Saturday, April 27, 2013

വിദേശവാര്‍ത്തകള്‍ - ഗ്വാണ്ടനാമോ, പലസ്തീന്‍, ഗ്രീസ്


ഗ്വാണ്ടനാമോ തടവുകാരുടെ നിരാഹാരസമരം ശക്തമായി

മിയാമി: ഗ്വാണ്ടനാമോ ദ്വീപില്‍ അമേരിക്ക തടവിലിട്ടിരിക്കുന്നവര്‍ നടത്തുന്ന നിരാഹാരസമരം ശക്തമായി. പ്രത്യേക സെല്ലുകളിലേക്ക് മാറ്റാനുള്ള അമേരിക്കന്‍ സൈന്യത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് നിരാഹാരം അനുഷ്ഠിക്കുന്ന തടവുകാരുടെ എണ്ണം 92 ആയി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി എട്ടുപേര്‍ കൂടി കഴിഞ്ഞദിവസം നിരാഹാരസമരത്തില്‍ പങ്കുചേര്‍ന്നു. ബുധനാഴ്ച ഡോക്ടര്‍മാര്‍ നടത്തിയ കണക്കെടുപ്പിലാണ് നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി കണ്ടെത്തിയത്.

തടവിലുള്ളവരെ പ്രത്യേകം പ്രത്യേകം സെല്ലുകളിലേക്ക് മാറ്റാനുള്ള നീക്കം ജയില്‍ ജീവനക്കാരും തടവുകാരും തമ്മില്‍ സംഘര്‍ഷത്തിന് വഴിയൊരുക്കിയിരുന്നു. ഫെബ്രുവരിയില്‍ തടവുകാര്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് പ്രക്ഷോഭം ആരംഭിച്ചിരുന്നുവെങ്കിലും ഇവരുടെ കണക്കെടുക്കാന്‍ സൈന്യം തയ്യാറായില്ലെന്ന് തടവുകാരുടെ അഭിഭാഷകര്‍ ആരോപിച്ചു. ക്യൂബന്‍ ദ്വീപായ ഗ്വാണ്ടനാമോ കൈയടക്കിവച്ചിരിക്കുന്ന അമേരിക്ക അവിടെയാണ് പല രാജ്യങ്ങളില്‍നിന്ന് ഇസ്ലാമിക തീവ്രവാദികള്‍ എന്നാരോപിച്ച് തടവിലാക്കിയവരെ പാര്‍പ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ നിയമങ്ങളൊന്നും ഇവര്‍ക്ക് ബാധകമല്ല.

ഇസ്രയേലി മതിലിനെതിരെ പലസ്തീന്‍ ക്രൈസ്തവര്‍

ബെയ്റ്റ് ജാല: പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിനെ വെട്ടിമുറിച്ച് ഇസ്രയേല്‍ നടത്തിവരുന്ന വംശീയ മതില്‍ നിര്‍മാണത്തിനെതിരെ തദ്ദേശ ക്രൈസ്തവര്‍ പ്രക്ഷോഭം ശക്തമാക്കുന്നു. പലസ്തീനിലെ ക്രൈസ്തവ സഭയുടെ സ്വത്തുക്കള്‍ വന്‍തോതില്‍ കവരുന്ന ഇസ്രയേലി മതില്‍ നിര്‍മാണത്തിനെതിരെ വത്തിക്കാന്‍ ഇടപെടല്‍ ശക്തമാക്കണമെന്നാണ് അവരുടെ ആവശ്യം. ഈ ആവശ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാന്‍ പ്രതിനിധി സംഘത്തെ അയക്കാന്‍ ഒരുങ്ങുകയാണ് ബെയ്റ്റ് ജാലയിലെ ക്രൈസ്തവര്‍. യേശു ജനിച്ച ബെത്ലഹേമിനോട് ചേര്‍ന്നുള്ള ഈ ഗ്രാമത്തിലെ 16000 ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്.

