Monday, April 29, 2013

ഹഡ്കോയില്‍നിന്ന് വായ്പയെടുത്തത് രാഘവന്റെ കാലത്ത്: എം വി ജയരാജന്‍


പരിയാരം: കുടിശ്ശിക ഈടാക്കാന്‍ നടപടിയാകാമെന്ന് ട്രിബ്യൂണല്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് തിരിച്ചടയ്ക്കാനുള്ള വായ്പത്തുക ഈടാക്കാന്‍ ഹഡ്കോയ്ക്ക് നടപടിയെടുക്കാമെന്ന് തെഫ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വിധി. ഹഡ്കോയില്‍നിന്ന് എം വി രാഘവന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സംസ്ഥാന സര്‍ക്കാരിന്റെ ജാമ്യത്തില്‍ എടുത്ത വായ്പ സംബന്ധിച്ച ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ വിധി. 1995-ല്‍ കെട്ടിടങ്ങള്‍ക്കും അനുബന്ധ സൗകര്യങ്ങള്‍ക്കുമായാണ് 46.5 കോടി രൂപ വായ്പയെടുത്തത്. വായ്പ തിരിച്ചടക്കാത്തതിനെതുടര്‍ന്ന് പലിശയും പിഴപ്പലിശയും ചേര്‍ത്ത് 658 കോടി രൂപ ഈടാക്കുന്നതിനുവേണ്ടിയാണ് ഹഡ്കോ ട്രിബ്യൂണലിനെ സമീപിച്ചത്. വിധി സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ഭരണസമിതി ചെയര്‍മാന്‍ എം വി ജയരാജന്‍ അറിയിച്ചു. ഇത്രയും വലിയ വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി സ്ഥാപനത്തിനില്ലെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തും. അഭിഭാഷകരുമായി കൂടിയാലോചിച്ച് ചെന്നൈ ആസ്ഥാനമായുള്ള തെഫ്റ്റ് ട്രിബ്യൂണല്‍ അപ്പലറ്റ് അതോറിറ്റിയെ സമീപിക്കും. വായ്പത്തുക സ്ഥാപനം തിരിച്ചടയ്ക്കേണ്ടതുതന്നെയാണ്. നിലവിലുള്ള ഭരണസമിതിയുടെ കാലത്ത് പുതിയ വായ്പകള്‍ വാങ്ങിയില്ലെന്നുമാത്രമല്ല, 9 കോടിയുടെ കടം തിരിച്ചടക്കുകയും ചെയ്തിട്ടുണ്ടെന്ന് ജയരാജന്‍ പറഞ്ഞു.

കടബാധ്യത തിരിച്ചുപിടിക്കല്‍ സംബന്ധിച്ച് നിലവിലുള്ള സുപ്രീംകോടതി വിധിപ്രകാരം ഇത്രയും തുക ഹഡ്കോയ്ക്ക് ഈടാക്കാനാവില്ല. മുതല്‍സംഖ്യയേക്കാള്‍ കൂടുതല്‍ തുക പലിശ ഇനത്തില്‍ ഈടാക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. സര്‍ക്കാരാണ് ജാമ്യമെന്നതിനാല്‍ ജപ്തി നടപടികളും സാധ്യമാവില്ല. 2005 വരെ 19 ശതമാനവും തുടര്‍ന്നിങ്ങോട്ട് പിഴപ്പലിശ 12 ശതമാനം ഉള്‍പ്പടെ 31 ശതമാനം പലിശയുമാണ് ഹഡ്കോ കണക്കാക്കിയിട്ടുള്ളത്. ആദ്യകാലംമുതലുണ്ടായ സാമ്പത്തികനഷ്ടം കാരണം ഇതുവരെയും തിരിച്ചടവുണ്ടായില്ല. തിരിച്ചടവ് മുടങ്ങിയത് ഹഡ്കോ പലതവണ പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും ജി സുധാകരന്‍ സഹകരണ മന്ത്രിയായിരിക്കെ സര്‍ക്കാര്‍തലത്തിലും ചര്‍ച്ചകള്‍ നടന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ മുതലും പരിമിതമായ പലിശയും ചേര്‍ത്ത് 100 കോടി രൂപ തിരിച്ചടച്ച് വായ്പ അവസാനിപ്പിക്കാന്‍ ധാരണയായെങ്കിലും നടപടി വൈകി. തുടര്‍ന്നാണ് ഹഡ്കോ എറണാകുളത്തെ തെഫ്റ്റ് റിക്കവറി ട്രിബൂണലിനെ സമീപിച്ചത്.

