Wednesday, March 27, 2013

സഹകരണമേഖലയുടെ മരണവാറണ്ട്: പിണറായി


കേരളത്തിലെ സഹകരണമേഖലയുടെ മരണ വാറണ്ട് ഒപ്പിട്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സഹകരണസ്ഥാപനങ്ങളുടെയാകെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ കൈകളിലെത്തിക്കാന്‍ ബാങ്കിങ് നിയമഭേദഗതി വഴിയൊരുക്കും. ഇത് ഈ മേഖലയുടെ ജീവന്‍ നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

മറ്റ് സംസ്ഥാനങ്ങള്‍ ആശ്ചര്യപ്പെടുംവിധം കരുത്ത് നേടിയതാണ് കേരളത്തിലെ സഹകരണ ക്രെഡിറ്റ് മേഖല. ഈ കരുത്ത് തന്നെ നാശമായി മാറിയ അവസ്ഥയാണ്. വ്യക്തികളില്‍ അസൂയയും കുശുമ്പും ഉണ്ടാകുന്നതുപോലെ സ്ഥാപനങ്ങളിലും ഈ പ്രവണത വരുന്നു. ഈ രംഗത്തെ എല്ലാ അധികാരവും തങ്ങള്‍ക്കാണെന്ന് വാദിക്കുന്ന റിസര്‍വ് ബാങ്കിന് ക്രെഡിറ്റ് മേഖല നേടിയ കരുത്ത് ഇഷ്ടപ്പെട്ടില്ല. ഇതിന്റെ നിയന്ത്രണവും തങ്ങളുടെ കൈകളിലെത്തണമെന്ന റിസര്‍വ് ബാങ്കിന്റെ ദുശ്ശാഠ്യമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കിടയാക്കിയത്. വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് സഹകരണമേഖലയുടെ നാശത്തിന് വഴിവയ്ക്കുമെന്ന നിലപാടായിരുന്നു എല്ലാ സഹകാരികള്‍ക്കും. കേരളത്തിലെ എല്ലാ സര്‍ക്കാരുകളും ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ അത് നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് ബാങ്കിങ് നിയമഭേദഗതി കൊണ്ടുവന്നത്. കേരളത്തിലെ ക്രെഡിറ്റ് സ്ഥാപനങ്ങള്‍ പകുതിയോളവും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് അവയുടെ നിലനില്‍പ്പിനെ ബാധിക്കുന്നതല്ല. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലായാല്‍ നഷ്ടത്തിലുള്ള സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

കേരളത്തില്‍ സഹകരണമേഖല വളര്‍ന്നത് ബാങ്കിങ് രീതിമാത്രം സ്വീകരിച്ചല്ല. ജനോപകാരപ്രദമായ പല പരിപാടികളും നടത്തിയാണ്. അത് നടത്താന്‍പറ്റാതെ വരുന്നത് സഹകരണമേഖലയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. കേരളമാകെ ഒന്നിച്ചുനിന്ന് ഇതിനെ ചെറുക്കണം. സഹകരണമേഖലയെ സംരക്ഷിക്കേണ്ടവര്‍ ആരാച്ചാരായ ചരിത്രം മുമ്പുണ്ടായിട്ടില്ലെന്ന് റബ്കോയ്ക്ക് എതിരായ നടപടി പരാമര്‍ശിച്ച് പിണറായി പറഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് ജപ്തിനോട്ടീസയക്കാന്‍ ഇടപെട്ടതെന്നാണ് അറിയുന്നത്. റബ്കോയെ തകര്‍ക്കാന്‍ ഇതിലൂടെയൊന്നും കഴിയില്ല. സഹകരണസ്ഥാപനങ്ങളും അപ്പെക്സ് സംഘങ്ങളും വ്യത്യസ്ത രാഷ്ട്രീയകക്ഷികളുടെ ഭരണത്തിലാകാറുണ്ട്. സഹകരണം എന്ന വാക്കിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടാണ് അവരെല്ലാം പ്രവര്‍ത്തിക്കുന്നത്. ഇത് മനസ്സിലാക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കുണ്ടാകണം. അല്ലാതെ സഹകരണസ്ഥാപനത്തിന്റെ ശവക്കുഴി തോണ്ടിക്കളയാം എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഗുണംചെയ്യില്ലെന്നും പിണറായി പറഞ്ഞു.

deshabhimani 270313

No comments:

Post a Comment