Monday, April 29, 2013

സര്‍ക്കാര്‍ വ്യവസ്ഥകള്‍ മാനേജ്മെന്റുകളെ സഹായിക്കാന്‍


സ്വകാര്യ ആശുപത്രി നേഴ്സുമാരുടെയും ജീവനക്കാരുടെയും വേതനം വര്‍ധിപ്പിച്ചെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറും തട്ടിപ്പ്. ആശുപത്രി മാനേജ്മെന്റുകള്‍ക്ക് സഹായകമായ വ്യവസ്ഥകളാണ് വേതനവര്‍ധനയെന്ന പേരില്‍ നടപ്പാക്കുന്നത്. 16 നാണ് സര്‍ക്കാര്‍ ശമ്പളവര്‍ധ പ്രഖ്യാപിച്ചത്. നിലവില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ 25 ശതമാനം വര്‍ധന പൊതുവില്‍ ലഭിക്കുമെന്നായിരുന്നു മന്ത്രി ഷിബു ബേബിജോണിന്റെ പ്രഖ്യാപനം. എന്നാല്‍ ഇത് ലഭിക്കില്ലെന്നു മാത്രമല്ല, ഡോ. എസ് ബലരാമന്‍ കമ്മിറ്റി ശുപാര്‍ശ പൂര്‍ണമായും അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നേഴ്സുമാരുടെ നിരന്തര സമരത്തെത്തുടര്‍ന്ന് പ്രശ്നങ്ങള്‍ പഠിക്കുന്നതിനായാണ് സര്‍ക്കാര്‍ ഡോ. എസ് ബലരാമന്‍ കമ്മിറ്റിയെ നിയമിച്ചത്. കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചില്ല. പകരം പ്രശ്നപരിഹാരത്തിനെന്നപേരില്‍ തൊഴില്‍, ആരോഗ്യ വകുപ്പുകള്‍, ആശുപത്രി മാനേജ്മെന്റ്, നേഴ്സിങ് സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി വ്യവസായ അനുബന്ധ സമിതി രൂപീകരിച്ചു. ഒരു മാസത്തിനുള്ളില്‍ നേഴ്സുമാരുടെ പ്രശ്നത്തിന് സമിതി പരിഹാരം കാണുമെന്നാണ് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞത്. എന്നാല്‍ ഒരുവര്‍ഷത്തിനുശേഷമാണ് വേതനവര്‍ധന പ്രഖ്യാപിക്കാനായത്.

ഇത് നടപ്പാക്കാതിരിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. പുതിയ വേതനഘടന നടപ്പാക്കുന്നതിലോ മറ്റ് സേവന-വേതന വ്യവസ്ഥകളുടെ പേരിലോ തര്‍ക്കംവന്നാല്‍ അത് വ്യവസായ അനുബന്ധ സമിതി പരിശോധിക്കുമെന്ന വ്യവസ്ഥ ഇതില്‍ ഒന്നാണ്. ഇതുമൂലം തൊഴില്‍വകുപ്പിന്റെ നേരിട്ടുള്ള ഇടപെടല്‍ അസാധ്യമാകും. കൂടാതെ മാനേജ്മെന്റുകള്‍ക്ക് സമ്മര്‍ദംചെലുത്തി ശമ്പള വര്‍ധന നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാകുമെന്ന് നേഴ്സുമാര്‍ പറഞ്ഞു. ബലരാമന്‍ കമ്മിറ്റി ശുപാര്‍ശയേക്കാളും 3000 രൂപയിലധികം കുറവാണ് നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം. ഇതനുസരിച്ച് മറ്റ് ആനുകൂല്യങ്ങളും കുറയും. കിടക്കകളുടെ എണ്ണത്തില്‍ ആശുപത്രികളെ തരംതിരിക്കുന്നതിലും മാനേജ്മെന്റുകള്‍ക്ക് തിരിമറി നടത്താം. പുതിയ വ്യവസ്ഥ അനുസരിച്ച് ആശുപത്രികളിലെ വിവിധ ചികില്‍സാവിഭാഗങ്ങള്‍ പ്രത്യേകം രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ അവിടെ കിടക്കകള്‍ കുറച്ചു കാണിക്കാനാകും. ഇതനുസരിച്ചുള്ള കുറഞ്ഞ വേതനം നേഴ്സുമാര്‍ക്ക് നല്‍കിയാല്‍ മതി. ആശുപത്രികള്‍ക്ക് ആകെ ആവശ്യമുള്ള നേഴ്സുമാരില്‍ 25 ശതമാനംപേരെ ട്രെയ്നികളായി നിയമിക്കാനും സര്‍ക്കാര്‍ അവസരമൊരുക്കി. ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സിലിന്റെയും കേരള നേഴ്സിങ് കൗണ്‍സിലിന്റെയും നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണിത്. ട്രെയ്നിങ് കാലയളവില്‍ സ്റ്റൈപ്പന്റ് അല്ലാതെ മറ്റ് ആനുകൂല്യമൊന്നും നല്‍കേണ്ടതില്ല. കാരണങ്ങളൊന്നുമില്ലാതെ പിരിച്ചു വിടുകയും ചെയ്യാം. ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സിലിന്റെ 1958 ലെ നിയമഭേദഗതി അനുസരിച്ച് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ നേഴ്സുമാരെ ട്രെയ്നികളായി നിയമിക്കാന്‍ പാടില്ല. ഇതിന്റെ ലംഘനമാണ് ഇപ്പോള്‍ വ്യവസായ അനുബന്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.

നേഴ്സുമാരോടുള്ള വഞ്ചന അവസാനിപ്പിക്കണമെന്നും ഡോ. എസ് ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യുഎന്‍എ), ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ (ഐഎന്‍എ) എന്നീ സംഘടനകള്‍ അറിയിച്ചു.

deshabhimani 290413

No comments:

Post a Comment