Thursday, April 25, 2013

മൃഗങ്ങളെ നാണിപ്പിക്കുന്ന പൊലീസ്


മൃഗങ്ങള്‍പോലും ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുദിനം ചെയ്തുകൂട്ടുന്നതെന്ന് സുപ്രിം കോടതി.  അഞ്ചു വയസുകാരി ബാലിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതിഷേധവുമായി ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും തെരുവിലിറങ്ങിയ സ്ത്രീകള്‍ക്കെതിരേ അതിക്രമം അഴിച്ചുവിട്ട പൊലീസുകാര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത സുപ്രിം കോടതി സംഭവത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ഇങ്ങനെ പ്രതികരിച്ചത്.      

ബാലിക പീഡനത്തിന് എതിരെ സ്ത്രീകള്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ ഒരു യുവതിയുടെ കരണത്ത് അസിസ്റ്റന്റ് പൊലീസ്  ഇന്‍സ്‌പെക്ടര്‍ അടിച്ചത് വന്‍ വിവാദമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തിയെ നിശിതമായി വിമര്‍ശിച്ച കോടതി  ഇക്കാര്യത്തില്‍ ഡല്‍ഹി പൊലീസ് ചീഫ് വിശദീകരണം നല്‍കണമെന്നും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. ബാലിക പീഡനത്തിനെതിരെ യു പിയിലെ അലിഗഢിലും സ്ത്രീകള്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ 65 വയസ്സുള്ള വൃദ്ധയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. രണ്ട് സമാന സംഭവത്തിലും അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കോടതി ഇരുസര്‍ക്കാരുകളോടും നിര്‍ദേശിച്ചു.

പൊലീസുകാരുടെ അതിക്രമം രാജ്യത്തിനു തന്നെ അധിക്ഷേപമാണ്. സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ നാണമില്ലേയെന്നും കോടതി  ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ  അഭിഭാഷകന്‍ ഗൗരവ് ഭാട്ടിയയോട് ചോദിച്ചു. സ്ത്രീകളുടെ പ്രക്ഷോഭം പൊലീസുകാര്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് കരുതുന്നതെന്നു റിപ്പോര്‍ട്ട് നല്‍കണമെന്ന് യുപി ചീഫ് സെക്രട്ടറിക്കും ഡല്‍ഹി പൊലീസിനും കോടതി നിര്‍ദേശം നല്‍കി. നിരായുധയായ ഒരു പെണ്‍കുട്ടിയെയും വൃദ്ധയെയും പൊലീസിന് എങ്ങനെ മര്‍ദ്ദിക്കാന്‍ കഴിയുന്നു. നിങ്ങളുടെ ബോധം അപ്പാടെ നശിച്ചുപോയോ? കോടതി ചോദിച്ചു. മുന്‍ റയില്‍വെ മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി  ഒരു ട്രെയിന്‍ അപകടമുണ്ടായ വേളയില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിപദം രാജിവച്ച സംഭവവും കേസ് പരിഗണിക്കുന്നതിനിടെ കോടതി പരാമര്‍ശിച്ചു.
ജസ്റ്റീസ് ജിഎസ് സിംഘ്‌വി തലവനായുള്ള ബെഞ്ചാണ് ഡല്‍ഹി ഉത്തര്‍ പ്രദേശ് സര്‍ക്കാരുകള്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

ബാലികയെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിക്ക് പുറത്തു പ്രക്ഷോഭം നടത്തിയ യുവതിയുടെ മുഖത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ അടിക്കുന്ന ദൃശ്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇയാള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ ഭാഗങ്ങളില്‍നിന്ന് മുറവിളി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യുപിയില്‍ പ്രക്ഷോഭത്തിനെത്തിയ 65 വയസുള്ള വൃദ്ധയെ തള്ളിയിടുന്ന ദൃശ്യവും ഏറെ ചലനം സൃഷ്ടിച്ചിരുന്നു.

janayugom 260413

No comments:

Post a Comment