Friday, June 28, 2013

ബെന്നി ബഹനാന്റെ ബന്ധുവിനെ കുസാറ്റ് പിവിസി ആക്കിയത് മുഖ്യമന്ത്രി

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ പ്രൊ- വൈസ് ചാന്‍സലറായി ഡോ. പൗലോസ് ജേക്കബിനെ നിയമിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട്. ബെന്നി ബെഹനാന്‍ എംഎല്‍എയുടെ അടുത്ത ബന്ധുവാണ് പൗലോസ് ജേക്കബ്. ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവിറങ്ങിയശേഷം മാധ്യമങ്ങളിലൂടെയാണ് വിവരം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അറിയുന്നത്. തന്റെ ഓഫീസിനെപോലും അറിയിക്കാതെ രഹസ്യനീക്കത്തിലൂടെ സംസ്ഥാനത്തെ ഏക ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ പിവിസിയെ നിയമിച്ചതിനെതിരെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കുമെന്നും മന്ത്രി അബ്ദുറബ്ബ് അറിയിച്ചു.

ഗവര്‍ണറുടെ നിയമന ഉത്തരവ് സര്‍വകലാശാലാ ആസ്ഥാനത്ത് ലഭിച്ച് മണിക്കൂറുകള്‍ക്കകം പുതിയ പിവിസി തന്റെ പേഴ്സണല്‍ സ്റ്റാഫിലേക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആറു ജീവനക്കാരുടെ പേര് ഉള്‍പ്പെടുത്തിയ ശുപാര്‍ശക്കത്ത് വൈസ് ചാന്‍സലര്‍ക്ക് നല്‍കി. ഈ ലിസ്റ്റില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പുകാര്‍ ഇല്ല. മുഴുവന്‍ എ ഗ്രൂപ്പുകാരാണ്. കുസാറ്റിലെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയുടെ പ്രസിഡന്റാണ് ബെന്നിബെഹനാന്‍. ഇദ്ദേഹത്തിന്റെ ഗ്രൂപ്പിലുള്ളവരെമാത്രമാണ് പിവിസിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സര്‍വകലാശാലകളില്‍ പിവിസിയെ നിയമിക്കാനുള്ള ഫയല്‍ സാധാരണയായി വൈസ് ചാന്‍സലര്‍ വിദ്യാഭ്യാസമന്ത്രിക്ക് നല്‍കുകയും അവിടെനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയുമാണ് പതിവ്. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസാണ് ഫയലില്‍ തീരുമാനമെടുക്കുക. പിവിസി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ലിസ്റ്റാണ് വൈസ്ചാന്‍സലര്‍ മന്ത്രിക്ക് നല്‍കുക. എന്നാല്‍, ലിസ്റ്റില്‍ എംഎല്‍യുടെ ബന്ധുവിന്റെ പേരു മാത്രം ഉള്‍പ്പെടുത്തി തിടുക്കത്തില്‍ നടപടി പൂര്‍ത്തിയാക്കി ഗവര്‍ണര്‍ക്ക് വൈസ് ചാന്‍സലര്‍ നേരിട്ട് ഫയല്‍ കൈമാറുകയായിരുന്നു. വ്യാഴാഴ്ച മുഖ്യമന്ത്രി ഗവര്‍ണറെ സന്ദര്‍ശിച്ചപ്പോഴും ഈ നിയമനകാര്യം കൂടി സൂചിപ്പിച്ചതായാണ് വിവരം. കുസാറ്റില്‍ പിവിസിയായിരുന്ന ഡോ. ഗോഡ്ഫ്രെ ലൂയിസ് മെയ് 26നാണ് നാലുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഈ സ്ഥാനത്തിനുവേണ്ടി വകുപ്പ് ഭരിക്കുന്ന മുസ്ലിംലീഗ് അറിയാതെ മുഖ്യമന്ത്രി തിടുക്കത്തില്‍ ഇടപെടുകയായിരുന്നു. മറ്റു സര്‍വകലാശാലകളില്‍ പിവിസി പദവി മാസങ്ങളായി ഒഴിഞ്ഞുകിടക്കുമ്പോഴാണ് കുസാറ്റില്‍ മന്ത്രിപോലും അറിയാതെ നിയമനം നടന്നത്. കുസാറ്റിലെ സ്കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവിയും ടെക്നോളജി വിഭാഗം ഡീനും സിന്‍ഡിക്കറ്റ് അംഗവുമാണ് പൗലോസ് ജേക്കബ്. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം ദീര്‍ഘകാലമായി എറണാകുളത്താണ് താമസം.

deshabhimani

No comments:

Post a Comment