ബെയ്റ്റ് ജാലയിലെ ക്രെമിസന്‍ താഴ്വരയില്‍ 790 ഏക്കര്‍ സ്ഥലം മതില്‍ നിര്‍മാണത്തിനായി പിടിച്ചെടുക്കാനാണ് ഇസ്രയേലി പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ഇതില്‍ മൂന്നിലൊന്നും വത്തിക്കാന്റെ സ്വത്താണ്. ബാക്കിയുള്ളത് 60 ക്രൈസ്തവ കുടുംബങ്ങളുടേതാണ്. ഇവിടെയുള്ള ക്രൈസ്തവ മഠവും 131 വര്‍ഷമായി പുരോഹിതര്‍ വീഞ്ഞുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മുന്തിരിത്തോട്ടവും മറ്റും ഇസ്രയേലിലാവും. കത്തോലിക്കാ സ്വത്തുക്കള്‍ പിടിച്ചെടുക്കരുതെന്ന് വത്തിക്കാന്‍ ഇസ്രയേലിനോട് നേരത്തെ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. വത്തിക്കാന്‍ തങ്ങളുടെ നിയമയുദ്ധത്തില്‍ പങ്കുചേരുകയോ ഇസ്രയേലിനെ പരസ്യമായി അപലപിക്കുകയോ ചെയ്യണമെന്ന് സഭയുടെ പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നു. ഒരു പതിറ്റാണ്ട് മുമ്പ് ഇസ്രയേല്‍ ആരംഭിച്ച മതില്‍നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഐക്യരാഷ്ട്രസംഘടനയും ലോകരാഷ്ട്രങ്ങളും ആവശ്യപ്പെട്ടിട്ടും അതവഗണിച്ചാണ് തുടരുന്നത്. മതിലിന്റെ സ്ഥാനം മാറ്റുകയെങ്കിലും ചെയ്യണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. മതില്‍നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ അവശിഷ്ട പലസ്തീന്‍ പ്രദേശങ്ങളില്‍ 10 ശതമാനംകൂടി ഇസ്രയേലിലാവും.

യൂറോപ്പില്‍നിന്ന് തുരത്തപ്പെട്ട ജൂതരെ കുടിയിരുത്താന്‍ 1947ല്‍ യുഎന്‍ പലസ്തീന്‍ പ്രദേശം വെട്ടിമുറിച്ചപ്പോള്‍ പലസ്തീന്‍ രാഷ്ട്രത്തിന് നീക്കിവച്ച പ്രദേശത്തിന്റെ പകുതിപോലും നിലവില്‍ അവര്‍ക്കില്ല. ഇതിനിടെ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതില്‍ ഐക്യരാഷ്ട്ര രക്ഷാസമിതി പുലര്‍ത്തുന്ന നിസ്സംഗതയെ യുഎന്നിലെ പലസ്തീന്‍ പ്രതിനിധി റിയാദ്മന്‍സൂര്‍ രൂക്ഷമായി വിമര്‍ശിച്ചു. യുഎന്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ നിന്ന് ഒളിച്ചോടുന്നതിനെയും പലസ്തീന്‍ പ്രതിനിധി വിമര്‍ശിച്ചു. മധ്യപൗരസ്ത്യ വിഷയങ്ങള്‍ സംബന്ധിച്ച് രക്ഷാസമിതിയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രീസില്‍ വംശീയ ആക്രമണം വര്‍ധിക്കുന്നു

ഏതന്‍സ്: ഗ്രീസില്‍ വംശീയ വിദ്വേഷംമൂലമുള്ള ആക്രമണം വന്‍തോതില്‍ വര്‍ധിക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍. 2012ല്‍ മാത്രം 154 വംശീയ ആക്രമണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 25ലേറെ കേസുകളില്‍ പൊലീസാണ് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. യൂറോപ്പിലെ സാമ്പത്തികമാന്ദ്യത്തെയും വന്‍തോതിലുള്ള തൊഴില്‍ വെട്ടിക്കുറയ്ക്കലിനെയും തുടര്‍ന്നാണ് വംശീയ ആക്രമണം വര്‍ധിച്ചതെന്ന് ദ റേസിസ്റ്റ് വയലന്‍സ് റെക്കാഡിങ് നെറ്റ്വര്‍ക്ക് പുറത്തിറക്കിയ സര്‍വേയില്‍ പറയുന്നു.

വന്‍ സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ഗ്രീസില്‍ തൊഴിലില്ലായ്മ 27 ശതമാനത്തോളമായെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏതന്‍സിലാണ് ഏറ്റവുമധികം വംശീയ ആക്രമണമുണ്ടായത്. രാജ്യത്ത് വംശീയ ആക്രമണങ്ങളില്‍ മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനയുണ്ടായതായി ഗ്രീസിലെ ദേശീയ മനുഷ്യാവകാശ കമീഷന്‍ തലവന്‍ കോസ്തിസ് പപയ്ഞ്ഞു പറഞ്ഞു. യഥാര്‍ഥ കണക്ക് ഇതിലേറെ വരുമെങ്കിലും പലരും ഭയം കാരണം പരാതി നല്‍കാന്‍ മുന്നോട്ടുവരുന്നില്ല.

deshabhimani 260413

No comments:

Post a Comment