Thursday, March 14, 2013

ഗൌരിയമ്മയ്ക്കെതിരെ വഷളത്തരം പറയാന്‍ അനുവദിക്കില്ല: പിണറായി


ജോര്‍ജിന് മുന്നില്‍ ഉമ്മന്‍ചാണ്ടി പകച്ചുനില്‍ക്കുന്നു: എം എ ബേബി

തിരു: പി സി ജോര്‍ജ് തുടര്‍ച്ചയായി അസഭ്യവര്‍ഷം ചൊരിഞ്ഞിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇത്ര ശക്തിഹീനനും നിസ്സഹായനുമായി നില്‍ക്കുന്നത് കേരളത്തിന് നാണക്കേടാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത സംഭവങ്ങളാണ് യുഡിഎഫിലും സംസ്ഥാന മന്ത്രിസഭയിലും തുടര്‍ച്ചയായി നടക്കുന്നത്. രാഷ്ട്രീയ കേരളത്തിന്റെ അമ്മയുടെ സ്ഥാനമാണ് ഗൗരിയമ്മയ്ക്കുള്ളത്. കേരളത്തിന് വലിയ സംഭാവന നല്‍കിയ, ജീവിച്ചിരിപ്പില്ലാത്ത ടി വി തോമസിനെക്കുറിച്ച് ഇത്ര മ്ലേച്ഛമായ ഭാഷയില്‍ സംസാരിക്കുന്ന പി സി ജോര്‍ജിനു മുന്നില്‍ മുഖ്യമന്ത്രിയും യുഡിഎഫും പകച്ച് നില്‍ക്കുകയാണ്. കൊലയാളികളായ ഇറ്റലിക്കാരെ വിട്ടുകൊടുത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിക്കെതിരെ ഉയര്‍ന്ന ജനരോഷത്തിന് മറയിടാനാണോ ജോര്‍ജിന്റെ അസഭ്യപരാമര്‍ശമെന്നും സംശയിക്കേണ്ടതുണ്ട്-ബേബി പറഞ്ഞു.

ജോര്‍ജ് കേരളത്തിന് അപമാനം: കോടിയേരി

മുക്കം(കോഴിക്കോട്): പൊതുപ്രവര്‍ത്തകര്‍ക്കെതിരെ തെറിപറയല്‍ സ്ഥിരം പരിപാടിയാക്കിയ പി സി ജോര്‍ജ് കേരളത്തിന് അപമാനമാണെന്നും അദ്ദേഹത്തെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുക്കം എരഞ്ഞിമാവില്‍ സഹകരണ ബാങ്ക് ശിലാസ്ഥാപന ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

മന്ത്രി ഗണേശ്കുമാറും കെ ആര്‍ ഗൗരിയമ്മയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. സ്പീക്കര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. മോശം പരാമര്‍ശത്തിന്റെ പേരില്‍ മുമ്പ് പി സി ജോര്‍ജ് നിയമസഭയില്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍, ഇത് അദ്ദേഹം ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. ജോര്‍ജിന്റെ പരാമര്‍ശത്തെക്കുറിച്ച് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ തണലിലാണ് ജോര്‍ജ്. പ്രതിപക്ഷവുമായി സഹകരിച്ച് സര്‍ക്കാറിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകേണ്ട ചീഫ് വിപ്പ് പ്രകോപനമുണ്ടാക്കുകയാണ്-കോടിയേരി പറഞ്ഞു.

ജോര്‍ജ് പറഞ്ഞത് വീട്ടിലെ സംസ്കാരം: ഗൗരിയമ്മ

ആലപ്പുഴ: പി സി ജോര്‍ജ് പറഞ്ഞത് അയാളുടെ വീട്ടിലെ സംസ്കാരമാണെന്ന് ജെഎസ്്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. ഗൗരിയമ്മയെയും ടി വി തോമസിനെയും പി സി ജോര്‍ജ് തെറിവിളിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. പി സി ജോര്‍ജ് മുഖ്യമന്ത്രിയുടെ വലംകൈയാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാണ് ഇതിനോട് പ്രതികരിക്കേണ്ടത്. താന്‍ 24-ാം വയസുമുതല്‍ കാല്‍നടയായി പൊതുപ്രവര്‍ത്തനം ആരംഭിച്ചതാണ്. അത് ഈ നാട്ടുകാര്‍ക്കെല്ലാം അറിയാം. 17ന് ചേരുന്ന ജെഎസ്എസിന്റെ സംസ്ഥാനകമ്മിറ്റിയില്‍ ജോര്‍ജിന്റെ പരാമര്‍ശത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നും ഗൗരിയമ്മ പറഞ്ഞു.

