Wednesday, May 29, 2013

മന്ത്രിസഭയ്ക്ക് മരണവീട്ടിലെ മൂകത: വി എസ്

മരണവീട്ടിലെ ശ്മശാന മൂകതയാണ് യുഡിഎഫ് ഭരണത്തിനെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തങ്ങള്‍ തന്നെ വളര്‍ത്തിക്കൊണ്ടുവന്ന സമുദായ നേതാക്കള്‍ സര്‍ക്കാരിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരെ പേരെടുത്തു പറഞ്ഞ് അപമാനിച്ചിട്ടും മറുപടി പറയാനാകാതെ ഭയന്നു വിറയ്ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍."സമകാലിക രാഷ്ട്രീയവും കേരള വികസനവും" എന്ന വിഷയത്തില്‍ തിരുവനന്തപരും പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്.

സമദൂര സിദ്ധാന്തം ഉപേക്ഷിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് യുഡിഎഫിന് അനുകൂലമായി ശരിദൂരനയം സ്വീകരിച്ചത്. ഇപ്പോള്‍ സുകുമാരന്‍നായരുടെ മകള്‍ അടക്കമുള്ളവര്‍ ലഭിച്ച പദവികളെല്ലാം രാജിവച്ചിരിക്കുകയാണ്. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി കാബിനറ്റ് പദവിയോടെ പിള്ളയെ വാഴിക്കുന്നു. മകന്‍ പിള്ളയ്ക്ക് മന്ത്രിസ്ഥാനം നല്‍കാനും ശ്രമം നടക്കുന്നു. കാസര്‍കോട്ടുനിന്ന് ജാഥ ആരംഭിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡണ്ടിനെ കെട്ടിപ്പിടിക്കുന്ന ചിത്രം കണ്ടു. കെട്ടിപ്പിടിച്ച കൈ ജാഥ തിരുവന്തപുരത്ത് എത്തിയപ്പോള്‍ കണ്ടില്ല. കര്‍ഷക ആത്മഹത്യയെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍. പോഷകാഹാരവും ആഹാരവും ഇല്ലാതെ ആദിവാസി മേഖലയില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നു. നാല്‍പ്പത്തഞ്ചോളം കുട്ടികള്‍ മരിച്ചിട്ടും മുഖ്യമന്ത്രി തരിഞ്ഞുനോക്കിയിട്ടില്ല. വിഴിഞ്ഞം പദ്ധതി, കോച്ച് ഫാക്ടറി തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും നിലച്ചു. ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററിന്റെയും ലുലുമാളിന്റെയും കാര്യത്തില്‍ ചട്ടങ്ങള്‍ക്ക് വിധേയമായേ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാടെടുത്തിട്ടുള്ളൂവെന്ന് ചോദ്യത്തിന് മറുപടിയായി വി എസ് പറഞ്ഞു. ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്റര്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്ഥലത്താണ്. ചട്ടപ്രകാരം ടെന്‍ഡറില്‍ പങ്കെടുത്താണ് യൂസഫലിക്ക് പദ്ധതി ലഭിച്ചതെന്നാണ് മനസ്സിലാകുന്നത്. നാലായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി നഷ്ടപ്പെടാതിരിക്കാന്‍, കാര്യമായ തര്‍ക്കങ്ങളുണ്ടെങ്കില്‍ പരിഹരിക്കണം- വി എസ് പറഞ്ഞു

deshabhimani 280513

No comments:

Post a Comment