Saturday, March 30, 2013

കുടിവെള്ളം വില്‍പ്പനച്ചരക്കാക്കാന്‍ സര്‍ക്കാര്‍ നീക്കം


സംസ്ഥാനം രൂക്ഷമായ കുടിവെള്ള പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാര്‍ നിസംഗത പാലിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മഴ കുറഞ്ഞതു മൂലം കേരളത്തില്‍ വരള്‍ച്ച ശക്തമാകുന്നു. 2016 ഓടെ കേരളത്തിലെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക് വിട്ടു കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കം. കുടിവെള്ളവും വില്‍പ്പനചരക്കാക്കാനാണ് ശ്രമം. പെരിയാറും മലമ്പുഴയും വില്‍ക്കാന്‍ ശ്രമിച്ചവരാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍. ഇത്തവണയും അതേ നീക്കമാണ്. കുടിവെള്ളത്തിന് സബ്സിഡി അനുവദിക്കാനാവില്ലെന്നാണ് കേന്ദ്രം പറയുന്നത്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനൊപ്പം സ്വകാര്യവല്‍കരണ നയങ്ങള്‍ അവസാനിപ്പിക്കണം. സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിച്ച് വെള്ളം കച്ചവടം നടത്താനാണ് ശ്രമം. ഇത്തരം ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭമുയര്‍ന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കും. ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തി മെയ് 20 മുതല്‍ 25 വരെ താലൂക്ക് ഓഫീസുകള്‍ ഉപരോധിക്കും. മെയ് മൂന്നിനും നാലിനും ദേശീയതലത്തില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലും ശക്തമായ പ്രക്ഷോഭം തുടങ്ങുക. 9 മുതല്‍ 16 വരെ ഏരിയാ പ്രചാരണ കാല്‍നട ജാഥകള്‍ സംഘടിപ്പിക്കും. 3,4,5 തീയതികളില്‍ ബ്രാഞ്ച് തലത്തിലും വിപുലമായ കൂട്ടായ്മകള്‍ വിളിച്ചു ചേര്‍ക്കും. വരള്‍ച്ചാ- കുടിവെള്ള പ്രശ്നങ്ങള്‍ നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, ഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടിയുള്ള അവകാശം, വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ആരോഗ്യ-വിദ്യാഭ്യാസരംഗത്തെ സൗകര്യങ്ങള്‍, തൊഴിലും സാമൂഹ്യനീതിയും ഉറപ്പുവരുത്തുക, അഴിമതി തടയുക, കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രതിസന്ധികള്‍ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാര്‍ട്ടി പ്രക്ഷോഭം നടത്തുക.

സംസ്ഥാനസര്‍ക്കാരിന്റെ ജന്രദോഹ നയം അവസാനിപ്പിക്കണം. കേന്ദ്ര അവഗണന തുടരുകയാണ്. പൊതു ബജറ്റിലും കേന്ദ്ര ബജറ്റിലും കേരളത്തെ പരിഗണിച്ചിട്ടില്ല. സൗദിയില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഒരു കത്തയച്ചതു കൊണ്ടു കാര്യമില്ല. ശക്തമായ ഇടപെടലാണ് ആവശ്യം. പി സി ജോര്‍ജിനെ മുഖ്യമന്ത്രി ഒഴിവാക്കാത്തത് ഭയം കൊണ്ടാണ്. ജോര്‍ജിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment