Wednesday, March 27, 2013

മഞ്ഞുപോലുരുകുന്ന മാണിക്യം


മണിമുത്ത്, പവിഴം, മരതക മാണിക്യം....കോണ്‍ഗ്രസ് നേതാക്കളുടെ പദാവലിയില്‍ മന്ത്രി കെ എം മാണിക്ക് ഇങ്ങനെയൊക്കെയാണ് വിശേഷണം. മാണി കൈവിടുമോയെന്ന ഉള്‍ഭയം ബന്നി ബഹനാന് കലശലാണ്. യുഡിഎഫിന്റെ മരതക മാണിക്യമാണ് മാണിയെന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. മാണി കൈവിടില്ലെന്ന ദൃഢവിശ്വാസമാണ് ബഹനാനും കൂട്ടരും ദിവസേന ഉരുക്കഴിക്കുന്നത്. പക്ഷേ പണ്ടൊരിക്കല്‍ രാവിലെ പാറപോലെ ഉറച്ചുനില്‍ക്കുമെന്ന് വീമ്പുപറഞ്ഞ മാണി ഉച്ചയ്ക്ക് മഞ്ഞുപോലെ ഉരുകിയതിനെ കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മിപ്പിച്ചാല്‍ എന്തുചെയ്യും. 1981ല്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ ഈ വിദ്യകാണിച്ച മാണിക്ക് മാറാന്‍ വലിയ സമയമൊന്നും വേണ്ടെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കി.

ഈ വര്‍ഷം രണ്ടിലൊന്ന് നടക്കുമെന്നാണ് ജി സുധാകരന്റെ പ്രവചനം. ഒന്നുകില്‍ സര്‍ക്കാര്‍ വീഴും. അല്ലെങ്കില്‍ മാണി ഗ്രൂപ്പ് തകരും. തകര്‍ച്ചയുടെ വിളംബരമാണ് ബജറ്റെന്ന് അദ്ദേഹത്തിന് തീര്‍ച്ചയാണ്. യുഡിഎഫ് ആകുന്ന അസ്വാതന്ത്ര്യത്തിന് അകത്ത് കിടന്നു ചിറകടിക്കാതെ പറന്നുയരാനും സുധാകരന്‍ മാണിയെ ഉപദേശിച്ചു. "വിട്ടയക്കുക കൂട്ടില്‍ നിന്നെന്നെ ഞാ,നൊട്ടുവാനില്‍ പറന്നുനടക്കട്ടെ" ബാലാമണിയമ്മയുടെ ഈ വരികള്‍ മാണിക്ക് പ്രചോദനമാകട്ടെയെന്നാണ് ജി സുധാകരന്റെ ചിന്ത. വിധേയനിലെ തൊമ്മിയുടെ വേഷം മാണി അഴിച്ചുവയ്ക്കണമെന്നാണ് ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ച തുടങ്ങിയ കെ സുരേഷ്കുറുപ്പിന്റെ ആവശ്യം. ഭാസ്കരപട്ടേലരെ പോലെ ഇനിയും അടിക്കാന്‍ യുഡിഎഫിനെ അനുവദിക്കരുതെന്ന് കുറുപ്പ് മാണിയോട് അപേക്ഷിച്ചു. പതിനൊന്നാമത്തെ ബജറ്റാണ് മാണി അവതരിപ്പിച്ചത്. ആദ്യബജറ്റ് ഇടത് മുന്നണിക്കൊപ്പം നിന്ന കാലത്ത്. എല്‍ഡിഎഫില്‍ തന്നെ നിന്നിരുന്നെങ്കില്‍ ഇന്ന് 33 ബജറ്റ് അവതരിപ്പിക്കാമായിരുന്നുവെന്ന് ജി സുധാകരന് തീര്‍ച്ച. കോണ്‍ഗ്രസില്‍ നിന്നപ്പോഴൊന്നും മാണിക്ക് ഗുണം ലഭിച്ചിട്ടില്ല. കെപിസിസി പ്രസിഡന്റാകാന്‍ വരെ യോഗ്യത ഉണ്ടായിട്ടും കിട്ടിയത് വെറും ഒരു പൂച്ച ഡിസിസി സെക്രട്ടറി. കാക്കത്തൊള്ളായിരം പേരില്‍ ഒരുവന്‍. വടക്കുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍ മുതല്‍ കെ സി വേണുഗോപാല്‍ വരെയുള്ളവര്‍ മന്ത്രിമാരായി കറങ്ങി നടക്കുമ്പോഴും സ്വന്തം ജനുസായ മകനെ മന്ത്രിയാക്കാതെ മാണിയെ കോണ്‍ഗ്രസ് അപമാനിച്ചുകൊണ്ടിരിക്കുകയാണത്രേ. ചിന്തകനും കവിയും വാഗ്മിയും മാത്രമല്ല, സുധാകരന്‍ ഒരു പ്രവാചന്‍ കൂടിയാണെന്ന് ബോധ്യമായെന്ന് മാണി. സര്‍ക്കാര്‍ ഈ വര്‍ഷം തകരുമെന്ന് പ്രവാചകന്മാര്‍ക്കല്ലാതെ ആര്‍ക്ക് പറയാന്‍ കഴിയും.

