Thursday, April 25, 2013

ചെങ്ങറ പുനരധിവാസ പദ്ധതി പാതിയില്‍


പെരിയയിലെ ചെങ്ങറ പുനരധിവാസ കേന്ദ്രത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ചുവപ്പുനാടയില്‍ കുടുങ്ങി. പുനരധിവാസ ഫണ്ടില്‍ ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നത് 9.5 കോടി രൂപ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ചെങ്ങറ സമരകേന്ദ്രത്തിലെ കുടുംബങ്ങള്‍ക്കായി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പെരിയ കശുമാവിന്‍ തോട്ടത്തില്‍ 166 ഏക്കര്‍ ഭൂമി അനുവദിച്ചത്. ആദ്യഘട്ടത്തില്‍ 110 കുടുംബം ഇവിടെയെത്തിയെങ്കിലും തൃപ്തരായത് 50 കുടുംബങ്ങളാണ്. മറ്റുള്ള കുടുംബങ്ങളെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പുനരധിവസിപ്പിച്ചു. പെരിയ നാലക്കറയില്‍ കുടില്‍കെട്ടി താമസമാക്കിയ 50 കുടുംബത്തിനായി 43 ഏക്കര്‍ ഭൂമി ഉള്‍പ്പെടുത്തിയാണ് പുനരധിവാസ പദ്ധതി തയ്യാറാക്കിയത്. കലക്ടര്‍ ചെയര്‍മാനായി കെ ആര്‍ നാരായണന്‍ കോ- ഓപ്പറേറ്റീവ് സെറ്റില്‍മെന്റ് സൊസൈറ്റിക്കായിരുന്ന നിര്‍വഹണ ചുമതല. പദ്ധതി നടത്തിപ്പിന് 2010 നവംബര്‍ നാലിന് 11.37 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വീട്, കുടിവെള്ളം, റോഡ്, വൈദ്യുതി, സ്വയംതൊഴില്‍ പദ്ധതിക്കായി പശുവളര്‍ത്തല്‍, പുരുഷ തൊഴിലാളികള്‍ക്കായി ചെങ്കല്‍ ക്വാറി, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. പദ്ധതി പൂര്‍ത്തിയാകും മുമ്പെ 2011 മെയ് മാസത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നടത്തിയതോടെ ചെങ്ങറ കുടുംബങ്ങളെ അധികൃതര്‍ മറന്നു.

ഭവന നിര്‍മാണത്തിനായി 5.4 കോടി രൂപ നീക്കിവച്ചതില്‍ ഒരു കോടിയാണ് ഇതിനകം ചെലവഴിച്ചത്. ചെറു വീടുകളിലാണ് അഞ്ചംഗങ്ങള്‍ വരെയുള്ള കുടുംബങ്ങളുടെ താമസം. വീടിനോട് ചേര്‍ന്ന് തൊഴുത്തും വളക്കുഴിയും നിര്‍മിച്ചതിനാല്‍ മഴക്കാലത്ത് ജീവിതം ദുരിതപൂര്‍ണമാണ്. കുടിവെള്ളത്തിനും വൈദ്യുതീകരണത്തിനുമായി 1.78 കോടി വകയിരുത്തിയെങ്കിലും ചെലവഴിച്ചത് 40 ലക്ഷം. രണ്ട് കുഴല്‍കിണറുള്ളതില്‍ മോട്ടോര്‍ തകരാര്‍ കാരണം കുടിവെള്ളം ലഭിക്കുന്നില്ല. വേനലാരംഭത്തോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. കിലോമീറ്ററുകള്‍ നടന്ന് സ്വകാര്യവ്യക്തികളുടെ കിണറുകളില്‍നിന്നാണ് വെള്ളം ശേഖരിക്കുന്നത്. പശു വളര്‍ത്തലിന്റെ ഭാഗമായി രണ്ടേക്കര്‍ ഭൂമിയില്‍ തീറ്റപ്പുല്‍ കൃഷി തുടങ്ങിയെങ്കിലും വെള്ളമില്ലാത്തതിനാല്‍ കരിഞ്ഞുണങ്ങി. ചെങ്കല്‍ ക്വാറിക്കായി 7.5 ലക്ഷം രൂപ ചെലവിട്ടെങ്കിലും ചെങ്കല്‍ ഖനനം നിലച്ചു. കൃഷിക്കും സ്വയം തൊഴിലിനുമായി 3.09 കോടി രൂപ നീക്കിവച്ചതില്‍ ചെലവഴിച്ചത് 2.5 കോടി. അവശേഷിക്കുന്ന വീടുകളുടെ നിര്‍മാണം പാതിവഴിയിലാണ്. വൈദ്യുതീകരണ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടില്ല. തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള പദ്ധതികളും മുടങ്ങി.

deshabhimani 250413

No comments:

Post a Comment