Saturday, June 29, 2013

പി മോഹനനെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടച്ചിട്ട് ഒരുവര്‍ഷം തികയുന്നു

പ്രതികാര രാഷ്ട്രീയത്തിന്റെയും നീതിനിഷേധത്തിന്റെയും ഇരയായി സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനന്‍ ജയിലറക്കുള്ളിലടയ്ക്കപ്പെട്ടിട്ട് ശനിയാഴ്ച ഒരു വര്‍ഷം തികയുകയാണ്. രാഷ്ട്രീയ-ഭരണ ഇടപെടലിനാല്‍ ജാമ്യംപോലും നിഷേധിച്ചാണ് മോഹനനെ തടങ്കലിലാക്കിയത്. യുഡിഎഫ്-മാര്‍ക്സിസ്റ്റ്വിരുദ്ധ രാഷ്ട്രീയനേതൃത്വത്തിന്റെ സംയുക്ത ഗൂഢാലോചനയിലായിരുന്നു അറസ്റ്റ്.

ഒരു കൊല്ലമായി കോഴിക്കോട് ജില്ലാ ജയിലിലാണ് മോഹനന്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ പേരില്‍ അരങ്ങേറിയ സിപിഐ എം വേട്ടയുടെ ഭാഗമായിരുന്നു ജില്ലയിലെ മുതിര്‍ന്ന നേതാവിനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തത്. കൊള്ളക്കാരെയും ഭീകരരെയും കൈകാര്യംചെയ്യുംവിധം നിന്ദ്യമായ രീതിയിലായിരുന്നു അറസ്റ്റ്. ദേശീയപാതയില്‍ കൊയിലാണ്ടിക്കടുത്ത് സിനിമാ സ്റ്റൈലിലായിരുന്നു പൊലീസ്സംഘം അറസ്റ്റിനായെത്തിയത്. ടെലിവിഷന്‍ വാര്‍ത്താചാനലുകളുടെ അകമ്പടിയിലായിരുന്നു ഡിവൈഎസ്പി എ പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ചാടിവീഴല്‍. സിപിഐ എം ജില്ലാകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് വരികയായിരുന്നു മോഹനന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നയാളെ പൊതുനിരത്തില്‍ ഭീകരരെയെന്നപോലെ വളഞ്ഞിട്ട് പിടിച്ചത് പരക്കെ അപലപിക്കപ്പെടുകയും പ്രതിഷേധമുയരുകയുമുണ്ടായി.

മോഹനനെ കടുത്ത ഭീഷണിപ്രയോഗവുമായാണ് പൊലീസ് നേരിട്ടത്. ഉന്നത നേതാക്കളുടെ പേര് പറയാന്‍ നിരന്തര സമ്മര്‍ദമുണ്ടായി. ഇതിനൊന്നും വഴങ്ങാതെ, പതറാതെ നിലയറുപ്പിച്ചപ്പോഴാണ് 14-ാംപ്രതിയാക്കിയത്. എങ്ങനെയും അകത്തിടണമെന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ സംഘമായ ആര്‍എംപിയുടെ വാശിക്കും ശാഠ്യത്തിനും കീഴടങ്ങുകയായിരുന്നു പൊലീസ്. സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെയും സംസ്ഥാനകമ്മിറ്റി അംഗം ടി വി രാജേഷ് എംഎല്‍എയെയും ഷുക്കൂര്‍ വധക്കേസിലും കണ്ണര്‍ ജില്ലാസെക്രട്ടറിയറ്റംഗം കാരായി രാജനെയും തലശേരി ഏരിയാകമ്മിറ്റി അംഗം കാരായിചന്ദ്രശേഖരനെയും ഫസല്‍ വധക്കേസിലും ജയിലിലടച്ചിരുന്നു. കാരായി രാജനും സഹദേവനും ഇപ്പോഴും ജയിലിലാണ്. സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ട് പ്രസ്ഥാനത്തെ തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുക എന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപജാപകനീക്കത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം.
(പി വി ജീജോ)

deshabhimani

1 comment:

  1. പാവം ചന്ദ്രശേഖരന്‍ തൂങ്ങി ചത്തതായിരിക്കും.....ഇടതു പക്ഷചിന്ദാഗതി ഇങ്ങിനെയാണോ ഷെയര്‍ ചെയ്യുന്നത്.നുണ പറയാന്‍ നാ ണമില്ലേ......

    ReplyDelete