Wednesday, May 29, 2013

പ്രതികള്‍ വള്ളിക്കാട്ട് ഭാഗത്ത് ഫോണ്‍ ഉപയോഗിച്ചില്ലെന്ന് സാക്ഷി

ചന്ദ്രശേഖരന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ 2012 മെയ് നാലിന് ഓര്‍ക്കാട്ടേരി, വള്ളിക്കാട് പ്രദേശങ്ങളില്‍നിന്ന് ഫോണ്‍ ഉപയോഗിച്ചില്ലെന്ന് സാക്ഷിമൊഴി. സാക്ഷി വിസ്താരം നടക്കുന്ന പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ എയര്‍ടെല്‍ നോഡല്‍ ഓഫീസര്‍ കെ വാസുദേവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇദ്ദേഹം നല്‍കിയ കോള്‍ഡാറ്റ റെക്കോര്‍ഡില്‍ (സിഡിആര്‍), പ്രതിചേര്‍ക്കപ്പെട്ട രണ്ട് പേരുടെ മൊബൈല്‍ നമ്പറുകള്‍ കൊലപാതക ദിവസം ഓര്‍ക്കാട്ടേരി, വള്ളിക്കാട് പ്രദേശങ്ങളിലെ ടവറില്‍നിന്ന് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്ന പ്രോസിക്യൂഷന്‍ വാദം ഇതോടെ പൊളിഞ്ഞു. എം സി അനൂപിന്റെയും സി രജിത്തിന്റെയും പേരിലുള്ള നമ്പറുകളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംഭവ ദിവസം ഈ ഭാഗങ്ങളില്‍ ഇല്ലെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ സാക്ഷി മൊഴി നല്‍കി. കേസിലുള്‍പ്പെട്ട പ്രദീപന്റെ ഫോണ്‍ സംഭവദിവസം ഈ ഭാഗങ്ങളിലെ ടവര്‍ പരിധിയില്‍ ഉപയോഗിച്ചതായി കോടതിയില്‍ സമര്‍പ്പിച്ച സിഡിആര്‍ പ്രകാരം പറയാനാവില്ല. പ്രതിഭാഗം ക്രോസ് വിസ്താരത്തിലാണ് 150-ാം സാക്ഷിയായി വിസ്തരിച്ച ഓഫീസര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് തെളിയിക്കാനാണ് എയര്‍ടെല്‍ ഓഫീസറെ വിസ്തരിച്ചത്.

ആറ് നമ്പറുകളുടെ സിഡിആര്‍ ആണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. വാദത്തിന് എതിരാകുമെന്ന് ഭയന്ന് നാല് നമ്പറുകള്‍ രേഖപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടില്ല. പ്രതിഭാഗം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഈ നമ്പറുകള്‍ കോടതി രേഖയായി സ്വീകരിച്ചു. പ്രതികള്‍ ഉപയോഗിച്ചതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ച മറ്റ് നാല് നമ്പറും 2012 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 30 വരെ ഓര്‍ക്കാട്ടേരി, വള്ളിക്കാട്, പാറാല്‍, ചൊക്ലി പ്രദേശങ്ങളിലെ ടവറുകള്‍ക്ക് കീഴില്‍ ഉപയോഗിച്ചതായി രേഖയിലില്ലെന്ന് സാക്ഷി പറഞ്ഞു. പ്രതിഭാഗത്തിനുവേണ്ടി കെ വിശ്വന്‍, വിനോദ് ചമ്പോളന്‍, പി വി ഹരി, കെ എം രാംദാസ് എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും സാക്ഷികളെ വിസ്തരിച്ചു.

deshabhimani

No comments:

Post a Comment