Thursday, May 16, 2013

വഞ്ചനാദിനം വിജയിപ്പിക്കുക: വൈക്കം വിശ്വന്‍


കേരളം നേടിയ നേട്ടങ്ങളെയാകമാനം തകര്‍ത്ത് ജനജീവിതം ദുഷ്കരമാക്കിക്കൊിരിക്കുന്ന യുഡിഎഫ് മന്ത്രിസഭ രണ്ടാം വാര്‍ഷിക ദിനമായി ആചരിക്കുന്ന മെയ് 18-ാം തീയതി നടക്കുന്ന വഞ്ചനാദിനം വിജയിപ്പിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നേടിയ നേട്ടങ്ങളെയെല്ലാം തകര്‍ത്ത്ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ നടപ്പിലാക്കുന്നതിനാണ് ഈ സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. കേരളത്തിന്റെ നേട്ടങ്ങളുടെ അടിസ്ഥാനമായ ഭൂപരിഷ്കരണത്തെ ഈ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. കാര്‍ഷിക-വ്യവസായ മേഖലകളെ തകര്‍ക്കുന്നു. കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുവരുന്നു. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് മുതലക്കൂപ്പ് നടത്തുകയാണ്. ആത്മഹത്യ പരമ്പരാഗതവ്യവസായ മേഖലയിലേക്കും വ്യാപിച്ചു. നിത്യോപയോഗ സാധനങ്ങള്‍ക്കാവട്ടെ വമ്പിച്ച വിലക്കയറ്റം സംസ്ഥാനത്ത് ഉണ്ടായിരിക്കുകയാണ്. ഇത്തരം ഘട്ടങ്ങളില്‍ ഇടപെടേണ്ട സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്.

വൈദ്യുതി, വെള്ളം, പാല്‍, യാത്രാ നിരക്ക് ഇവയെല്ലാം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച് ജനജീവിതം ദുഷ്കരമാക്കിയിരിക്കുകയാണ്. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, കേരള വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനും പദ്ധതികള്‍ തയ്യാറായിരിക്കുകയാണ്. പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങും ഈ സര്‍ക്കാര്‍ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. അധികാര വികേന്ദ്രീകരണ പ്രക്രിയ തകര്‍ക്കുന്നു. കുടുംബശ്രീയെ തകര്‍ക്കുക എന്നത് സര്‍ക്കാരിന്റെ സുപ്രധാന അജണ്ടയായിരിക്കുന്നു. അഴിമതി ആരോപണങ്ങള്‍ ഈ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുമ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ച് മന്ത്രിമാരെ കുറ്റവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.

പൊതു വിദ്യാഭ്യാസവും ആരോഗ്യവും തകര്‍ക്കുക എന്നത് സര്‍ക്കാര്‍ അതിന്റെ നയമായി സ്വീകരിച്ചിരിക്കുകയാണ്. അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപകമാക്കി പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. 10-ാം ക്ലാസ്സില്‍ പൊതു പരീക്ഷ എഴുതി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കു പകരം സ്കൂളില്‍ പരീക്ഷ എഴുതി പാസ്സായ സി.ബി.എസ്.ഇക്കാര്‍ക്ക് സ്കൂള്‍ പ്രവേശനം ഉറപ്പുവരുത്താന്‍ കോടതിയില്‍ കേസ് തോല്‍ക്കുന്നതിനും സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാതായിരിക്കുന്നു. ഇതിന്റെ ഫലമായി പാവങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ കഴിയില്ലെന്ന നില വന്നിരിക്കുകയാണ്. ആദിവാസി മേഖലയില്‍ ഉണ്ടായിരിക്കുന്ന മരണങ്ങള്‍ ഈ നയത്തിന്റെ പ്രതിഫലനമാണ്.

ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും നാടായി മാറിയിരിക്കുന്നു.സ്ത്രീകള്‍ക്ക് പട്ടാപ്പകല്‍ പോലും യാത്ര ചെയ്യാന്‍ പറ്റാത്തവിധം കേരളം ദുരിതഭൂമിയായിരിക്കുന്നു. മൂന്നുവയസ്സുകാരിയെപ്പോലും പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ബണ്ടി ചോറുകള്‍ അഴിഞ്ഞാടുമ്പോള്‍ ജനങ്ങള്‍ ഭയവിഹ്വലരായി കഴിയുകയാണ്.

കേന്ദ്രത്തില്‍നിന്ന് അര്‍ഹതപ്പെട്ട വിഭവങ്ങള്‍ പോലും നേടിയെടുക്കാന്‍ പറ്റാത്ത വിധം കേരളത്തിന്റെ വികസനത്തിന് പ്രതിസന്ധിയായി ഈ സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ കറുത്ത ബാഡ്ജ് ധരിച്ച് പഞ്ചായത്തുതലത്തില്‍ നടത്തുന്ന പ്രതിഷേധ പ്രകടനത്തില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍പേരും അണിനിരക്കണമെന്ന് വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

deshabhimani

No comments:

Post a Comment