Friday, April 26, 2013

മരുന്നു പരീക്ഷണം: 7 വര്‍ഷത്തില്‍ 2, 644 പേര്‍ കൊല്ലപ്പെട്ടു


രാജ്യത്ത് മനുഷ്യരില്‍ മരുന്നുപരീക്ഷണം നടത്തി മരണം വിതച്ച ബഹുരാഷ്ട്ര കമ്പനികളില്‍ അടുത്തിടെ സുപ്രീംകോടതി പേറ്റന്റ് നിഷേധിച്ച നോവാര്‍ട്ടിസും. നോവാര്‍ട്ടിസ് കഴിഞ്ഞ വര്‍ഷം നടത്തിയ മരുന്നുപരീക്ഷണത്തില്‍ മാത്രം 47 പേര്‍ മരിച്ചു. മരുന്നുപരീക്ഷണത്തിലൂടെ രാജ്യത്ത് ഏഴ് വര്‍ഷത്തിനിടെ 2,644 പേര്‍ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊല്ലപ്പെടുന്നവരുടെ എണ്ണം ബഹുരാഷ്ട്രകമ്പനികള്‍ കുറച്ചുകാട്ടുകയും നഷ്ടപരിഹാരം നിഷേധിക്കുകയും ചെയ്യുന്നതായി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരെ ഗിനിപ്പന്നികളായി ഉപയോഗിക്കുന്നതിനെതിരെ ഒരു സര്‍ക്കാരേതര സംഘടന നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സത്യവാങ്മൂലം.

2005 ജനുവരി മുതല്‍ 2012 ജൂണ്‍ വരെ 475 മരുന്നുകളുടെ പരീക്ഷണമാണ് രാജ്യത്ത് നടന്നത്. ഇതില്‍ 17 മരുന്നുകള്‍ രാജ്യത്ത് വിപണനം നടത്താന്‍ പിന്നീട് അനുമതി നല്‍കി. ഇക്കാലയളവില്‍ 57,303 പേരെ പരീക്ഷണത്തിന് വിധേയരാക്കാന്‍ പേര് ചേര്‍ത്തു. ഇതില്‍ 39,022 പേരില്‍ പരീക്ഷണം നടത്തി. മരണത്തിന് പുറമേ 11,972 ഗുരുതര പ്രത്യാഘാതങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 506 കേസുകള്‍ പരീക്ഷണവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മരണം വിതച്ച വിദേശ കമ്പനികളില്‍ മുമ്പില്‍ നില്‍ക്കുന്നത് നോവാര്‍ട്ടിസും ബായേഴ്സുമാണ്. നോവാര്‍ട്ടിസിന്റെ അലിസ്കിരിന്‍ എന്ന പേരിലുള്ള മരുന്നിന്റെ പരീക്ഷണത്തിനിടെയാണ് മരണം. നോവാര്‍ട്ടിസിന്റെ അര്‍ബുദ മരുന്നായ ഗ്ലീവക്കിന് പേറ്റന്റ് നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. അര്‍ബുദ മരുന്നില്‍ ആധിപത്യം സ്വന്തമാക്കി രോഗികളെ കൊള്ളയടിക്കാനായിരുന്നു കമ്പനിയുടെ പേറ്റന്റ് അപേക്ഷ. അപേക്ഷ തള്ളിയ കോടതി നടപടി ഇന്ത്യന്‍ കമ്പനികളുടെ ജനറിക് മരുന്ന് ഉല്‍പ്പാദനം തുടരാന്‍ സഹായകമായി. ബായേഴ്സിന്റെ റിവാറോക്സാബാന്‍ എന്ന മരുന്നിന്റെ പരീക്ഷണം 146 പേരുടെ മരണത്തിനിടയാക്കി. 2008ലെ പരീക്ഷണത്തില്‍ 21 പേര്‍ മരണമടഞ്ഞു. എന്നാല്‍, മരണസംഖ്യ അഞ്ചാണെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ഇതില്‍ത്തന്നെ നഷ്ടടപരിഹാരം നല്‍കാന്‍ തയ്യാറായത് രണ്ട് പേരുടെ ബന്ധുക്കള്‍ക്ക് മാത്രം. ആദ്യം മരണത്തിനിടയാക്കിയെന്ന് ബായേഴ്സ് സമ്മതിച്ച അതേ മരുന്ന് തന്നെ 2010-ല്‍ വീണ്ടും പരീക്ഷിച്ചു. ഇത്തവണ മരണ സംഖ്യ 125 ആയി ഉയര്‍ന്നു. സണ്‍ ഫാര്‍മ കമ്പനിയുടെ മരുന്നുപരീക്ഷണം 12 പേരുടെ മരണത്തിനിടയാക്കി. മനുഷ്യരില്‍ മരുന്ന് പരീക്ഷിക്കാന്‍ ഇന്ത്യയില്‍ അനുമതി ലഭിച്ചതിലേറെയും വിദേശ കമ്പനികള്‍ക്കാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മരുന്നുപരീക്ഷണം മനുഷ്യരുടെ മരണത്തിനിടയാക്കുമ്പോഴും കേന്ദ്രം തുടരുന്ന നിസ്സംഗതയെ കഴിഞ്ഞ ജനുവരി മൂന്നിന് സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. മരുന്നുപരീക്ഷണം നിര്‍ത്തലാക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു.

deshabhimani 260413

No comments:

Post a Comment