Tuesday, May 28, 2013

കോണ്‍ഗ്രസ് വളര്‍ത്തിയ ഭീകരത

ഛത്തീസ്ഗഢിലെ ബസ്തറില്‍ ശനിയാഴ്ചയുണ്ടായ മാവോയിസ്റ്റ് ആക്രമണം ഞെട്ടലുളവാക്കുന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി "പരിവര്‍ത്തന്‍യാത്ര"യ്ക്ക് തുടക്കമിട്ട് ജഗദല്‍പൂരിലേക്ക് പോകുകയായിരുന്ന കോണ്‍ഗ്രസ് വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ മഹേന്ദ്രകര്‍മ, പിസിസി അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേല്‍, അദ്ദേഹത്തിന്റെ മകന്‍ ഗണേശ്, മുന്‍ എംഎല്‍എ എ ഉദയമുതലിയാര്‍ തുടങ്ങി 27 പേര്‍ കൊല്ലപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി വിദ്യചരണ്‍ ശുക്ല ഗുരുതരാവസ്ഥയില്‍ ഗുഡ്ഗാവിലെ ആശുപത്രിയിലാണ്.

മാവോയിസ്റ്റുകള്‍ നടത്തുന്ന ആദ്യ ആക്രമണമല്ല ഇത്. 1969ല്‍ രൂപംകൊണ്ടതു മുതല്‍ ഉന്മൂലന രാഷ്ട്രീയമാണ് അവരുടെ നയം. ചാരുമജുംദാറിന് അനുകൂലവും പ്രതികൂലവുമായി സിപിഐ എംഎല്‍ പലതായി പിളര്‍ന്നെങ്കിലും കൊലപാതകരാഷ്ട്രീയം അവരുടെ പ്രത്യേകതയായി തുടര്‍ന്നു. 2004 സെപ്തംബര്‍ 21നു പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും യോജിച്ച് സിപിഐ (മാവോയിസ്റ്റ്) രൂപംകൊണ്ടതു മുതല്‍ "തലകൊയ്യല്‍" രാഷ്ട്രീയത്തിന് ആക്കംകൂടി. ഇതിന്റെ അവസാന ഉദാഹരണമാണ് ബസ്തറിലേത്. രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ക്കെതിരെ മാവോയിസ്റ്റുകള്‍ നടത്തുന്ന ആദ്യ ആക്രമണവുമല്ലിത്. 2003ല്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെയും 2008ല്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യയെയും മാവോയിസ്റ്റുകള്‍ വധിക്കാന്‍ ശ്രമിച്ചു.

രണ്ടു സംസ്ഥാനത്തും മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നീക്കം തുടങ്ങിയത് ഈ വധശ്രമങ്ങള്‍ക്കു ശേഷമാണ്. രക്തസാക്ഷി പരിവേഷം എടുത്തണിഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ശ്രമം. പ്രധാനമന്ത്രി മുതല്‍ രാഹുല്‍ഗാന്ധി വരെയുള്ളവരുടെ പ്രസ്താവനകളില്‍ ഇത് വ്യക്തം. മാവോയിസ്റ്റുകളെ സൈനികമായി നേരിടാന്‍ ബിജെപിയും കോണ്‍ഗ്രസും നടത്തിയ ശ്രമത്തിന്റെ ഫലംകൂടിയാണ് ബസ്തര്‍ ആക്രമണം. സാമൂഹ്യ-സാമ്പത്തിക പ്രശ്നമായി കണ്ട് പരിഹാരം കാണുന്നതിനു പകരം സൈനികമായി പ്രശ്നം പരിഹരിക്കുന്നതിന് ഛത്തീസ്ഗഢിലെ രമണ്‍സിങ് സര്‍ക്കാരാണ് "സല്‍വജുദും" എന്ന പൊലീസിതര സേനയ്ക്ക് രൂപംനല്‍കിയത്. സംസ്ഥാന ബിജെപി സര്‍ക്കാരിനെ ഇക്കാര്യത്തില്‍ കേന്ദ്രവും പിന്തുണച്ചു. സല്‍വജുദൂമിന് നേതൃത്വം നല്‍കിയതാകട്ടെ, സിപിഐയില്‍ നിന്ന് മാധവറാവു സിന്ധ്യയുടെ മധ്യപ്രദേശ് വികാസ് കോണ്‍ഗ്രസിലൂടെ കോണ്‍ഗ്രസിലെത്തിയ മഹേന്ദ്രകര്‍മയും. മാവോയിസ്റ്റ് ആക്രമണങ്ങളില്‍ നിന്നു ഗ്രാമീണരെ രക്ഷിക്കാനെന്ന പേരില്‍ രൂപംകൊണ്ട ഈ സേന ലക്ഷക്കണക്കിന് ഗ്രാമീണരെ അഭയാര്‍ഥികളാക്കിയെന്ന് മാത്രമല്ല, അവരെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ കൂട്ടക്കൊല ചെയ്തു. നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് വിധേയരാക്കി. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി "സല്‍വജുദും" ഭരണഘടനാവിരുദ്ധമാണെന്നും അതിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടത്. തീവ്രവാദ പ്രശ്നം സൈനികമായി മാത്രം പരിഹരിക്കാന്‍ കഴിയില്ലെന്നുകൂടി ഈ സംഭവം വ്യക്തമാക്കുന്നു. ബിജെപി കോണ്‍ഗ്രസ് സഹകരണത്തിനപ്പുറമുള്ള വിശാലമായ കൂട്ടായ്മയിലൂടെയും ആശയസമരത്തിലൂടെയും മാത്രമേ മാവോയിസ്റ്റുകളെ പരാജയപ്പെടുത്താനാകൂ എന്ന യാഥാര്‍ഥ്യം ഭരണാധികാരികള്‍ കണക്കിലെടുക്കാത്തതും നരഹത്യകള്‍ തുടരാന്‍ കാരണമാകുന്നു.

മാവോയിസ്റ്റുകളെ സൈനികമായി നേരിടാന്‍ ശ്രമിക്കുമ്പോള്‍തന്നെ ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുന്ന ഒരു സമീപനവും കൈക്കൊള്ളാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ല. മാവോയിസ്റ്റ് ശക്തികേന്ദ്രത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബസ്തര്‍ സംഭവം വ്യക്തമാക്കുന്നു. മുഖ്യമന്ത്രി രമണ്‍സിങ് നയിക്കുന്ന വികാസ് യാത്രയ്ക്ക് ആവശ്യത്തിന് സംരക്ഷണം നല്‍കിയപ്പോള്‍ കോണ്‍ഗ്രസിന്റെ പരിവര്‍ത്തന്‍യാത്രയ്ക്ക് സംരക്ഷണം നല്‍കിയില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, മാവോയിസ്റ്റുകള്‍ക്ക് ഏറെ സ്വാധീനമുള്ളതും അവരുടെ പരിശീലന ക്യാമ്പുകള്‍ പോലുമുള്ള ദര്‍ഹ കുന്നുകളിലൂടെയുള്ള വഴി മഹേന്ദ്രകര്‍മയും മറ്റും ജഗദല്‍പൂരിലേക്ക് പോകാന്‍ എന്തിന് തെരഞ്ഞെടുത്തെന്ന സംശയം ബാക്കിനില്‍ക്കുന്നു. രാഷ്ട്രീയലാഭത്തിന് തീവ്രവാദവുമായി സന്ധിചെയ്യുന്ന സമീപനം ഇനിയെങ്കിലും പുനഃപരിശോധിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. പശ്ചിമബംഗാളില്‍ മമതബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും മാവോവാദികളും തമ്മില്‍ നന്ദിഗ്രാമിലും ജംഗള്‍മഹലിലും കൈകോര്‍ത്തപ്പോള്‍ ചെറുവിരലനക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മമത ബാനര്‍ജി മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുമായി സംഭാഷണം നടത്തുക പോലുമുണ്ടായി. അന്ന് തൃണമൂലിനൊപ്പം ഭരണം പങ്കിടുകയായിരുന്നു കോണ്‍ഗ്രസ്. രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഇടതുതീവ്രവാദമാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുമ്പോഴായിരുന്നു അവരുമായി പരസ്യമായി ബന്ധമുള്ള രാഷ്ട്രീയ പ്രസ്ഥാനവുമായി കോണ്‍ഗ്രസ് ഭരണം പങ്കിട്ടത്.

ത്രിപുരയില്‍ വിഘടനവാദ പ്രസ്ഥാനത്തിന്റെ കൊടി ഉയര്‍ത്തിയ ത്രിപുര ഉപജാതി ജുബസമിതിയുമായും ഇപ്പോള്‍ അതിന്റെ തന്നെ വകഭേദമായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായും കോണ്‍ഗ്രസിനുള്ള ബന്ധം പരസ്യമായി തുടരുന്നു. പഞ്ചാബില്‍ അകാലിദളിന്റെ രാഷ്ട്രീയകുത്തക തകര്‍ക്കാന്‍ ഭിന്ദ്രന്‍വാലയെ വളര്‍ത്തിയതും കോണ്‍ഗ്രസായിരുന്നു. അതിനവര്‍ക്ക് നല്‍കേണ്ടിവന്നത് ഇന്ദിരാഗാന്ധിയുടെ ജീവനായിരുന്നു. അസമില്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നയം തീവ്രവാദികളെ സഹായിക്കുന്നതാണ്. എല്‍ടിടിഇക്ക് ആയുധവും പരിശീലനവും നല്‍കി വളര്‍ത്തിയതും കോണ്‍ഗ്രസ് തന്നെ. അവസാനം അവര്‍ക്കെതിരെ ഇന്ത്യന്‍ സമാധാന സേനയെയും രാജീവ്ഗാന്ധി സര്‍ക്കാര്‍ അയച്ചു. അവസാനം എല്‍ടിടിഇ തന്നെ രാജീവ് ഗാന്ധിയുടെ ജീവനെടുത്തു. ഈ തെറ്റുകളില്‍നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് പഠിച്ചിട്ടില്ലെന്ന് ബസ്തര്‍ സംഭവവും തെളിയിക്കുന്നു.

deshabhimani editorial 270513

No comments:

Post a Comment