ജോര്‍ജിനെ പുറത്താക്കി മുഖ്യമന്ത്രി മാപ്പുപറയണം:പന്ന്യന്‍

തിരു: പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കി മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ ദുര്‍ഗന്ധമായി മാറിയിരിക്കുകയാണ് ജോര്‍ജ്. ചീഫ് വിപ്പിന്റെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് യുഡിഎഫ് നിലപാട് വ്യക്തമാക്കണം. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും കെ എം മാണിയും മറുപടി പറയണം. ജോര്‍ജിനെ കയറൂരി വിട്ടാല്‍ കേരള ജനത വെറുതെ നോക്കിയിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരുതേണ്ട. സഹികെട്ടാല്‍ ജോര്‍ജിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം. ചീഫ് വിപ്പ് ചീപ്പ് വിപ്പായി മാറിയിരിക്കുകയാണെന്ന് പന്ന്യന്‍ പറഞ്ഞു.

കക്ഷിനേതാക്കളുടെ യോഗത്തിലും വന്‍ പ്രതിഷേധം

തിരു: മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മയ്ക്കും ടി വി തോമസിനും എതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് നടത്തിയ പരാമര്‍ശം, ബജറ്റ് സമ്മേളനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗത്തിലും പ്രതിഷേധമുയര്‍ത്തി. സിപിഐ കക്ഷി നേതാവ് സി ദിവാകരനാണ് വിഷയം ഉന്നയിച്ചത്. പി സി ജോര്‍ജിനൊപ്പം യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകരുതെന്ന് മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു. സ്വകാര്യമായി പറഞ്ഞത് ചാനല്‍ വാര്‍ത്തയാക്കിയതാണെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം. മുഖ്യമന്ത്രിയും ധനമന്ത്രി കെ എം മാണിയും ഒന്നും പ്രതികരിച്ചില്ല. ഇതോടെ ബഹളമായി. ഒടുവില്‍ വിവാദ പരാമര്‍ശത്തില്‍ ജോര്‍ജ് ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് രംഗം ശാന്തമായത്.

ബഹുമാന്യരായ നേതാക്കളെ അപമാനിക്കുന്ന ജോര്‍ജിനെ നിലയ്ക്ക് നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ താനാണ് യോഗം വിളിച്ചതെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ യോഗം ബഹിഷ്കരിച്ചാല്‍ അത് വാര്‍ത്ത സൃഷ്ടിക്കുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മുഖ്യമന്ത്രിയുടെയും മറ്റും അഭ്യര്‍ഥന മാനിച്ച് യോഗത്തില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷം സന്നദ്ധരായി. എന്നാല്‍, തന്റെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിക്കാനാണ് യോഗത്തില്‍നിന്ന് പുറത്തിറങ്ങിയ പി സി ജോര്‍ജ് ശ്രമിച്ചത്. സ്വകാര്യ സംഭാഷണത്തില്‍ തമാശയായി പറഞ്ഞവ ഒരു ചാനല്‍ വാര്‍ത്തയാക്കിയത് കുടുംബത്തില്‍ പിറന്നവരുടെ പണിയല്ലെന്ന് ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആരും ആവശ്യപ്പെടാതെ തന്നെ താന്‍ ഖേദം പ്രകടിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു. ബദ്ധവൈരിയായ മന്ത്രി ഗണേഷിന്റെ അടുത്ത സീറ്റിലാണ് ജോര്‍ജ് ആദ്യം ഇരുന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ ഇത് ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ ജോര്‍ജ് എഴുന്നേറ്റ് മാറി. പിന്നീട് മുന്‍മന്ത്രി മാത്യു ടി തോമസിനോട് കസേര ഒഴിഞ്ഞുകൊടുക്കാന്‍ അഭ്യര്‍ഥിച്ചു. മാത്യൂ ടി തോമസ് എഴുന്നേറ്റ് ഗണേഷിന് സമീപം ഇരുന്നാണ് പ്രതിസന്ധി പരിഹരിച്ചത്.

സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയില്‍: മന്ത്രി ഷിബു

തിരു: സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയിലാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍. പി സി ജോര്‍ജ് സൃഷ്ടിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമോയെന്ന് താന്‍ ഭയപ്പെടുന്നതായും ഷിബു പറഞ്ഞു. സ്വയം സൃഷ്ടിക്കുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് പരിശോധിക്കണം. ജോര്‍ജിനെ നിലയ്ക്കുനിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ എം മാണിയും പി കെ കുഞ്ഞാലിക്കുട്ടിയും നടപടിയെടുക്കണം-ഷിബു ചാനല്‍ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു. ജോര്‍ജിനെതിരെ സമാന ചിന്താഗതിക്കാരുടെ നിര ഉണ്ടാക്കും. ജോര്‍ജിന്റെ രാഷ്ട്രീയത്തിന് യുഡിഎഫ് നേതൃത്വം ഉടന്‍ ഫുള്‍സ്റ്റോപ്പിടണം. ഗണേശ്കുമാര്‍ വിവാദം കോടോത്ത് ഗോവിന്ദന്‍ നായര്‍ പ്രശ്നംപോലെ യുഡിഎഫ് സര്‍ക്കാരിന്റെ സുഗമമായ പോക്കിന് തടസ്സം സൃഷ്ടിക്കും. നൂറ് എംഎല്‍എമാരുണ്ടായിട്ടും 2001-06ലെ സര്‍ക്കാരിന് മര്യാദയ്ക്ക് ഭരിക്കാനായില്ല. കോടോത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെച്ചൊല്ലിയുയര്‍ന്ന പ്രതിസന്ധികളില്‍ കുടുങ്ങി ഭരണം തടസ്സപ്പെട്ടു. ഈ ചരിത്രം ആവര്‍ത്തിക്കുന്നതിന്റെ സൂചനയാണ് ഗണേശ്കുമാര്‍ വിവാദത്തോടെ കാണുന്നതെന്നും ഷിബു പറഞ്ഞു.

പി സി ജോര്‍ജിനെ പുറത്താക്കാണം: എന്‍സിപി

കൊച്ചി: രാഷ്ട്രീയനേതാക്കളെ കേരളത്തിന്റെ സംസ്കാരത്തിന് നിരക്കാത്ത തരത്തില്‍ അസഭ്യംപറഞ്ഞ പി സി ജോര്‍ജിനെ ജനങ്ങള്‍ പുശ്ചിച്ച്തള്ളുമെന്ന് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. പി സി ജോര്‍ജിനെ ചീഫ്വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ജെഎസ്എസ് യുഡിഎഫ് വിടണം: ജെവൈഎസ്

ആലപ്പുഴ: കെ ആര്‍ ഗൗരിയമ്മയെക്കുറിച്ച് മ്ലേഛമായ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിലനിര്‍ത്തുകയാണെങ്കില്‍ ജെഎസ്എസ്, യുഡിഎഫ് ബന്ധം ഉപേക്ഷിക്കണമെന്ന് ജനാധിപത്യ യുവജനസമിതി സംസ്ഥാന ജനറല്‍സെക്രട്ടറി ബി ഗോപന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജോര്‍ജിനെ ആലപ്പുഴ ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ല. സംസ്ഥാനത്ത് പി സി ജോര്‍ജിന്റെ പരിപാടികള്‍ ജെവൈഎസ് ബഹിഷ്കരിക്കും.

ജോര്‍ജിനെതിരെ കോണ്‍.എംഎല്‍എമാര്‍ പരാതി നല്‍കിയതായി മുഖ്യമന്ത്രി

തിരു: ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ അസഭ്യപരാമള്‍ശത്തിനെതിരെ ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരാതി പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ടി വി തോമസ് സിപിഐയുടെ മാത്രം നേതാവല്ല. എക്കാലവും കേരളം ആദരിക്കുന്ന നേതാവാണ്. എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവാണ് ഗൗരിയമ്മയും. പൊതുപ്രവര്‍ത്തകര്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്ന നിലപാടാണ് തനിക്കുള്ളത്. ജോര്‍ജിനെതിരെ നടപടിയെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചര്‍ച്ച ചെയ്യുമെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

deshabhimani 150313

No comments:

Post a Comment