Sunday, March 31, 2013

ആശങ്ക രൂക്ഷമാക്കി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നാളെ മുതല്‍


ആശങ്കയും അനിശ്ചിതത്വവും രൂക്ഷമാക്കി സര്‍ക്കാര്‍ സര്‍വീസില്‍ തിങ്കളാഴ്ച മുതല്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നിലവില്‍ വരും. തൊഴിലന്വേഷകര്‍ക്കൊപ്പം നിലവിലുള്ള ജീവനക്കാര്‍ക്കും ആശങ്ക സൃഷ്ടിക്കുന്നതാണ് പദ്ധതി. ഏപ്രില്‍ ഒന്നിനുശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരെയെല്ലാം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. മിനിമം പെന്‍ഷന്‍ പോലും ഉറപ്പില്ലാത്ത പദ്ധതിയിലേക്ക് നിലവിലുള്ള ജീവനക്കാരെയും ഭാവിയില്‍ കൊണ്ടുവരാന്‍ കഴിയും. പദ്ധതി നടപ്പാക്കുന്നതിനെപ്പറ്റി കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുന്നു.

ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ മാതൃകയില്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. സര്‍വീസില്‍ പുതുതായി പ്രവേശിക്കുന്നവര്‍ ഇനിമുതല്‍ അടിസ്ഥാനശമ്പളവും ഡിഎയും ചേരുന്ന തുകയുടെ 10 ശതമാനം പെന്‍ഷന്‍ഫണ്ടില്‍ നിക്ഷേപിക്കേണ്ടിവരും. 10 ശതമാനം തുക സര്‍ക്കാരും അടയ്ക്കുമെന്ന് പറയുന്നുണ്ടെങ്കിലും പങ്കാളിത്ത പെന്‍ഷന്‍ നിലവിലുള്ള മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും തുക അടച്ചിട്ടേയില്ല. കേന്ദ്ര സര്‍വീസിലുള്ളവരുടെ 2004 മുതലുള്ള വിഹിതം കേരളവും ഇതുവരെയും അടച്ചില്ല. ജീവനക്കാര്‍ അടയ്ക്കുന്ന തുക ഓഹരി കമ്പോളത്തില്‍ ചൂതാട്ടത്തിനായി നല്‍കുന്നതിനാല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് ഒരു ഉറപ്പുമില്ല. പെന്‍ഷന്‍ തുക പിന്‍വലിക്കാനുള്ള അവകാശവും ഇല്ലാതാകും. മിനിമം പെന്‍ഷന്‍ ഇല്ല എന്നുമാത്രമല്ല, മാസം ആദ്യം ലഭിച്ച പെന്‍ഷന്‍ തുകയായിരിക്കും തുടര്‍ന്നും കിട്ടുക. പെന്‍ഷന്‍തുകയില്‍ വര്‍ധനയുമുണ്ടാകില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കുടുംബപെന്‍ഷന്‍, ഗ്രാറ്റുവിറ്റി, പിഎഫ് എന്നിവയടക്കമുള്ള ആനുകൂല്യങ്ങളില്ല. മിനിമം പെന്‍ഷന്‍ ഉറപ്പുനല്‍കാനാകില്ലെന്നും പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തിലേക്ക് തന്നെയാണെന്നും പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാള്‍ വ്യക്തമാക്കിയിട്ടുണ്ട്. പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചശേഷം പിഎസ്സി വഴിയുള്ള നിയമനം വന്‍തോതില്‍ കുറഞ്ഞിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഏപ്രില്‍ ഒന്നിന് ശേഷം മതിയെന്ന സര്‍ക്കാരിന്റെ രഹസ്യനിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. നിലവിലുള്ള റാങ്ക് ലിസ്റ്റുകളിലെ നിയമനങ്ങളും മരവിപ്പിച്ചു. അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം നല്‍കിയില്ല. വിവിധ ജില്ലകളില്‍ പുതുതായി അനുവദിച്ച ഹയസെക്കന്‍ഡറി ബാച്ചുകളില്‍ പുതിയ തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനവും മരവിപ്പിച്ചു. പങ്കാളിത്തപെന്‍ഷന്‍ പദ്ധതിക്കെതിരെ ജീവനക്കാരും അധ്യാപകരും നടത്തിയ അനിശ്ചിതകാല പണിമുടക്കിനെതുടര്‍ന്നുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അട്ടിമറിച്ചാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.
(ദിലീപ് മലയാലപ്പുഴ)

deshabhimani 310313

No comments:

Post a Comment