Monday, April 29, 2013

പോഷകാഹാരക്കുറവ് നവജാതശിശുക്കള്‍ മരിക്കുന്നത് വയനാട് ജില്ലയിലും വര്‍ധിക്കുന്നു


ആദിവാസികള്‍ക്കിടയില്‍ നവജാതശിശുക്കള്‍ പോഷകഹാര കുറവ് മൂലം മരിക്കുന്നത് ജില്ലയിലും വര്‍ദ്ധിക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ മൂന്ന് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തുവെങ്കില്‍ പുറംലോകം അറിയാതെ പോകുന്ന സംഭവങ്ങളും നിരവധിയാണ്. ആദിവാസികളുടെ അറിവില്ലായ്മയും ഗര്‍ഭിണികള്‍ക്ക് വേണ്ട പരിചരണവും പോഷകാഹാരം ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടേയും കുറവാണ് ആഫ്രിക്കന്‍ രാജ്യങ്ങളുലേതിന് സമാനമായ പോഷകാഹാരകുറവ് മൂലം നവജാത ശിശുക്കള്‍ മരണപ്പെടുന്ന സംഭവം വര്‍ദ്ധിക്കാന്‍ കാരണം.പ്രായപൂര്‍ത്തിയാകാതെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന ബാലികമാര്‍ പ്രസവത്തെതുടര്‍ന്ന് മരണപ്പെടുന്ന സംഭവങ്ങളും വയനാട്ടില്‍ വര്‍ദ്ധിക്കുന്നുണ്ട്.

മേപ്പാടി ചെമ്പോത്തറ പണിയ കോളനിയിലെ ബിന്ദുമോളിയുടെ നവജാതശിശു മരണപ്പെട്ടത് കോഴിക്കോട് മെഡിക്കല്‍കോളേജാശുപത്രിയില്‍ വെച്ചാണ്.ഏപ്രില്‍ പന്ത്രണ്ടിനാണ് സംഭവം. മാസം തികയും മുമ്പ് ഏഴാംമാസത്തിലാണ് ബിന്ദുവിന്റെ പ്രസവം നടന്നത്.ഗര്‍ഭിണിയായ യുവതിയെ പരിചരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതരോ പട്ടികവര്‍ഗ വകുപ്പ് അധികൃതരോ എത്തിയിരുന്നില്ല. വെങ്ങപ്പള്ളി പഞ്ചായത്തിലെ പൂരംകുന്ന് കോളനിയിലെ അജിതയും കുഞ്ഞും പ്രസവത്തെതുടര്‍ന്നാണ് മരിച്ചത്.ഫെബുവരി 18ന് അഞ്ചാം മാസത്തിലാണ് വീട്ടില്‍ വെച്ച് അജിത പ്രസവിച്ചത്. പ്രസവിച്ച ഉടന്‍ കുഞ്ഞ് മരിച്ചു.അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അജിതയും മരിച്ചതോടെ പറക്കമുറ്റാത്ത മൂന്ന് പിഞ്ച് കുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലാതായി.വാഴവറ്റ പണിയകോളനിയിലെ ഒരു നവജാതശിശുവും ജനിച്ച് മണിക്കൂറുകള്‍ക്കകം മരിച്ചു. ആദിവാസികള്‍ വംശനാശം സംഭവിക്കുന്ന ഒരു വിഭാഗമായി മാറുമ്പോഴാണ് ഭീതിദമാം വിധം ശിശുമരണനിരക്കും പോഷകാഹാരകുറവ് മൂലമുള്ള മരണവും വര്‍ദ്ധിക്കുന്നത്.
ആദ്യകാലങ്ങളില്‍ വിഷാംശമില്ലാത്ത ഇലക്കറികളും പ്രകൃതിദത്തമായ പോഷകാഹാരങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ആദിവാസികള്‍ അരോഗദൃഡഗാത്രരായിരുന്നു. എന്നാല്‍ മാറിയ ജീവിത സാഹചര്യങ്ങളിലും പരിസ്ഥിതിയിലും കൃഷി രീതിയിലും വന്ന മാറ്റങ്ങളാണ് ആദിമനിവാസികളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാക്കുന്നത്.വയലുകളില്‍ വാഴ കൃഷി വ്യാപകമായതോടെ കീടനാശിനികള്‍ തളിക്കുന്നത് ഏറ്റവും അധികം ദോഷകരമായി ബാധിച്ചത് ആദിവാസികളെയാണ്. വയലുകളിലുള്ള പൊന്നാങ്കണ്ണി, തകര തുടങ്ങിയ ചെടികള്‍ അപ്രത്യക്ഷമായി.ഇവര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഞെണ്ട്, പുഴ മീന്‍ തുടങ്ങിയ പോഷകമൂല്യമുള്ള ഭക്ഷ്യ വസ്തുക്കളും കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയും മൂലം പ്രകൃതിയില്‍ നിന്നും അപ്രത്യക്ഷമായി. സര്‍കാര്‍ സംവിധാനങ്ങള്‍ വഴി മരുന്നുകളും മറ്റും വിതരണം ചെയ്യുന്നതും ഇല്ലാതായതോടെയാണ് ആദിവാസികളുടെ നില കൂടുതല്‍ പരിതാപാവസ്ഥയിലായത്.

കുടകില്‍ ഇഞ്ചി പണിക്ക് ആദിവാസികളെ കൊണ്ട് പോകുന്നത്വ്യപകമായതോടെ മദ്യത്തിന് അടിമകളായി ആദിവാസികള്‍ മരിക്കുന്നതും വര്‍ദ്ധിച്ച് വരികയാണ്. ആദിവാസികള്‍ക്കിടയില്‍ ബാലവിവാഹം വര്‍ദ്ധിക്കുന്നതായ റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പോഷകാഹാര കുറവ് മൂലം നവജാത ശിശുമരണവും പ്രസക്തമാകുന്നത്.രണ്ടും കൂട്ടി വായിക്കേണ്ടതാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ആദിവാസികളുടെ അജ്ഞതയും അറിവില്ലായ്മയുമാണ് അവരുടെ ആരോഗ്യത്തിനും ആയുര്‍ദൈര്‍ഘ്യത്തിനും ഭീഷണിയായ ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നത്. പോഷകാഹാരകുറവ് ഗര്‍ഭിണികളുടെയും ശിശുക്കളുടേയും മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.ആദിവാസികള്‍ക്കിടയില്‍ ധാരാളം ബാല വിവാഹങ്ങള്‍ നടക്കുന്നുണ്ടെങ്കിലും റിപോര്‍ട്ട് ചെയ്യപ്പെടുന്നത് ചുരുക്കം ചിലത് മാത്രമാണ്. 2006ലെ ശൈശവവിവാഹനിരോധന നിയമം അനുസരിച്ച് 18 വയസില്‍ താഴെയുള്ള ബാലികമാരെ വിവാഹം ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താം.ഈ നിയമമനുസരിച്ച് ഐസിഡിപി പ്രോജക്ട് ഓഫീസര്‍മാരെ സംരക്ഷണ ഉദ്യോഗസ്ഥരായും നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

deshabhimani 290413

No comments:

Post a Comment