Thursday, June 20, 2013

സരിത ഇറങ്ങി; ഐ രഹസ്യം ഒഴുകി

ഒന്നാം ഭാഗം : സരിതയും ബിജുവും കണ്ണികള്‍ മാത്രം

ഹോളിവുഡ് ചാരസുന്ദരിമാരുടെ കഥയുമായി സാമ്യമുണ്ട് സരിതാനായരുടെ മുഖ്യമന്ത്രീസേവയ്ക്ക്. ഉമ്മന്‍ചാണ്ടിക്കുവേണ്ടി സരിത ഭംഗിയായി ഐ ഗ്രൂപ്പിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തി. സരിതാ ബന്ധത്തിന്റെ പേരില്‍ ടെന്നി ജോപ്പനെയും സലിം രാജിനെയും "മാറ്റിനിര്‍ത്തിയ"പ്പോള്‍ അതേ കുറ്റംചെയ്ത ജിക്കു ജേക്കബ് ഉമ്മന്‍ചാണ്ടിയുടെ പിഎ സ്ഥാനത്തുതന്നെ തുടരുന്നതിന്റെ പൊരുള്‍ ഈ ചാരവൃത്തിയാണ്. അതിന്റെ എല്ലാ വിശദാംശവും അറിയുന്നയാള്‍ ജിക്കുമാത്രം. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഓരോ നീക്കവും സരിതവഴി ചിലരെ ഉപയോഗിച്ചാണ് ഉമ്മന്‍ചാണ്ടി അറിഞ്ഞത്. സരിതയ്ക്ക് ഐ ഗ്രൂപ്പുകാരായ രണ്ടു മന്ത്രിമാരുമായും ചെന്നിത്തലയുടെ വിശ്വസ്തനായ കോഴിക്കോട്ടെ കെപിസിസി ഭാരവാഹിയുമായും ദൃഢബന്ധം. ഇവരെ അടുപ്പിച്ചത് പിആര്‍ഡിമന്ത്രി കെ സി ജോസഫിന്റെ ഓഫീസില്‍ പിആര്‍ഡിയില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരന്‍. പിആര്‍ഡി ഡയറക്ടര്‍ മുഖേന സെക്രട്ടറിയറ്റിലെ പ്രസ് റിലീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനും സരിതയുടെ പിആര്‍ഒ ആയി പ്രവര്‍ത്തിച്ചു.

