Saturday, May 18, 2013

എന്‍ഡോസള്‍ഫാന്‍ ദുരിതജീവിതങ്ങള്‍ക്ക് അരക്ഷിതത്വം


എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ദുരിതജീവിതങ്ങളെ അരക്ഷിതമാക്കിയ രണ്ടുവര്‍ഷമാണ് യുഡിഎഫ് ഭരണത്തില്‍ പിന്നിട്ടത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നിലനില്‍പ്പിനായി നിരവധി തവണ തെരുവിലിറങ്ങേണ്ടി വന്നു. സഹനസമരത്തിനൊടുവില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് നടപ്പാക്കാതെ വഞ്ചിക്കുകയായിരുന്നു സര്‍ക്കാര്‍. കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ദുരന്തബാധിതരെന്ന് കണ്ടെത്തിയ 4182 പേര്‍ക്ക് കമീഷന്‍ നിര്‍ദേശിച്ച ധനസഹായം നല്‍കാനുള്ള നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ രേഖാമൂലം മനുഷ്യാവകാശ കമീഷനെ അറിയിച്ചതുമാണ്. പുതുതായി കണ്ടെത്തുന്ന രോഗികള്‍ക്കും സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ 1318 പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ 5500 പേരുടെ പട്ടികയ്ക്കാണ് സര്‍ക്കാരിന്റെ അംഗീകാരമുള്ളത്. ഇതില്‍ മൂന്നൂറിലധികം ആളുകള്‍ മരിച്ചുവെന്നാണ് കണക്ക്. കിടപ്പിലായവര്‍ക്ക് അഞ്ചു ലക്ഷം വീതവും മറ്റുള്ളവര്‍ക്ക് മൂന്നു ലക്ഷം വീതവും ധനസഹായം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, അര്‍ഹരായി ഇതുവരെ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത് 2046 ആളുകളെ മാത്രമാണ്. 3454 പേര്‍ ഇപ്പോഴും പുറത്താണ്. കിടപ്പിലായവര്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കുമെന്ന് പറയുന്ന സര്‍ക്കാര്‍ ഈ കാറ്റഗറിയില്‍ നൂറ്റിയമ്പതോളം ആളുകളെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി 2000 രൂപ പെന്‍ഷന്‍ വാങ്ങുന്ന 2400 രോഗികള്‍ ഈ മേഖലയിലുണ്ട്. കിടപ്പിലായവരും പരസഹായം കൂടാതെ ജീവിക്കാന്‍ പറ്റാത്തവരെയുമാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പെന്‍ഷന്‍ ലഭിക്കുന്ന ഇരകള്‍പോലും എങ്ങനെ ധനസഹായത്തില്‍നിന്ന് പുറത്തായെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സഹായം കിട്ടാത്തവര്‍ അര്‍ഹരാണോ എന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഒടുവില്‍ പറഞ്ഞത്. മുമ്പ് മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ സംഘം പരിശോധിച്ചാണ് കിടപ്പിലായവരുടെയും പരസഹായം കൂടാതെ ജീവിക്കാന്‍ പറ്റാത്തവരുടെയും പട്ടിക തയ്യാറാക്കിയത്. അത് പൂര്‍ണമായും തള്ളിയ സര്‍ക്കാര്‍ കടുത്ത വഞ്ചനയാണ് ഇരകളോട് കാണിച്ചത്. ക്യാന്‍സര്‍ രോഗികള്‍ സഹായത്തിന് അര്‍ഹരല്ലെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. 36 ദിവസം നീണ്ടുനിന്ന നിരാഹരസമരത്തിനൊടുവില്‍ ഉണ്ടായ ചര്‍ച്ചയിലാണ് ഇവരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അതിലും വെട്ടിക്കുറവ് വരുത്തി 164 പേര്‍ക്കായി ചുരുക്കി. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം നടത്തിയ മെഡിക്കല്‍ ക്യാമ്പിലൂടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 1318 പേരില്‍ 269 പേരെ മാത്രമാണ് സഹായത്തിന് തെരഞ്ഞൈടുത്തത്. മഹാഭൂരിപക്ഷവും പുറത്തായി.

മരിച്ചവരുടെ കുടുംബത്തിനും അഞ്ചുലക്ഷം വീതം നല്‍കാനാണ് തീരുമാനം. ആയിരത്തിലധികം ആളുകള്‍ ഇതുവരെ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ പട്ടികയില്‍ 600 പേര്‍ക്കുമാത്രമാണ് ഇതും നല്‍കുന്നത്. അടുത്ത കാലത്ത് മരിച്ചവരുടെ കുടുംബത്തെയൊന്നും സഹായപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചികിത്സാ സൗകര്യം പരിമിതപ്പെടുത്തുകയും ചെയ്തു യുഡിഎഫ് സര്‍ക്കാര്‍. മുമ്പ് ഏത് ആശുപത്രിയില്‍ ചികിത്സിച്ചാലും ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നു. ഇപ്പോള്‍, സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ആശുപത്രിക്കുപുറത്ത് ചികിത്സിക്കണമെങ്കില്‍ സ്വന്തം പണം മുടക്കണം. മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്നായിരുന്നു മനുഷ്യാവകാശ കമീഷന്റെ നിര്‍ദേശങ്ങളില്‍ പ്രധാനം. ഇതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളേജ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് പ്രയോജനം ലഭിക്കാനിടയില്ല.

പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടമുള്ള 11 പഞ്ചായത്തുകളെയാണ് ദുരന്തബാധിതമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ തോട്ടങ്ങളോടുചേര്‍ന്നുള്ള ഇതര പഞ്ചായത്തുകളെകൂടി ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞുവെങ്കിലും നടപടിയായില്ല. ഏറ്റവുമൊടുവില്‍, ദുരന്തബാധിതര്‍ക്ക് നല്‍കിവന്ന പെന്‍ഷനും സര്‍ക്കാര്‍ മുടക്കി. സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ബാങ്കുവഴി നല്‍കിയ പെന്‍ഷനാണ് ഏപ്രില്‍ മുതല്‍ നല്‍കാത്തത്. ദുരന്തബാധിതരെ സഹായിക്കാനായി യുഡിഎഫ് സര്‍ക്കാരിന്റെ മൂന്നു ബജറ്റിലും പണം നീക്കിവച്ചില്ല. സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്ന സഹായം നല്‍കണമെങ്കില്‍ കോടിക്കണക്കിന് രൂപ കണ്ടെത്തണം. ആദ്യ ഗഡു മാത്രമാണ് നല്‍കിയത്. ബാക്കി എവിടെനിന്ന് കണ്ടെത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെയും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞതും നടപ്പായില്ല. പി കരുണാകാരന്‍ എംപിയുടെ ശ്രമഫലമായി നബാര്‍ഡിന്റെ 200 കോടി രൂപയുടെ പദ്ധതി ദുരന്തമേഖലയില്‍ നടപ്പാക്കുന്നതുമാത്രമാണ് ആശ്വാസ നടപടി.
(എം ഒ വര്‍ഗീസ്)

deshabhimani 180513

No comments:

Post a Comment