Tuesday, May 28, 2013

ചന്ദ്രശേഖരന്‍ കേസ്: സിഐയുടെ മൊഴിയില്‍ വൈരുധ്യം

ചന്ദ്രശേഖരന്‍ വധക്കേസില്‍ 149-ാം സാക്ഷിയായി പാനൂര്‍ സിഐ ജയന്‍ ഡൊമ്നിക്കിനെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി വിസ്തരിച്ചു. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ മൊഴിക്ക് വിരുദ്ധമായ കാര്യങ്ങളാണ് കോടതിയില്‍ സിഐ പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയ മൊഴികളിലെയും കോടതിയില്‍ പറഞ്ഞതിന്റെയും വ്യത്യാസം പ്രതിഭാഗം അഭിഭാഷകന്‍ ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ നടന്ന വിസ്താരത്തില്‍ ചൂണ്ടിക്കാട്ടി. നേരത്തെ വിസ്തരിച്ച സാക്ഷികളുടെ മൊഴികള്‍ സാധൂകരിക്കുന്നതിനാണ് കോടതിയില്‍ മൊഴി തിരുത്തുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇന്നോവ കാര്‍ ചൊക്ലി പുനത്തില്‍മുക്കില്‍ കണ്ടെത്തിയെന്ന് തെളിയിക്കാനാണ് പ്രോസിക്യൂഷന്‍ സിഐയെ വിസ്തരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പിമാര്‍ക്ക് മൊഴി കൊടുത്തിരുന്നുവെന്ന് സാക്ഷി പറഞ്ഞു. 2012 മെയ് അഞ്ചിന് കാര്‍ കണ്ടെത്തിയ സ്ഥലത്ത് വന്‍ ജനക്കൂട്ടമുണ്ടായിരുന്നുവെന്നും പകല്‍ രണ്ടുവരെ ജനക്കൂട്ടത്തെ നിയന്ത്രിച്ചു. എന്നാല്‍, ജനക്കൂട്ടത്തെ നിയന്ത്രിച്ചുവെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ ഇല്ല. മറ്റുചില സാക്ഷികളുടെ തെറ്റായ മൊഴികള്‍ക്ക് സാധൂകരണം ലഭിക്കുന്നതിനായി മുന്‍ മൊഴികളില്‍നിന്ന് വ്യത്യസ്തമായി പറഞ്ഞുപഠിപ്പിച്ച മൊഴികളാണ് കോടതിയില്‍ സാക്ഷി പറഞ്ഞതെന്ന് പ്രതിഭാഗം വാദിച്ചു.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മെയ് നാലിന് വൈകിട്ട് ചൊക്ലിയില്‍ ഇന്നോവ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തിയതായി സന്തോഷ് എന്നയാള്‍ നല്‍കിയ പരാതി രേഖപ്പെടുത്തിയ രജിസ്റ്ററിലെ പേജ് കീറിയതായി സാക്ഷി ക്രോസ് വിസ്താരത്തില്‍ സമ്മതിച്ചു. രജിസ്റ്ററില്‍ ഏപ്രില്‍ മുതലുള്ള കടലാസുകള്‍ അതുവരെയുള്ള കടലാസുകളില്‍നിന്ന് വ്യത്യസ്തമാണെന്ന് പ്രതിഭാഗം വാദിച്ചു. രജിസ്റ്ററില്‍ 46, 47 പേജുകള്‍ക്കിടയില്‍ കീറിയതിന്റെ ബാക്കി കടലാസ് കാണുന്നുണ്ടെന്ന് സാക്ഷി പറഞ്ഞു. കാറില്‍വന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി ലഭിച്ചുവെന്ന് സിഐ കോടതിയില്‍ പറഞ്ഞെങ്കിലും രജിസ്റ്ററില്‍ ജീപ്പില്‍ വന്നു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതികളെന്നു പറയുന്നവര്‍ 2012 മെയ് നാലിന് ഇന്നോവ കാറില്‍ സഞ്ചരിച്ചു എന്ന് തെളിവുണ്ടാക്കുന്നതിനാണ് ഇത്തരത്തില്‍ പരാതി ലഭിച്ചതായി സിഐ കോടതിയില്‍ പറഞ്ഞത്. തെളിവുണ്ടാക്കാന്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം പൊലീസ് തയ്യാറാക്കിയ പരാതിയാണിതെന്ന് പ്രതിഭാഗം വാദിച്ചു. വൈദ്യുതി ഇല്ലാത്തതിനാല്‍ ശനിയാഴ്ച പകല്‍ രണ്ടോടെ സാക്ഷിവിസ്താരം നിര്‍ത്തി. ജൂണ്‍ അഞ്ചിന് വീണ്ടും വിസ്തരിക്കും. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ബി രാമന്‍പിള്ളയും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും സാക്ഷിയെ വിസ്തരിച്ചു.

deshabhimani

No comments:

Post a Comment