയെന്നതടക്കം പൊലീസ് തന്റേതായി രേഖപ്പെടുത്തിയ മൊഴികള്‍ തെറ്റാണെന്നും വിജേഷ് പറയുന്നു. കേസ് ഡയറിയിലെ 31-ാംസാക്ഷി പുത്തന്‍പീടികയില്‍ വി പി ജാഫറിനെ വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കൊല്ലപ്പെടുന്നതിനുമുമ്പ് ചന്ദ്രശേഖരനെ അവസാനമായി കണ്ടുവെന്നുപറഞ്ഞ് അവതരിപ്പിച്ച സാക്ഷിയാണ് ജാഫര്‍. ഇനി 12-നാണ് വിസ്താരം.

deshabhimani 090313

No comments:

Post a Comment