Sunday, May 19, 2013

മലബാര്‍ സിമന്റ്സ്: നിയമനത്തിന് ലക്ഷങ്ങള്‍ കോഴ


 പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സില്‍ വിവിധ തസ്തികകളിലെ നിയമനത്തിന് ലക്ഷങ്ങള്‍ കോഴ വാങ്ങുന്നതായി ആക്ഷേപം. നൂറിലധികം ലേബര്‍ തസ്തികയിലേക്കും പത്തോളം മാനേജര്‍തല തസ്തികയിലേക്കും ഏഴു മുതല്‍ 12 ലക്ഷം രൂപവരെയാണ് കോഴ ചോദിക്കുന്നത്. മന്ത്രിയുടെ ഓഫീസും ഡയറക്ടര്‍ ബോര്‍ഡിലെ ചിലരും പരസ്യ ലേലംവിളിക്ക് കൂട്ടുനില്‍ക്കുന്നു. ഇടനിലക്കാരും രംഗത്തുണ്ട്. സ്റ്റോര്‍ ഇഷ്യുവര്‍ തസ്തികയിലേക്ക് വടക്കന്‍ കേരളത്തിലെ ഉദ്യോഗാര്‍ഥിയോട് ഒരു ഡയറക്ടര്‍ബോര്‍ഡംഗം ആവശ്യപ്പെട്ടത് 12 ലക്ഷംരൂപ. പിന്നീട് ബോര്‍ഡംഗം വാക്കുമാറ്റി. മന്ത്രി ഓഫീസ് ആവശ്യപ്പെട്ടതിനാല്‍ രണ്ടുപേരെ നിയമിക്കാന്‍ തീരുമാനിച്ചെന്നും ഐടി തസ്തികയില്‍ ഒഴിവുണ്ടാവുമ്പോള്‍ പരിഗണിക്കാമെന്നും പറഞ്ഞു. ബര്‍ണര്‍ തസ്തികയിലേക്ക് എറണാകുളം സ്വദേശിയോട് ആവശ്യപ്പെട്ടത് എട്ട് ലക്ഷം. ഖലാസി തസ്തികയിലേക്ക് ഭരണകക്ഷി ട്രേഡ്യൂണിയന്‍ നേതാവ് ഏഴുലക്ഷം ആവശ്യപ്പെട്ടെന്നും പരാതിയുണ്ട്. രണ്ടുലക്ഷം മുന്‍കൂറായും വാങ്ങി. തൊഴിലിന്റെ സ്വഭാവംപോലും അറിയാതെയാണ് ഉദ്യോഗാര്‍ഥി മുന്‍കൂര്‍ പണം നല്‍കിയത്. ജോലിയെക്കുറിച്ച് ജീവനക്കാരോട് ചോദിച്ചപ്പോഴാണ് കോഴ നല്‍കിയ വിവരം പുറത്തറിഞ്ഞത്.

മലബാര്‍ സിമന്റ്സിലെ നിയമനങ്ങള്‍ക്കുള്ള പരീക്ഷയും ഇന്റര്‍വ്യൂവും നേരത്തേ മലബാര്‍ സിമന്റ്സില്‍ത്തന്നെയാണ് നടത്താറ്.ഇക്കുറി പല പ്രദേശങ്ങളിലാണ് നടത്തുന്നത്. നിയമന മറവില്‍ വ്യാപക അഴിമതിക്ക് കളമൊരുക്കാനാണിത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാലും ഇന്റര്‍വ്യൂവില്‍ പരിഹരിക്കാമെന്നാണ് ഇടനിലക്കാരുടെ ഉറപ്പ്. പ്രൊമോഷന്‍ മറികടന്നും പിഎസ്സിയെ നോക്കുകുത്തിയാക്കിയുമാണ് പിന്‍വാതില്‍നിയമനശ്രമം. മസ്ദൂര്‍ മുതലുള്ള തസ്തികയിലെ ജീവനക്കാര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം കൊടുത്തശേഷമേ ബാക്കി തസ്തികയില്‍ നിയമനം നടത്താവൂ എന്ന് 1997ല്‍ വ്യവസായ ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. നേരിട്ടുള്ള നിയമനം പിഎസ്സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ മാത്രമേ പാടുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു. ഈ മാനദണ്ഡമാണ് ഇപ്പോള്‍ കാറ്റില്‍പ്പറത്തുന്നത്. 20 വര്‍ഷം കരാര്‍തൊഴിലാളിയായും ആറുവര്‍ഷത്തില്‍ കൂടുതല്‍ മസ്ദൂറായും ജോലി ചെയ്ത ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനക്കയറ്റത്തിന് കാത്തിരിക്കുമ്പോഴാണ് അനധികൃതനിയമനം. ആശ്രിത നിയമനത്തില്‍ ഉള്‍പ്പെട്ടവരും അല്ലാത്തവരുമായ ഏഴുവര്‍ഷം സര്‍വീസുള്ളവരും ജോലിക്കായി കാത്തിരിക്കുന്നവരില്‍പ്പെടുന്നു. അതിനിടയിലാണ് രണ്ടുവര്‍ഷത്തെ മുന്‍പരിചയം ആവശ്യപ്പെട്ട് അപേക്ഷ ക്ഷണിച്ചത്.

deshabhimani

No comments:

Post a Comment