Sunday, March 31, 2013

ദക്ഷിണ കൊറിയയുമായി യുദ്ധാവസ്ഥ: ഉത്തര കൊറിയ


പ്യോങ്യാങ്: ദക്ഷിണകൊറിയയുമായി യുദ്ധാവസ്ഥ രൂപപ്പെട്ടിരിക്കയാണെന്ന് ഉത്തരകൊറിയ. ദക്ഷിണ കൊറിയ അമേരിക്കയുമായി ചേര്‍ന്ന് നടത്തുന്ന പ്രകോപനപരമായ നടപടികളുടെ സാഹചര്യത്തിലാണ് ഈ പ്രതികരണം. ഈ സമയം മുതല്‍ ഉത്തര-ദക്ഷിണ കൊറിയന്‍ ബന്ധം യുദ്ധാവസ്ഥയിലാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും അതിനനുസരിച്ച് കൈകാര്യം ചെയ്യുമെന്നും ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരകൊറിയന്‍ സര്‍ക്കാരും ഭരണകക്ഷിയും മറ്റ് സംഘടനകളും സംയുക്തമായാണ് പ്രസ്താവനയിറക്കിയത്. അതിര്‍ത്തിയില്‍ ദക്ഷിണകൊറിയയുമായി സംയുക്തമായി പ്രവര്‍ത്തിക്കുന്ന വ്യാവസായിക മേഖല അടച്ചുപൂട്ടുമെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

ആറ് പതിറ്റാണ്ടോളമായി തുടരുന്ന കൊറിയകളുടെ സംഘര്‍ഷം അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നാണ് രൂക്ഷമായത്. സ്വന്തം സഖ്യത്തിലുള്‍പ്പെട്ട ദക്ഷിണകൊറിയയുമായി ചേര്‍ന്ന് മേഖലയില്‍ അമേരിക്ക സൈനികാഭ്യാസം തുടങ്ങിയതോടെ പ്രശ്നം വഷളായി. ഇത്തവണത്തെ സൈനികാഭ്യാസത്തിന് കൂടുതല്‍ മാരകമായ യുദ്ധസന്നാഹങ്ങളാണ് അമേരിക്ക എത്തിച്ചത്. മേഖലയുടെ സമാധാനം തകര്‍ക്കാനും തങ്ങളുടെ പരമാധികാരം വെല്ലുവിളിക്കാനുമുള്ള അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും പ്രകോപനത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഉത്തരകൊറിയയുടെ പ്രസ്താവനയില്‍ പുതുതായി ഒന്നുമില്ലെന്നും യുദ്ധത്തിന് അവര്‍ അടിയന്തര നീക്കം നടത്തുന്നതായി കരുതുന്നില്ലെന്നും ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. കെയ്സോങ് വ്യാവസായിക മേഖല അടയ്ക്കാത്തത് ഇതിന് തെളിവാണെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ അഭിമാനത്തെ ചോദ്യംചെയ്യുന്ന തരത്തിലുള്ള നടപടികള്‍ വഞ്ചകസംഘം തുടരുകയാണെങ്കില്‍ വ്യാവസായിക മേഖല അടച്ചിടുമെന്നാണ് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയത്. മേഖലയിലെ ചെറുകിട-ഇടത്തരം കമ്പനികളുടെ ദുരിതസ്ഥിതി പരിഗണിച്ചാണ് കടുത്ത നീക്കത്തിന് മുതിരാത്തത്. ഇവിടെയുള്ള 123 കമ്പനികളുടെയും തൊഴിലാളികളും ദുരിതത്തിലാകും. അതിനാല്‍, അങ്ങേയറ്റം സംയമനം പാലിക്കുകയാണ്- കെയ്സോങ് മേഖലയുടെ ചുമതലയുള്ള ഏജന്‍സിയെ ഉദ്ധരിച്ച് കെസിഎന്‍എ റിപ്പോര്‍ട്ട്ചെയ്തു. ദക്ഷിണകൊറിയയിലെയും ശാന്തസമുദ്രത്തിലെയും അമേരിക്കന്‍ സൈനിക താവളങ്ങളെ ആക്രമിക്കാന്‍ തങ്ങളുടെ മിസൈല്‍ യൂണിറ്റുകളെ സജ്ജമാക്കാന്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് അണ്‍ വെള്ളിയാഴ്ച നിര്‍ദേശിച്ചിരുന്നു.

deshabhimani 310313

No comments:

Post a Comment