Tuesday, May 28, 2013

പൊലീസിന് മാനദണ്ഡം ജാതിയും രാഷ്ട്രീയവും

കേരളത്തിലെ പൊലീസ് ഭരണം, പൊലീസിന്റെ പ്രവര്‍ത്തനരീതി എന്നിവയെക്കുറിച്ച് രണ്ട് വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ രണ്ട് പ്രമുഖരില്‍നിന്ന് ലഭിച്ചിരിക്കുന്നു. രണ്ടും ഒരുപോലെ പറയുന്നത് ജാതിയാണ് മുഖ്യപരിഗണന എന്നാണ്. "സവര്‍ണര്‍" എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്ന സമുദായങ്ങളില്‍പെട്ടവര്‍ക്ക് ഒരു നീതി; "അവര്‍ണര്‍" എന്ന് മുദ്രയടിച്ച് മാറ്റിനിര്‍ത്തിയിട്ടുള്ളവര്‍ക്ക് മറ്റൊരു നീതി. രാഷ്ട്രീയ ഭരണാധികാരികള്‍ പൊലീസ് വകുപ്പില്‍ നടത്തുന്നതും സമൂഹത്തില്‍ പൊലീസ് നടത്തുന്നതും ഈ വിധത്തിലുള്ള ഇരട്ടത്താപ്പാണത്രെ. പറഞ്ഞത് പ്രതിപക്ഷത്തുള്ളവരാരെങ്കിലുമല്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും "രാഷ്ട്രീയപ്രേരിതമായ ആരോപണം" എന്ന എതിര്‍വാദത്തിന്റെ പരിചകൊണ്ട് ചെറുക്കാവുന്നതല്ല ഇത്.

"വെളുത്ത"വരെ സല്യൂട്ടുചെയ്യുകയും "കറുത്ത"വരെ ആക്രമിക്കുകയും ചെയ്യുന്ന നീതിനടത്തിപ്പാണ് പൊലീസില്‍ നിലവിലുള്ളതെന്ന് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറാണ് പറഞ്ഞത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍നിന്നുള്ള പൊലീസ് ഓഫീസര്‍മാര്‍ക്ക് ഐപിഎസ് റാങ്ക് നിഷേധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പറഞ്ഞതാകട്ടെ, കോണ്‍ഗ്രസ് നേതാവുകൂടിയായ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷാണ്. രണ്ട് പ്രസ്താവങ്ങളും കേരളത്തിലെ പൊലീസ് ഭരണത്തിന്റെ നിറുകയിലാണ് ചെന്നുകൊള്ളുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരാണ് ഇതുപറയുന്നത് എന്നതുകൊണ്ട് ഈ അവസ്ഥ എങ്ങനെയുണ്ടായി എന്ന് വീശദീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബാധ്യസ്ഥരാവുന്നുണ്ട്. ജാതി മാത്രമല്ല, മറ്റൊന്നുകൂടി പൊലീസിന്റെ നീതിനടത്തിപ്പില്‍ മാനദണ്ഡമാവുന്നുണ്ട് എന്നത് കാണാതിരിക്കേണ്ട കാര്യമില്ല. അത് രാഷ്ട്രീയമാണ്.

