Monday, April 29, 2013

പാചകവാതക സബ്സിഡി ഒക്ടോബര്‍മുതല്‍ ബാങ്കിലേക്ക്


പാചകവാതക സബ്സിഡി ബാങ്കുകളിലൂടെ നേരിട്ട് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഒക്ടോബര്‍ ഒന്നിന് പൂര്‍ണതോതില്‍ നിലവില്‍ വരും. ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് സബ്സിഡി വിതരണം. ഇതോടെ വിപണിവില(ആയിരം രൂപയോളം) നല്‍കി പാചകവാതകം വാങ്ങേണ്ടിവരും. പിന്നീട് സബ്സിഡി പണം ബാങ്കുകളില്‍നിന്ന് വാങ്ങണം. രാജ്യവ്യാപകമായി 14 കോടി പാചകവാതക ഉപയോക്താക്കള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. സബ്സിഡി ബാങ്കുകള്‍വഴി നല്‍കുന്നതിനെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാതെയാണ് പദ്ധതി നടപ്പാക്കാനുള്ള നീക്കം.

സബ്സിഡി ലഭിക്കാന്‍ ആവശ്യമായ ബാങ്ക് അക്കൗണ്ടും ആധാര്‍ നമ്പറും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ലഭ്യമായിട്ടില്ല. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) രാജ്യത്ത് 32 കോടി ആധാര്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാര്‍ നമ്പറുള്ളത് 84 ലക്ഷം പേര്‍ക്ക് മാത്രം. ആധാറുമായി ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നത് വേഗത്തിലാക്കാന്‍ ധനമന്ത്രാലയം പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടു.

പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയത് 20 ജില്ലകളിലാണ്. മെയ് മധ്യത്തോടെ ഈ ജില്ലകളില്‍ പൂര്‍ണമായും സബ്സിഡി ബാങ്കുകള്‍ വഴിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ജനുവരി മുതല്‍ പദ്ധതി നടപ്പാക്കിയ 43 ജില്ലകളില്‍ കേരളത്തിലെ വയനാടും പത്തനംതിട്ടയും ഉള്‍പ്പെടുന്നു.

ജൂലൈയില്‍ ആരംഭിക്കുന്ന രണ്ടാംഘട്ടത്തില്‍ പാലക്കാട്, കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളെയും ഉള്‍പ്പെടുത്തും. രാജ്യത്തെ 78 ജില്ലകളാണ് രണ്ടാംഘട്ടത്തില്‍ വരുന്നത്. സബ്സിഡി നിരക്കില്‍ ഒന്‍പത് സിലിണ്ടറുകളാണ് നിലവില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. പദ്ധതി വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച ഉദ്യോഗസ്ഥതല യോഗം വിളിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കിത്തുടങ്ങിയതും ജൂലൈയില്‍ തുടങ്ങാനിരിക്കുന്നതുമായ 121 ജില്ലകളിലെ കലക്ടര്‍മാരുടെ യോഗമാണ് വിളിച്ചത്.

deshabhimani 290413

No comments:

Post a Comment