ഹഡ്കോ വായ്പ തിരിച്ചടക്കുന്നതിന് സഹായം ആവശ്യപ്പെട്ട് സംസ്ഥാന ബജറ്റിനുമുമ്പ് ഭരണസമിതി മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ബജറ്റില്‍ പണം വകയിരുത്താത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും തുടര്‍ന്ന് അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ തുക നല്‍കിയില്ല. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 2 കോടി രൂപ കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിന് നല്‍കിയപ്പോഴും പരിയാരത്തെ തഴഞ്ഞു. 800 കോടിയോളം രൂപയാണ് പരിയാരം മെഡിക്കല്‍ കോളേജിന്റെ ആകെ കടബാധ്യത. സര്‍ക്കാര്‍വക ഭൂമിയും സഹകരണവകുപ്പിന്റെ മുതല്‍മുടക്കുമായി 3000 കോടിയുടെ ആസ്തി മെഡിക്കല്‍ കോളേജിനുണ്ട്.

ഹഡ്കോയില്‍നിന്ന് വായ്പയെടുത്തത് രാഘവന്റെ കാലത്ത്: എം വി ജയരാജന്‍

തിരു: ഹഡ്കോയില്‍നിന്നെടുത്ത വായ്പയുമായി ബന്ധപ്പെട്ട് പരിയാരം സഹകരണ മെഡിക്കല്‍ കോളേജിനെതിരെയുണ്ടായിരിക്കുന്ന ജപ്തി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഭരണസമിതി ചെയര്‍മാന്‍ എം വി ജയരാജന്‍ പറഞ്ഞു. എം വി രാഘവന്റെ കാലത്താണ് ഹഡ്കോയില്‍നിന്ന് 46.5 കോടി രൂപ വായ്പയെടുത്തത്. എല്‍ഡിഎഫ് ഭരണകാലത്ത് ഈ വായ്പയില്‍ ഒമ്പതുകോടി രൂപ തിരിച്ചടയ്ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

2005 വരെ 19 ശതമാനവും 2005നുശേഷം 31 ശതമാനവും പലിശനിരക്കാണ് ഹഡ്കോ നിശ്ചയിച്ചത്. അതിനാല്‍ 658 കോടിയായി വായ്പത്തുക വര്‍ധിച്ചു. ഇത് വായ്പ എടുത്തതിന്റെ 15 ഇരട്ടിയാണ്. പലിശസംബന്ധിച്ച കോടതിനിര്‍ദേശങ്ങള്‍ക്കുവിരുദ്ധമായിട്ടാണ് ഹഡ്കോ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലായിരുന്നു വായ്പ. അതുകൊണ്ട് സര്‍ക്കാരുമായി കൂടിയാലോചിച്ച് പ്രശ്നത്തിന് പരിഹാരം കാണാന്‍ പരിശ്രമിക്കും. ബജറ്റിനുമുമ്പ് മുഖ്യമന്ത്രിയെയും സഹകരണമന്ത്രിയെയും നേരില്‍ കണ്ട് ഹഡ്കോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വായ്പത്തുക നല്‍കാന്‍ സാമ്പത്തികസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബജറ്റില്‍ ഇതിനുള്ള തുക വകയിരുത്തിയില്ല. അതുകൊണ്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ വീണ്ടും കാണും. കടം തിരിച്ചടവ് ട്രിബ്യൂണലിന്റെ വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അഭിഭാഷകരുമായി കൂടിയാലോചിച്ച് അപ്പീല്‍ നല്‍കാനുള്ള നടപടി തീരുമാനിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു.

deshabhimani 290413

No comments:

Post a Comment