ഭരണ രാഷ്ട്രീയക്കാരനാണെങ്കില്‍ ഒരു നീതി. പ്രതിപക്ഷത്താണെങ്കില്‍, പ്രത്യേകിച്ച് സിപിഐ എം കൂടിയാണെങ്കില്‍ മറ്റൊരു നീതി. ഇത് സ്ഥിരീകരിക്കുന്ന ഒരു വാര്‍ത്തകൂടി മന്ത്രി, എഡിജിപി എന്നിവരുടെ പ്രസ്താവങ്ങള്‍ വന്ന അതേദിവസത്തെ പത്രത്തില്‍ കണ്ടു. അത് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നുവെന്നതാണ്. ഐപിസിയിലെ 134, 147, 283, 149, 294 ബി എന്നിവയും കേരള പൊലീസ് നിയമത്തിലെ 117ഇയും അനുസരിച്ചാണ് കേസ്. കണ്ണില്‍കണ്ട വകുപ്പുകളൊക്കെയനുസരിച്ച് കേസെടുക്കാന്‍മാത്രം പി ജയരാജന്‍ എന്താണ് കുറ്റം ചെയ്തത്? അദ്ദേഹം പ്രസംഗത്തിനിടെ ഒരു പൊലീസ് ഓഫീസറെ ഒന്ന് വിമര്‍ശിച്ചുപോയി. പഴയ ഈ കോണ്‍ഗ്രസുകാരന്‍ ഇപ്പോഴും കോണ്‍ഗ്രസിനുവേണ്ടി പൊലീസിലിരുന്ന് പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞുവത്രെ. താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിനിടയിലാണ് പി ജയരാജന്‍ പൊലീസിനെ വിമര്‍ശിച്ചത്. വിമര്‍ശിച്ചാലുടന്‍ കേസ്! വൈരനിര്യാതനത്തിന് ഇതില്‍ കവിഞ്ഞ ഉദാഹരണം വേണോ? പൊലീസ് ഓഫീസര്‍ക്ക് വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കാനുള്ളതാണോ ഇന്ത്യന്‍ പീനല്‍കോഡിലെ വകുപ്പുകള്‍?

ഇത് സ്വതന്ത്ര ഇന്ത്യയാണെന്നും ഇവിടെ ഭരണഘടനാപരമായിത്തന്നെ അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് ഐജി തിരുവായ്ക്കെതിര്‍വായ മിണ്ടാനനുവദിക്കാത്ത പണ്ടത്തെ രാജാവ് ചമയാനാണ് ഭാവമെങ്കില്‍ ആ ശ്രമത്തില്‍ അയാളൊരു കോമാളിയാവുകയേയുള്ളൂവെന്നും ഈ ഐജിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണം. ഇത്തരം ഐജിമാരെ കയറൂരി വിടുന്നതല്ല പൊലീസ് ഭരണം എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആരെങ്കിലും പറഞ്ഞുകൊടുക്കണം. സിപിഐ എമ്മിന്റെയും ബഹുജനസംഘടനകളുടെയും നേതാക്കളെ നാടുകടത്തുക, സിപിഐ എം നേതാക്കളുടെ ഭാര്യയെയും മക്കളെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുക. ഇതിനെ പൊതുവേദിയില്‍ വിമര്‍ശിച്ചാലുടന്‍ കേസെടുക്കുക. ഇതിനൊക്കെ ഇയാള്‍ക്ക് ആര് അധികാരം കൊടുത്തു? പൊലീസ് വകുപ്പിനെ ഭരിക്കാന്‍ കെല്‍പ്പുള്ളയാളാണ് ആഭ്യന്തരമന്ത്രിയെങ്കില്‍ ഇത്തരം വേഷങ്ങള്‍ ഇളകിയാട്ടത്തിന് പുറപ്പെടില്ല എന്നുമാത്രം ഈ ഘട്ടത്തില്‍ പറയട്ടെ. ഇവിടെ പ്രശ്നം അതല്ല. ജാതിയും രാഷ്ട്രീയവുമാവുന്നു പൊലീസ് ഭരണത്തിന്റെ മാനദണ്ഡങ്ങള്‍ എന്നതാണ്. നിയമവാഴ്ചയുടെ തകര്‍ച്ചയെയാണ് ഇതു കാണിക്കുന്നത്. ഭരണഘടനാസ്വാതന്ത്ര്യങ്ങള്‍ ധ്വംസിക്കാനുള്ള ജനാധിപത്യവിരുദ്ധമായ അമിതാധികാര ത്വരയെയാണിത് കാണിക്കുന്നത്. ഇത് അനുവദിച്ചുകൊടുത്താല്‍ ജനാധിപത്യവും സ്വാതന്ത്ര്യവുമാവും നാളെ അപകടത്തിലാവുക. അതൊക്കെ പന്തുതട്ടിക്കളിക്കാനുള്ള അധികാരമല്ല പൊലീസ് ഓഫീസറുടെ യൂണിഫോമിലെ ചിഹ്നം.

ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്ന് പരസ്യമായി പറഞ്ഞിട്ടും കെ സുധാകരനെതിരെ കേസില്ല. നാല്‍പ്പാടി വാസുവിനെ വധിച്ചതില്‍ കെ സുധാകരനുള്ള പങ്ക് അന്നത്തെ കൂട്ടാളിതന്നെ പരസ്യപ്പെടുത്തിയിട്ടും സുധാകരനെതിരെ കേസില്ല. കൊലപാതകത്തിന് പ്രസംഗത്തിലൂടെ പരസ്യമായി ആഹ്വാനംചെയ്താലും പി കെ ബഷീറിനെതിരെ കേസില്ല. കാരണം; ഇവരൊക്കെ ഭരണകക്ഷിക്കാര്‍. അതേസമയം പൊതുപ്രസംഗത്തില്‍ പൊലീസിനെ വിമര്‍ശിച്ചാല്‍ എളമരം കരീം മുതല്‍ പി ജയരാജന്‍വരെയുള്ളവര്‍ക്കെതിരെ ഉടനടി കേസ്. കാരണം ഇവരൊക്കെ സിപിഐ എംകാര്‍. ഈ ഇരട്ടത്താപ്പാണ് പൊലീസ് നടപടികളില്‍ തുടരെ തെളിയുന്നത്. ഇതിന് പുതിയ മാനം നല്‍കിയിരിക്കുകയാണ് എഡിജിപിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഒരു അഡീഷണല്‍ ഡിജിപിതന്നെ ഉയര്‍ത്തിയിട്ടുള്ള ചോദ്യം അനാഥമായിക്കൂടാ. കേരളത്തിന്റെ മനഃസാക്ഷിയില്‍ മുഴങ്ങേണ്ട ചോദ്യമാണിത്.

കേരളത്തിലെ പൊലീസ് ഭരണത്തിന്റെ വികലമായ മനോഭാവത്തിലേക്കാണത് വെളിച്ചംവീശുന്നത്. പൊലീസ് വകുപ്പിലെതന്നെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ഓഫീസര്‍മാര്‍ക്ക് പ്രൊമോഷന്‍ നിഷേധിക്കുകയും അവരോട് വിവേചനം കാട്ടുകയും ചെയ്യുന്നതിന് തെളിവുണ്ട് എന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. പരിശോധിക്കപ്പെടേണ്ട കാര്യമാണിത്. ഇത് എങ്ങനെ സംഭവിക്കുന്നുവെന്നത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുംതന്നെ വിശദീകരിക്കേണ്ടതുണ്ട്. കേരളത്തിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമബാഹ്യമായ ഘടകങ്ങളാണ് മാനദണ്ഡങ്ങളാവുന്നത് എന്ന് ഉത്തരവാദപ്പെട്ടവര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. നിത്യേനയെന്നോണം ജനങ്ങള്‍ക്ക് നിയമനടത്തിപ്പിലെ വിവേചനം നിരവധിയായ സംഭവങ്ങളിലൂടെ ബോധ്യപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പൊലീസിന്റെയും പൊലീസ് ഭരണത്തിന്റെയും വിശ്വാസ്യത ചോര്‍ന്നുപോവുകയാണ്. പൊലീസിന്റെ വിശ്വാസ്യത സര്‍ക്കാര്‍തന്നെ വിവേചന നടപടികളിലൂടെ ചോര്‍ത്തിയാല്‍ സമൂഹത്തില്‍ അരാജകാവസ്ഥയുണ്ടാവാന്‍ വേറൊന്നും വേണ്ട. കേരളത്തെ അത്തരം ആപത്തുകളിലേക്ക് നയിക്കുകയാണ് യുഡിഎഫ് ഭരണം. ആശങ്കാജനകമായ സ്ഥിതിവിശേഷമാണിത്.

deshabhimani editorial

No comments:

Post a Comment