Friday, March 8, 2013

മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍; ഗണേശ് പുറത്തേക്ക്


ഭാര്യാമര്‍ദനവും സദാചാരപ്രശ്നവും നേരിടുന്ന മന്ത്രി കെ ബി ഗണേശ്കുമാറിനെ മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തി സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഷ്ട്രീയമായും നിയമപരമായും പ്രതിക്കൂട്ടിലായി. പക്ഷേ, എത്ര വിയര്‍പ്പൊഴുക്കിയാലും രക്ഷപ്പെടാന്‍ കഴിയാത്ത വാരിക്കുഴിയിലാണ് വനം-സിനിമാ മന്ത്രി ഗണേശ്. ആക്ഷേപത്തില്‍ പരാതിക്കാര്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ഗണേശന്റെ രാജിയല്ലാതെ പ്രതിസന്ധി പരിഹരിക്കാന്‍ വഴിയില്ല. 2005ലെ ഭരണകാലയളവില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം കാക്കാന്‍ പരിശ്രമിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് മാനം പോകുകയും അവസാനം കുഞ്ഞാലിക്കുട്ടിയെ കൈയൊഴിയേണ്ട ഗതികേടുണ്ടാകുകയും ചെയ്തു. ചരിത്രം മറ്റൊരുതരത്തില്‍ ആവര്‍ത്തിക്കുകയാണ്.

ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനശൈലിയുടെ വൈകല്യമാണ് ഗണേശ് വിഷയവും വ്യക്തമാക്കുന്നത്. 2004-06ല്‍ നൂറിന്റെ ഭൂരിപക്ഷം നിയമസഭയില്‍ ഉണ്ടായിരുന്നപ്പോള്‍ കാണിച്ചതിനേക്കാള്‍ വഴിവിട്ട പ്രവര്‍ത്തനത്തിലാണ് ഉമ്മന്‍ചാണ്ടി ഇന്ന്. അംഗബലത്തിലെ കുറവ് അതിന് ന്യായമല്ല. ഒരു ഭരണാധികാരി പുലര്‍ത്തേണ്ട അനിവാര്യമായ ഭരണസത്യസന്ധത ഉമ്മന്‍ചാണ്ടി കാട്ടുന്നില്ലെന്ന് നിലവിലെ സംഭവഗതികള്‍ വ്യക്തമാക്കുന്നു.

ഗണേശന്റെ ഭാര്യ ഡോ. യാമിനി തങ്കച്ചി ക്ലിഫ്ഹൗസില്‍ ബുധനാഴ്ച രാവിലെ എത്തി മുഖ്യമന്ത്രിയോട് മന്ത്രിയെപ്പറ്റി പരാതി പറഞ്ഞു എന്നത് നിഷേധിക്കാനാകാത്ത വസ്തുത. എഴുതി തയ്യാറാക്കിയ പരാതി യാമിനി നല്‍കിയത് ഉമ്മന്‍ചാണ്ടി വായിച്ചശേഷം അവരെ തിരിച്ചേല്‍പ്പിച്ചത് മറ്റൊരു യാഥാര്‍ഥ്യം. പരാതിയില്‍ നടപടിയെടുക്കാം എന്ന ഉറപ്പിന്റെ മറവിലാണ് അത് തിരിച്ചുകൊടുത്തത്. വായുവില്‍ പറന്ന് നിവേദനങ്ങള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രി എന്തിന് അദ്ദേഹത്തിന്റെ പേരെഴുതി മന്ത്രിപത്നിയില്‍നിന്ന് കിട്ടിയ മന്ത്രിക്കെതിരായ പരാതി കൗശലപൂര്‍വം തിരിച്ചുകൊടുത്തു? ഇത്രയും ചെയ്തിട്ട് കെപിസിസി-സര്‍ക്കാര്‍ ഏകോപന സമിതിയില്‍ അടക്കം ഗണേശിന് എതിരെ രേഖാമൂലം പരാതി ഇല്ലെന്ന് ഒരു മുഖ്യമന്ത്രി കളവുപറഞ്ഞത് കേരളത്തിന് അപമാനമാണ്.

മന്ത്രിവസതിയില്‍ കാമുകിയുടെ ഭര്‍ത്താവിന്റെ തല്ലുവാങ്ങുകയും ഭാര്യയെ തല്ലുകയുംചെയ്ത ഗണേശിനെ മന്ത്രിസഭയില്‍ നിലനിര്‍ത്താനുള്ള പരിശ്രമത്തിലൂടെ മുഖ്യമന്ത്രി തുടര്‍ച്ചയായി നിയമം കാറ്റില്‍ പറത്തുകയാണ്. മന്ത്രിവസതിയില്‍ ഗണേശന്‍ തന്നെ തല്ലി പരിക്കേല്‍പ്പിച്ചെന്ന് ഡോ. യാമിനി തങ്കച്ചി മുഖ്യമന്ത്രിയെ വാക്കാല്‍ അറിയിച്ചാലും ഗാര്‍ഹികപീഡന നിയമപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പുപ്രകാരം ഗണേശിനെതിരെ കേസ് എടുക്കണം. മൂന്നുവര്‍ഷം തടവുശിക്ഷ കിട്ടുന്ന കുറ്റത്തിന് മന്ത്രിയെ അറസ്റ്റുചെയ്യണം. ഉടനെ ജാമ്യം കിട്ടുകയുമില്ല. ഇത്തരം സംഭവങ്ങള്‍ സമവായത്തിലൂടെ ഒതുക്കാന്‍ മുഖ്യമന്ത്രിക്ക് നിയമം അധികാരം നല്‍കുന്നില്ല. അങ്ങനെ ചെയ്താല്‍ കുറ്റകൃത്യത്തെപ്പറ്റി അറിവുകിട്ടിയിട്ടും നിയമപരമായ കടമനിര്‍വേറ്റാത്തതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 176 വകുപ്പ് പ്രകാരം കേസ് എടുക്കണം. ആറുമാസംവരെ തടവു കിട്ടാവുന്ന കുറ്റമാണിത്.

ഗണേശ് വിഷയം കുടുംബപ്രശ്നമാക്കി ചുരുക്കാനുള്ള നീക്കത്തിലൂടെ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കൂടുതല്‍ തകരുകയാണ്. ഗണേശനെ സംരക്ഷിക്കാനുള്ള യുഡിഎഫ് തീരുമാനത്തെയും ഉമ്മന്‍ചാണ്ടിയുടെ യജ്ഞത്തെയും ചോദ്യംചെയ്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉടനെതന്നെ കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തി. ഉമ്മന്‍ചാണ്ടിയുടെ പിടിപ്പുകേടുകൊണ്ട് ഭരണം കൂടുതല്‍ വഷളാകുന്നതില്‍ സന്തോഷമുള്ള ഒരുവിഭാഗം കോണ്‍ഗ്രസിലടക്കമുണ്ട്. കേസൊതുക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന ആക്ഷേപം ചീഫ്വിപ്പ് പി സി ജോര്‍ജ് യുഡിഎഫ് യോഗത്തിനുപിന്നാലെ ഉന്നയിച്ചതിലൂടെ യുഡിഎഫ് പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. മന്ത്രിപത്നിയുടെ നിലവിളിക്കുപോലും ചെവികൊടുക്കാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നത് വെള്ളിയാഴ്ച സാര്‍വദേശീയ വനിതാദിനം ആചരിക്കുന്ന മലയാള നാടിന് അപമാനമാകും.
(ആര്‍ എസ് ബാബു)

deshabhimani 080313

No comments:

Post a Comment