Monday, June 24, 2013

മമത ഭരണത്തില്‍ കൊല്ലപ്പെട്ടത് 100 സിപിഐ എം പ്രവര്‍ത്തകര്‍

മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ അധികാരത്തില്‍ വന്നശേഷം കൊല്ലപ്പെട്ടത് നൂറ് സിപിഐ എം പ്രവര്‍ത്തകര്‍. ശനിയാഴ്ച വൈകിട്ട് മുര്‍ഷിദാബാദ് ജില്ലയിലെ റജിനഗറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേര്‍പ്പെട്ട രണ്ടു പ്രവര്‍ത്തകരെ കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തിയതോടെയാണ് എണ്ണം നൂറായത്. കൊല്ലപ്പെട്ടവരില്‍ 31 പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരും ഒമ്പതു പേര്‍ ആദിവാസികളും മൂന്ന് വനിതകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. 17 പേരാണ് ബര്‍ധമാന്‍ ജില്ലയില്‍ കൊല്ലപ്പെട്ടത്. മൂര്‍ഷിദാബാദില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഭൂരിപക്ഷവും കൊല്ലപ്പെട്ടത് തൃണമൂല്‍ കോണ്‍ഗ്രസ് അതിക്രമത്തില്‍.

ശനിയാഴ്ച രാത്രിയി കോണ്‍ഗ്രസ്സുകാര്‍ നടത്തിയ അക്രമത്തില്‍ ദേബേശ്വരന്‍ഘോഷ്(44), അമര്‍ഘോഷ് (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ഥാനാര്‍ഥി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. മുര്‍ഷിദാബാദ് ജില്ലയിലെ റെജിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എക്ടാല ഗ്രാമത്തില്‍ സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും യോഗം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അക്രമം. സമീപത്തെ കെട്ടിടത്തിന് മുകളില്‍നിന്ന് അക്രമികള്‍ പാര്‍ടിപ്രവര്‍ത്തകരെ ബോംബെറിയുകയും വെടിവയ്ക്കുകയുമായിരുന്നു. പരിക്കേറ്റ സ്ഥാനാര്‍ഥി മൃത്യുഞ്ജയ് ഘോഷ് അപകടനില തരണംചെയ്തിട്ടില്ല. മൃത്യുഞ്ജയ് ഘോഷിനെ മൂര്‍ഷിദാബാദ് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലും തുടര്‍ന്ന് കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ബല്‍ഡംഗ ബ്ലോക്കില്‍ ഹര്‍ത്താല്‍ ആചരിച്ചു. അക്രമത്തെ സിപിഐ എം ജില്ലാ കമ്മിറ്റി അപലപിച്ചു.
(ഗോപി)

deshabhimani

No comments:

Post a Comment