ലിഫ്റ്റുകള്‍ക്കും എസ്കലേറ്ററുകള്‍ക്കുമെല്ലാം ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ആര്യാടന്‍ മുഹമ്മദ് ഇതിനൊരു നിയമം രൂപപ്പെടുത്തിയത്. മാതൃഭാഷയോടുള്ള സ്നേഹം നിറഞ്ഞ് തുളുമ്പുന്ന സാഹചര്യത്തില്‍ ബില്‍ കൊണ്ടുവന്നതാണ് ആര്യാടനെ കുഴക്കിയത്. ലിഫ്റ്റിനും എസ്കലേറ്ററിനും മലയാളത്തില്‍ എന്തുപറയും. "ഊര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്നതും ലംബദിശയില്‍ ചലിക്കുന്ന കാറോട് കൂടിയതും യാത്രക്കാരെയോ...." ഡൊമനിക് പ്രസന്റേഷന്‍ ഇങ്ങനെ നീട്ടി. മലയാളത്തിന്റെ പരിമിതികള്‍ മലയാളപ്രേമികള്‍ മനസ്സിലാക്കണമെന്ന നിര്‍ദേശം ഡൊമനിക് മുന്നോട്ടുവച്ചു. മലയാളവാക്കുകള്‍ നേരത്തെ നിര്‍ദേശിച്ച ബെന്നി ബെഹനാന് ഡൊമനിക്കിന്റെ നിരീക്ഷണം പിടിച്ചില്ല. അരുന്ധതി റോയിപോലും മലയാളവാക്കുകള്‍ അതേപടി ഇംഗ്ലീഷില്‍ ഉപയോഗിച്ചിട്ടുണ്ട്. ആ രീതിയില്‍ മലയാളത്തിന്റെ മഹത്വം മറക്കരുതെന്നും ബെന്നി. വൈദ്യുതിമന്ത്രിയാണെങ്കിലും സ്വിച്ചിന്റെ മലയാളംപോലും തനിക്ക് അറിയില്ലെന്ന് ആര്യാടന്‍.

സഹകരണസംഘം രണ്ടാം ഭേദഗതി ബില്ലിന് നിരാകരണപ്രമേയം അവതരിപ്പിച്ച ജയിംസ് മാത്യു യുഡിഎഫ് നിരയെ വെള്ളം കുടിപ്പിച്ചു. സര്‍ക്കാരിന്റെ സഹകരണനയത്തോട് മന്ത്രി സി എന്‍ ബാലകൃഷ്ണന് യോജിപ്പില്ലെങ്കിലും സഹകരണപ്രസ്ഥാനത്തിന്റെ ചരമക്കുറിപ്പ് എഴുതി വായിക്കാനുള്ള നിയോഗം അദ്ദേഹത്തിനാണെന്ന പക്ഷത്താണ് ജയിംസ് മാത്യു. നിരാകരണപ്രമേയത്തിന് അദ്ദേഹം പോള്‍ ആവശ്യപ്പെട്ടത് ഓര്‍ക്കാപ്പുറത്തായിരുന്നു. പോളിന് ബെല്‍ മുഴങ്ങിയപ്പോള്‍ പ്രതിപക്ഷത്തായിരുന്നു മുന്‍തൂക്കം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓടിപ്പാഞ്ഞെത്തിയാണ് മുഖം രക്ഷിച്ചത്. മൂന്ന് വോട്ടിന്റെ വ്യത്യാസത്തില്‍ ബില്‍ പരിഗണിക്കാന്‍ കഴിഞ്ഞത് ആശ്വാസം പകര്‍ന്നു. ചീഫ് വിപ്പ് പി സി ജോര്‍ജ് അപ്പോഴും പുറത്തായിരുന്നു.

deshabhimani

No comments:

Post a Comment