Saturday, May 18, 2013

പണപ്പിരിവ്; 2 എബിവിപിക്കാര്‍ക്ക് സസ്പെന്‍ഷന്‍

സ്വാമി വിവേകാനന്ദന്റെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തിയതിനും കോളജിന്റെ അച്ചടക്കം ലംഘിച്ചതിനും എംജി കോളജിലെ എബിവിപി യൂണിറ്റ് ഭാരവാഹികളെ സസ്പെന്‍ഡു ചെയ്തു. രണ്ടാംവര്‍ഷ സൈക്കോളജി ബിരുദവിദ്യാര്‍ഥി ആര്‍ അഭിലാഷ്, രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥി വി വിപിന്‍കുമാര്‍ എന്നിവരെയാണ് കോളേജ് അച്ചടക്ക കമ്മിറ്റി സസ്പെന്‍ഡു ചെയ്തത്.

വിവേകോത്സവത്തിന്റെ പേരില്‍ 12.5 ലക്ഷത്തോളം രൂപയാണ് എബിവിപി പ്രവര്‍ത്തകര്‍ കുട്ടികളില്‍നിന്ന് നിര്‍ബന്ധപിരിവിലൂടെ സ്വരൂപിച്ചത്. എന്നാല്‍, ഇതിന്റെ കണക്ക് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ നല്‍കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് നടപടി. സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ഫെയര്‍വെല്‍ യോഗം നടത്താന്‍ എബിവിപി നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇത് അനുവദിക്കില്ലെന്നുള്ള അധികൃതരുടെ അറിയിപ്പ് നോട്ടീസ് ബോര്‍ഡില്‍ പതിച്ചിരുന്നു. ഇത് കീറിയെടുത്ത് പുറത്തുനിന്നുള്ള ആര്‍എസ്എസുകാരുടെ പിന്‍ബലത്തോടെ പ്രിന്‍സിപ്പലിന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു.

ഇതേത്തുടര്‍ന്ന് രക്ഷിതാക്കളെയും കൂട്ടി കോളേജില്‍ വരണമെന്ന് പ്രിന്‍സിപ്പല്‍ അഭിലാഷിനോടും വിപിനോടും ആവശ്യപ്പെട്ടു. എന്നാല്‍, വ്യാജ"അച്ഛന്‍"മാരെയാണ് ഇവര്‍കോളേജില്‍ കൊണ്ടുവന്നത്. തുടര്‍ന്നാണ് ഇവരെ 27 വരെ സസ്പെന്‍ഡു ചെയ്തത്. അതിനുള്ളില്‍ കോളേജില്‍ പ്രവേശിക്കാന്‍ പാടില്ല. അച്ചടക്കകമ്മിറ്റിക്കുമുമ്പില്‍ യഥാര്‍ഥ രക്ഷിതാക്കളെ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പൂവത്തൂര്‍ സ്കൂളില്‍ എബിവിപി അക്രമം

നെടുമങ്ങാട്: അവധിക്കാലക്ലാസ് മുടക്കാന്‍ പൂവത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എബിവിപി അക്രമിസംഘത്തിന്റെ പരാക്രമം. വിദ്യാര്‍ഥികളെ വിരട്ടി ഓടിച്ചു. അധ്യാപികമാരെ അസഭ്യം വിളിച്ചു. ക്ലാസ്മുറിയില്‍ അതിക്രമിച്ചുകയറി ബെഞ്ചും ഡെസ്കും അടിച്ചുതകര്‍ത്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു അക്രമിസംഘത്തിന്റെ പരാക്രമം. പഠിപ്പുമുടക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിലെത്തിയ പത്തംഗസംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. പ്ലസ്ടുവിനും എസ്എസ്എല്‍സിക്കും ഉന്നതവിജയം ലക്ഷ്യമിട്ട് ഏതാനും ദിവസമായി സ്കൂളില്‍ അവധിക്കാലക്ലാസ് നടക്കുന്നുണ്ട്. ഹ്യൂമാനിറ്റീസ്, സയന്‍സ് വിഷയങ്ങളില്‍ വെള്ളിയാഴ്ചയും ക്ലാസുണ്ടായിരുന്നു. ക്ലാസ് നടക്കുമ്പോള്‍ പകല്‍ പതിനൊന്നോടെ എബിവിപി പ്രവര്‍ത്തകരായ ആനന്ദ്, വിഷ്ണു, ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ഒരുസംഘം പഠിപ്പുമുടക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിലെത്തി. കാരണം തിരക്കിയ അധ്യാപികമാരെ സംഘം അസഭ്യംവിളിച്ചും ആക്രോശിച്ചും അപമാനിച്ചു. ക്ലാസിലിരുന്ന വിദ്യാര്‍ഥിനികളെപ്പോലും ആക്രമിക്കാന്‍ ശ്രമിച്ചു. ബെഞ്ചും ഡെസ്കുമൊക്കെ നിലത്തടിച്ച് പൊട്ടിച്ചു. സംഘത്തിന്റെ പരാക്രമം അതിരുകടന്നപ്പോള്‍ അധ്യാപികമാര്‍ നെടുമങ്ങാട് പൊലീസിനെ അറിയിച്ചു. ഈ സമയം അക്രമിസംഘം മുങ്ങി. അക്രമികളെ അമര്‍ച്ചചെയ്യാന്‍ പൊലീസ് അടിയന്തരനടപടി സ്വീകരിക്കണമെന്ന് സ്കൂള്‍ പിടിഎ ആവശ്യപ്പെട്ടു.

deshabhimani 180513

No comments:

Post a Comment