Tuesday, April 30, 2013

സര്‍ക്കാര്‍ വിശ്വാസ വഞ്ചന കാട്ടി: സുപ്രീം കോടതി


കല്‍ക്കരി കുംഭകോണക്കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ അതിരൂക്ഷമായ വിമര്‍ശം. സിബിഐ സമര്‍പ്പിച്ച തിരുത്തിയ റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ വിശ്വാസ വഞ്ചന കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി സിബിഐയെയും രൂക്ഷമായി വിമര്‍ശിച്ചു.

സര്‍ക്കാര്‍ യഥാര്‍ഥ വസ്തുത മറച്ചുവെച്ചുവെന്ന് കോടതി നിരീക്ഷിച്ചു. വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെച്ചുവെന്ന സിബിഐ റിപ്പോര്‍ട്ട് വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് നടപടി ക്രമങ്ങളുടെ ലംഘനമാണ്. അന്വേഷണം സ്വതന്ത്രമാവണം. സിബിഐ നിഷ്പക്ഷമായ ഏജന്‍സിയായി പ്രവര്‍ത്തിക്കണം. കേന്ദ്രസര്‍ക്കാരിന് വലിയ തിരിച്ചടി നല്‍കുന്ന നിരീക്ഷണങ്ങളിലൂടെ കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നിയമമന്ത്രിയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ട് തിരുത്തിയതിന്റെ വിശദാംശങ്ങള്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. കല്‍ക്കരി കുംഭകോണക്കേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നിയമമന്ത്രാലയവും പ്രധാനമന്ത്രി കാര്യാലയവും പരിശോധിച്ചുവെന്ന സിബിഐ സത്യവാങ്മൂലം കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. പ്രധാനമന്ത്രിയും നിയമമന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിച്ചിരുന്നു.

കേസന്വേഷണം അട്ടിമറിക്കാന്‍ നിയമമന്ത്രി അശ്വനികുമാര്‍ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ പ്രതികരണം സര്‍ക്കാരും പ്രതിപക്ഷ പാര്‍ടികളും ഉറ്റുനോക്കുകയാണ്. ജസ്റ്റിസുമാരായ ആര്‍ എം ലോധ, ജെ ചെലമേശ്വര്‍, മദന്‍ ബി ലൊകുര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

deshabhimani

No comments:

Post a Comment