Monday, March 25, 2013

പാഠ്യപദ്ധതി അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനനുസൃതമായി സംസ്ഥാനത്ത് നടപ്പാക്കുകയും ദേശീയ അംഗീകാരം നേടുകയും ചെയ്ത സംസ്ഥാന പാഠ്യപദ്ധതി തകര്‍ക്കാന്‍ ഉന്നതതല ഗൂഢാലോചന. കേരള മാതൃകയില്‍ മറ്റു സംസ്ഥാനങ്ങളും പാഠ്യപദ്ധതി പരിഷ്കരിക്കണമെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ അട്ടിമറിക്കുന്നത്. ഉന്നതവിദ്യാഭ്യാസമേഖല ലീഗുവല്‍ക്കരിച്ചതിന്റെ ചുവടുപിടിച്ച് നടത്തുന്ന പുത്തന്‍ പരിഷ്കാരം പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കും.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (എന്‍സിഎഫ്-2005) ചുവടുപിടിച്ചുള്ള കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കെസിഎഫ് -2007) അനുസരിച്ചാണ് സംസ്ഥാനത്ത് ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതി തയ്യാറാക്കിയത്. മതേതരമൂല്യവും മാനവികതയും ഉള്‍ക്കൊള്ളുന്ന ശിശുകേന്ദ്രീകൃതവും പ്രവര്‍ത്തനാധിഷ്ഠിതവുമായ പാഠ്യപദ്ധതി പിന്തുടരണമെന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ഇത് അട്ടിമറിച്ച് വിദ്യാര്‍ഥികളെ പുസ്തകപ്പുഴുക്കളാക്കി മാറ്റുന്ന പഴയ സമ്പ്രദായത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് ഗൂഢാലോചന. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി എസ്സിഇആര്‍ടി തയ്യാറാക്കിയ ചോദ്യാവലി തന്നെ നിലവിലുള്ള പദ്ധതിയുടെ "ദോഷ"ങ്ങള്‍ കണ്ടെത്താനുള്ളതാണ്. ചോദ്യങ്ങള്‍ ഏറെയും നല്‍കിയതാകട്ടെ ലീഗ് അനുകൂല അധ്യാപകസംഘടനയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും. പേരിന് മറ്റ് അധ്യാപകസംഘടനകള്‍ക്കും ചോദ്യാവലി നല്‍കിയിട്ടുണ്ട്.

വിമര്‍ശാത്മക ബോധനശാസ്ത്ര പഠനരീതി കുട്ടികള്‍ക്ക് ഗുണമാകുന്നുണ്ടോ? പ്രശ്നാധിഷ്ഠിത സമീപനത്തിലൂടെ പാഠങ്ങളെ സമീപിച്ചാല്‍ മര്‍മപ്രധാന ആശയങ്ങള്‍ ചോര്‍ന്നുപോകില്ലേ? പ്രായോഗിക പരിശീലനത്തിലൂടെ ഭാഷാപഠനം സാധ്യമാകുമോ? ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ചോദ്യാവലിയിലുള്ളത്. ചോദ്യാവലി കരിക്കുലം കമ്മിറ്റിയില്‍ പോലും വയ്ക്കാതെയാണ് അധ്യാപകര്‍ക്ക് വിതരണം ചെയ്തത്. കൂടുതല്‍ പേര്‍ അനുകൂല ഉത്തരം നല്‍കുന്നതോടെ നിലവിലുള്ള പാഠ്യപദ്ധതിയെ വിദഗ്ധര്‍ തള്ളിയെന്നു വരുത്തി പുതിയ പദ്ധതി അടിച്ചേല്‍പ്പിക്കാനാണ് നീക്കം.

2012 ജൂലൈ 19നു വിദ്യാഭ്യാസമന്ത്രി വിളിച്ച ഉന്നതാധികാര സമിതിയിലാണ് ഒന്നുമുതല്‍ 12 വരെയുള്ള പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന് എസ്സിഇആര്‍ടിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഇതിനെ മിക്ക അധ്യാപക സംഘടനകളും കരിക്കുലം കമ്മിറ്റിയില്‍ എതിര്‍ത്തു. കരിക്കുലം കമ്മിറ്റി അറിയാതെയുള്ള പരിഷ്കരണം അംഗീകരിക്കില്ലെന്ന് യുഡിഎഫ് അനുകൂല അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ വാദിച്ചു. തുടര്‍ന്ന് പരിഷ്കരണം എങ്ങനെ വേണമെന്ന് ആലോചിക്കാന്‍ ഡോ. സുകുമാരന്‍നായര്‍ അധ്യക്ഷനായി സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. എന്നാല്‍, സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയെ പച്ച പുതപ്പിക്കാനുള്ള മന്ത്രിയുടെ നീക്കം അനുസരിക്കാതെ സുകുമാരന്‍നായര്‍ അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചു. തുടര്‍ന്ന് മന്ത്രിയുടെ അനുചരസംഘത്തിലുള്ള മുഹമ്മദ് സലാമിനെ പരിഷ്കരണസമിതിയുടെ ചുമതലയേല്‍പ്പിച്ചു. ഇദ്ദേഹവും മന്ത്രിയുടെ നിര്‍ദേശം മാത്രം നടപ്പാക്കുന്ന എസ്സിഇആര്‍ടിയും ചേര്‍ന്ന് ചോദ്യാവലി തയ്യാറാക്കി പരിഷ്കരണത്തിന് പുറപ്പെടുകയായിരുന്നു.
(എം വി പ്രദീപ്)

deshabhimani 250313

No comments:

Post a Comment