Saturday, April 27, 2013

കല്‍ക്കരി "കത്തുന്നു" 30 നിര്‍ണായകദിനം


കല്‍ക്കരി കുംഭകോണക്കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് തലേന്ന് സിബിഐ ഡയറക്ടറെ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുവരുത്തി. പേഴ്സണല്‍ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി വി നാരായണസ്വാമിയാണ് സിബിഐ ഡയറക്ടര്‍ രഞ്ജിത്ത്സിന്‍ഹയെ വിളിച്ചുവരുത്തിയത്. പേഴ്സണല്‍ വകുപ്പിന് കീഴിലാണ് സിബിഐ. പ്രധാനമന്ത്രിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. വെള്ളിയാഴ്ച സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിന്റെ വിശദാംശം അറിയാനാണ് വ്യാഴാഴ്ച ഡയറക്ടറെ വിളിച്ചുവരുത്തിയതെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നാണ് മന്ത്രി നാരായണസ്വാമിയുടെയും സിബിഐ ഡയറക്ടറുടെയും വിശദീകരണം.

വെള്ളിയാഴ്ച സിബിഐയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാനായിരുന്നു ഡയറക്ടറുടെ സന്ദര്‍ശനമെന്നാണ് മന്ത്രിയുടെ വാദം. എന്നാല്‍, വെള്ളിയാഴ്ചത്തെ പരിപാടിക്ക് വ്യാഴാഴ്ച മാത്രമാണോ മന്ത്രിയെ ക്ഷണിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയില്ല. അതേസമയം, കല്‍ക്കരി കുംഭകോണക്കേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നിയമമന്ത്രാലയവും പ്രധാനമന്ത്രി കാര്യാലയവും പരിശോധിച്ചുവെന്ന സിബിഐ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ രാജിവയ്ക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതികരിച്ചു. രാഷ്ട്രപതിഭവനിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

നിയമമന്ത്രി അശ്വിനികുമാറും രാജിവയ്ക്കേണ്ട ആവശ്യമില്ല. പ്രശ്നം കോടതിയുടെ മുന്നിലാണ്. അതിനാല്‍ ഇതിനെപ്പറ്റി ഒന്നും പറയുന്നില്ല. നിയമമന്ത്രിയെ മറയാക്കി പ്രധാനമന്ത്രി രക്ഷപ്പെടുകയാണെന്ന പ്രതിപക്ഷ ആരോപണത്തെപ്പറ്റി പ്രധാനമന്ത്രി പ്രതികരിച്ചില്ല. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പുതുതല്ല. പാര്‍ലമെന്റ് നടപടി നടത്തിക്കൊണ്ടുപോകാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതോടെ കേസില്‍ സുപ്രീംകോടതി 30ന് സ്വീകരിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാരിന് നിര്‍ണായകമായി. സിബിഐയെ സ്വാധീനിച്ച് കേസന്വേഷണം അട്ടിമറിക്കാന്‍ നിയമമന്ത്രി അശ്വനികുമാര്‍ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ പ്രതികരണം സര്‍ക്കാരും പ്രതിപക്ഷ പാര്‍ടികളും ഉറ്റുനോക്കുകയാണ്. നിയമമന്ത്രിയുടെ ഇടപെടലിനെ കോടതി വിമര്‍ശിച്ചാല്‍ അശ്വനികുമാറിന് മന്ത്രിസ്ഥാനത്ത് തുടരാനാകില്ല. പ്രധാനമന്ത്രിയുടെ നിലനില്‍പ്പും അപകടത്തിലാകും.

ജസ്റ്റിസുമാരായ ആര്‍ എം ലോധ, ജെ ചെലമേശ്വര്‍, മദന്‍ ബി ലൊകുര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ചൊവ്വാഴ്ച കല്‍ക്കരി കേസ് പരിഗണിക്കുക. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഭരണനേതൃത്വത്തിലെ ആരെങ്കിലുമായി പങ്കുവച്ചോയെന്ന് കോടതി ആരാഞ്ഞതിനെതുടര്‍ന്നാണ് സിബിഐ സര്‍ക്കാര്‍ ഇടപെടല്‍ ബോധ്യപ്പെടുത്തുംവിധം സത്യവാങ്മൂലം സമര്‍പ്പിച്ചത്. സിബിഐ അന്വേഷണത്തെ വിശ്വസിക്കാനാകില്ലെന്നും പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. സിബിഐ അന്വേഷണം പക്ഷപാതപരമാണെന്ന് ഡയറക്ടര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാണ്. ഭാവിയില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് മറ്റാരുമായും പങ്കുവയ്ക്കില്ലെന്നും കോടതിയില്‍ നേരിട്ട് സമര്‍പ്പിക്കാമെന്നും സിബിഐ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ഇത് എത്രമാത്രം വിശ്വസിക്കാനാകുമെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. സിബിഐയെ കേസില്‍നിന്ന് കോടതി ഒഴിവാക്കിയാല്‍ കേന്ദ്രത്തിന് കനത്ത തിരിച്ചടിയാകും. ഇത്തരമൊരു അവസ്ഥയില്‍ മന്‍മോഹന്‍സിങ്ങിന്റെ രാജിക്കും ആവശ്യമേറും.

വി ജയിന്‍, എം പ്രശാന്ത് deshabhimani 270413

No comments:

Post a Comment