Thursday, March 28, 2013

സാക്ഷിമൊഴിയില്‍ വൈരുധ്യം


ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഡയറിയിലെ 53-ാം സാക്ഷി ഏറാമല എടക്കുടി വീട്ടില്‍ ഇ രാധാകൃഷ്ണന്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപിഷാരടി മുമ്പാകെ നല്‍കിയ മൊഴിയില്‍ അവ്യക്തതയും വൈരുധ്യവും. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം ഓര്‍ക്കാട്ടേരി ടൗണിലെ ടാക്സി സ്റ്റാന്‍ഡില്‍ രാത്രി ഒമ്പതേകാലോടെ ഇന്നോവ കാര്‍ കണ്ടതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച കോടതിയില്‍ വിസ്താരത്തില്‍ ജീപ്പ് സ്റ്റാന്‍ഡ് എന്നായി മൊഴി. ഓര്‍ക്കാട്ടേരി ടൗണില്‍ കണ്ട ഇന്നോവ കാറിന്റെ നമ്പര്‍ കെഎല്‍ 59 എ 5964 ആണെന്ന് പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ സാക്ഷി പറഞ്ഞു. അതേസമയം സംഭവദിവസം രാത്രി ഓര്‍ക്കാട്ടേരിയില്‍നിന്ന് വീട്ടിലേക്ക് പോയ സുഹൃത്തിന്റെ ബൈക്കിന്റെ നമ്പര്‍ ക്രോസ് വിസ്താരത്തില്‍ ഇയാള്‍ക്ക് തെറ്റി. കെഎല്‍ 18 ഇ 1414 എന്ന നമ്പറിലുള്ള ബൈക്കിലാണ് സുഹൃത്തിനൊപ്പം പോയതെന്നായിരുന്നു മൊഴി. എന്നാല്‍, ഈ നമ്പര്‍ ഒ കെ അബ്ദുള്ള എന്നയാളുടെ പേരിലുള്ള ഇന്നോവ കാറിന്റെതാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. ഒരു തവണ മാത്രം കണ്ട കാറിന്റെ നമ്പര്‍ കൃത്യമായി പറഞ്ഞ സാക്ഷിക്ക് മിക്കവാറും ദിവസങ്ങളില്‍ വീട്ടിലേക്ക് പോകാറുള്ള സുഹൃത്തിന്റെ ബൈക്കിന്റെ നമ്പര്‍ കൃത്യമായി ഓര്‍ക്കാനായില്ലെന്നത് അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പൊലീസ് പഠിപ്പിച്ചതനുസരിച്ച് കോടതിയില്‍ കളവായി മൊഴിനല്‍കുകയാണെന്ന് സംശയം തോന്നുന്ന വിധത്തിലായിരുന്നു സാക്ഷിമൊഴി. ടൗണില്‍ കാറിന് പുറത്ത് സംസാരിച്ചുനിന്ന രണ്ടുപേരെ 2012 ജൂണ്‍ 16ന് വടകര പൊലീസ്ക്യാമ്പ് ഓഫീസില്‍വച്ച് തിരിച്ചറിഞ്ഞതായും ഇവര്‍ മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ് എന്നിവരാണെന്നും മനസിലാക്കിയതായും പ്രോസിക്യൂഷന്‍ വാദത്തില്‍ സാക്ഷി പറഞ്ഞു. പ്രതികളെ ക്യാമ്പ് ഓഫീസില്‍വച്ച് പൊലീസിന് കാണിച്ചുകൊടുക്കുകയായിരുന്നുവെന്നും മൊഴിനല്‍കി. എന്നാല്‍, പൊലീസുകാര്‍ കാണിച്ചുതന്ന പ്രകാരം കാറിനു പുറത്ത് സംസാരിച്ചു നിന്നത് മനോജും ഷാഫിയുമാണെന്ന് ക്യാമ്പ് ഓഫീസില്‍വച്ച് സാക്ഷി മനസിലാക്കി എന്നാണ് പൊലീസ് രേഖപ്പെടുത്തിയതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പൊലീസിന് കൊടുത്ത മൊഴിയില്‍ ഇന്നോവ കാറിന്റെ കളര്‍ സില്‍വറും കോടതിയിലെത്തിയപ്പോള്‍ ഇളം സില്‍വറുമായി.

ഇന്നോവ കാര്‍ ഓര്‍ക്കാട്ടേരിയില്‍ കണ്ട വിവരം ചന്ദ്രശേഖരന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ 2012 മെയ് അഞ്ചിന് പകല്‍ ആരോടും പറഞ്ഞിരുന്നില്ലെന്നും ഇന്നോവ കാറിലെത്തിയ സംഘമാണ് കൊലനടത്തിയതെന്ന് അന്ന് വൈകിട്ടാണ് മനസിലായതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, ഇന്നോവ കാറിലെത്തിയ സംഘമാണ് കൊലനടത്തിയതെന്ന് അറിഞ്ഞതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞതായി രേഖപ്പെടുത്തിയത് പ്രതിഭാഗം അഭിഭാഷകന്‍ സാക്ഷിക്ക് കാട്ടിക്കൊടുത്തു.

പൊലീസും ആര്‍എംപിയും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് വിട്ടഭാഗം പൂരിപ്പിക്കാന്‍ കള്ളസാക്ഷിയെ അവതരിപ്പിച്ചിരിക്കുകയാണെന്ന് പ്രതിഭാഗം വാദിച്ചു. സാക്ഷിയുടെ ആര്‍എംപി ബന്ധവും കോടതിയില്‍ വെളിപ്പെട്ടു. ഒന്നരവര്‍ഷം മുമ്പ് ആര്‍എംപിയുടെ ഏറാമല ലോക്കല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നതായി സാക്ഷി സമ്മതിച്ചു. കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി എന്നിവരെയും ഇന്നോവ കാറും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. അഭിഭാഷകരായ ബി രാമന്‍പിള്ള, എം അശോകന്‍ എന്നിവര്‍ ക്രോസ് വിസ്താരം നടത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ ഹാജരായി. തുടര്‍ സാക്ഷിവിസ്താരം ഏപ്രില്‍ രണ്ടിന് നടക്കും.

deshabhimani 280313

No comments:

Post a Comment