Wednesday, May 29, 2013

ചെന്നിത്തലയ്ക്ക് ആഭ്യന്തരമില്ല

കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമാക്കി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഹൈക്കമാന്‍ഡ് അനുവദിച്ചാല്‍മാത്രം ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും റവന്യുവകുപ്പും നല്‍കാമെന്ന നിലപാട് ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച രാത്രി ഒമ്പതിന് കെപിസിസി ആസ്ഥാനത്തു നടന്ന ചര്‍ച്ചയില്‍ രമേശ് ചെന്നിത്തലയെ അറിയിച്ചു.

മുഖ്യമന്ത്രിയും ചെന്നിത്തലയുമായി ചൊവ്വാഴ്ച രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും പുനഃസംഘടന സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. മന്ത്രിസഭാ അഴിച്ചുപണി സംബന്ധിച്ച് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായി ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കാനാണ് സാധ്യത. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറ്റേതെങ്കിലും വകുപ്പ് നല്‍കാനാണ് സാധ്യത. തിരുവഞ്ചൂര്‍ മറ്റുവകുപ്പുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ജി കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്തു നിന്നുമാറ്റി ആ പദവി തിരുവഞ്ചൂരിന് നല്‍കും.

കെപിസിസി സ്ഥാനമൊഴിഞ്ഞ് മന്ത്രിസഭയില്‍ ചേരണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡില്‍നിന്ന് ചെന്നിത്തലയ്ക്കു ലഭിച്ചിട്ടുണ്ട്. എന്നാല്‍, ആഭ്യന്തരത്തോടൊപ്പം ഉപമുഖ്യമന്ത്രിസ്ഥാനമാണ് ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ കഴിയില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഗ്രൂപ്പു തര്‍ക്കങ്ങളും സാമുദായിക സംഘടനകളുടെ സമ്മര്‍ദവും കൂടുതല്‍ മൂര്‍ച്ഛിപ്പിക്കാന്‍ ഇടയാക്കുന്ന ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ വീണ്ടും മാറ്റങ്ങളുണ്ടാകാനാണ് സാധ്യത.

ഗണേശ്കുമാറിനെ മന്ത്രിയാക്കുന്ന കാര്യത്തിലും തീരുമാനമായില്ല. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും അനുനയിപ്പിക്കാനുള്ള നീക്കങ്ങളും വിജയിച്ചില്ല. ഇതിനിടെ ഗണേശ്കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന് വ്യാഴാഴ്ചത്തെ യുഡിഎഫ് യോഗത്തില്‍ കൂട്ടായി ആവശ്യമുയര്‍ത്താന്‍ നാല് ഘടകകക്ഷികള്‍ രഹസ്യധാരണയിലെത്തി. ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് പുറമെ മന്ത്രിമാരായ കെ എം മാണി, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ് എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെടുക. കോണ്‍ഗ്രസ് ആവശ്യം നിരാകരിച്ചാല്‍ യുഡിഎഫ് യോഗത്തില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കും. പിന്നെയുള്ളത് മുസ്ലിംലീഗ് ആണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലീഗ് മൗനം അവലംബിക്കാനാണ് സാധ്യത.

ഗണേശ് വിഷയത്തില്‍ നാല് ഘടക കക്ഷികളുടെ നീക്കം കോണ്‍ഗ്രസ് നേതൃത്വത്തിന് അപ്രതീക്ഷിത ആഘാതമായിരിക്കുകയാണ്. രാവിലെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച കഴിഞ്ഞയുടനെ കെ മുരളീധരന്‍ ചെന്നിത്തലയെ കണ്ട് പിന്തുണ അറിയിച്ചു. മുരളി ഐ ഗ്രൂപ്പിലേക്ക് തിരിച്ചെത്തിയെന്നാണ് വിലയിരുത്തല്‍. ആഭ്യന്തരമന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മുരളിയും ചെന്നിത്തലയെ ഉപദേശിച്ചു. രാവിലത്തെ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് രാത്രി ഒമ്പതിന് വീണ്ടും ചര്‍ച്ച നടത്തിയത്.

ജി കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റ് ആക്കി തിരുവഞ്ചൂരിനെ സ്പീക്കറാക്കുകയെന്ന ഫോര്‍മുല ഉരുത്തിരിഞ്ഞിട്ടുണ്ടെങ്കിലും എ കെ ആന്റണിയോടും ഉമ്മന്‍ചാണ്ടിയോടും വിധേയത്വം പുലര്‍ത്തുന്ന കാര്‍ത്തികേയനെ അംഗീകരിക്കരുതെന്ന് കെ സി വേണുഗോപാലും കെ സുധാകരനും ഐ വിഭാഗം നേതാക്കളെ അറിയിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനെ വനംമന്ത്രിയാക്കണമെന്നും റവന്യു വകുപ്പ് നഷ്ടപ്പെടുന്ന അടൂര്‍ പ്രകാശിന് ആരോഗ്യവകുപ്പ് നല്‍കണമെന്നുമുള്ള നിര്‍ദേശവും നിലവിലുണ്ട്.

കെ ശ്രീകണ്ഠന്‍ deshabhimani 280513

No comments:

Post a Comment