സരിതയെ ഉപയോഗിച്ച് ചെന്നിത്തലയുടെ നീക്കങ്ങള്‍ ചോര്‍ത്തിയ വിവരം ജിക്കു പുറത്തുപറയുമോ എന്ന് ഉമ്മന്‍ചാണ്ടി ഭയക്കുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍പ്പോലും ഇടപെടാനും അത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കുവേണ്ടി രഹസ്യങ്ങള്‍ ചോര്‍ത്താനും സരിതയെ ഉപയോഗിച്ചെന്നു തെളിഞ്ഞാല്‍ ആ നിമിഷം ഉമ്മന്‍ചാണ്ടി രാഷ്ട്രീയവനവാസത്തിന് പോകേണ്ടിവരും. ജിക്കുവിന്റെ ബ്ലാക്മെയിലിങ് തന്ത്രം ഫലിച്ചു. ഉമ്മന്‍ചാണ്ടി മുട്ടുമടക്കി. എല്ലാമെല്ലാം മനസ്സില്‍പേറുന്ന ജോപ്പനും ബ്ലാക്മെയില്‍ നടത്തിയ ജിക്കുവിനും രണ്ടു ന്യായം. മെയ് ഒന്നിനും ആറിനും ഇടയിലുള്ള ആറു ദിവസത്തിനുള്ളില്‍ ജിക്കുവിന്റെ നമ്പരില്‍നിന്ന് 27 തവണയാണ് സരിതയെ വിളിച്ചത്. ആഭ്യന്തരവും മന്ത്രിസഭയില്‍ രണ്ടാംസ്ഥാനവും നല്‍കാമെന്ന് ദൂതന്മാര്‍ മുഖേന വാഗ്ദാനം ചെയ്തതും പിന്നീട് പിന്നോക്കം പോയതും ചെന്നിത്തലയുടെ ഓരോ നീക്കവും മണത്തറിഞ്ഞുകൂടിയാണ്.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞത് ജോപ്പന്‍ സരിതയെയും തിരിച്ചും വിളിക്കുമ്പോള്‍ മുഖ്യമന്ത്രി അതേ സ്ഥലത്ത് ഇല്ലായിരുന്നെന്ന്് മൊബൈല്‍ ടവറില്‍നിന്ന് വ്യക്തമായെന്നാണ്. മെയ് ഒന്നിനും ആറിനും ഇടയില്‍ ജോപ്പനെ സരിതയും തിരിച്ചും വിളിക്കുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തതില്‍ 42 തവണയും മുഖ്യമന്ത്രി അടുത്തുണ്ടായിരുന്നെന്ന് യുഡിഎഫ് മാധ്യമങ്ങള്‍ പുറത്തുവിട്ട രേഖയില്‍ തെളിയുന്നു. മുഖ്യമന്ത്രി അടുത്തുണ്ടാകുമ്പോള്‍ മറ്റു ഫോണ്‍വിളികള്‍ നടത്താത്ത ജോപ്പന്‍ ഈ വിളികള്‍ നടത്തിയതും സന്ദേശങ്ങള്‍ കൈമാറിയതും ഉമ്മന്‍ചാണ്ടിക്കുവേണ്ടി ത്തന്നെയാണെന്നും ഇതില്‍നിന്ന് വ്യക്തം. ജോപ്പന്‍ ഇതുവരെ ഒന്നും വെളിപ്പെടുത്തിയില്ല. അങ്ങനെ സംഭവിച്ചാല്‍ അത് പി സി ജോര്‍ജിന്റേതുപോലുള്ള പടക്കമായിരിക്കില്ല, ഉഗ്രന്‍ ബോംബുകള്‍ പൊട്ടും. ജോപ്പന്‍ വാങ്ങിയ കാശ് പോയത് എവിടേക്കെന്ന് കണ്ടെത്താന്‍ തിരുവഞ്ചൂരിന്റെ പൊലീസിന് കഴിയില്ല. ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനായ ഹസ്കര്‍ വ്യാഴാഴ്ച വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സരിതവഴി മുഖ്യമന്ത്രി നിരവധി കത്തുകള്‍ ടീം സോളാറിനുവേണ്ടി നല്‍കിയെന്ന് ബിജു പറഞ്ഞതായാണ് ഹസ്കര്‍ വെളിപ്പെടുത്തുന്നത്. ഇങ്ങനെ കത്തുകള്‍ നല്‍കുന്നതിന് ടെന്നി ജോപ്പന്‍ വന്‍ തുക കൈപ്പറ്റിയതായും ഹസ്കര്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ കത്ത് കാണിച്ചാണ് തന്നെ വലയിലാക്കിയതെന്ന് പരാതിക്കാരനായ സജ്ജാദ് വെളിപ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമല്ല. മറ്റു പല പരാതിക്കാരും ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. ഗവ. ചീഫ് വിപ്പ് പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ലെറ്റര്‍പാഡ് മോഷ്ടിച്ചിട്ടുണ്ടാകുമെന്നാണ്. അതിനര്‍ഥം അങ്ങനെ ലെറ്റര്‍പാഡില്‍ ശുപാര്‍ശക്കത്തുണ്ടെന്നുതന്നെയാണ്.

സരിത-ബിജു ദമ്പതികളുടെ സൗരോര്‍ജതട്ടിപ്പ് സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുകുലുക്കാന്‍ തുടങ്ങിയതിന് മൂന്നുമാസംമുമ്പാണ് മറ്റൊരു ദമ്പതികളുടെ കിടപ്പറ രഹസ്യം കേരള രാഷ്ട്രീയത്തെ കുലുഷിതമാക്കിയത്. കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് രണ്ടിന്. അന്നാണ് ഒരു ദിനപത്രം യുഡിഎഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കാമുകിയുടെ ഭര്‍ത്താവിന്റെ തല്ലുകിട്ടിയെന്ന് വാര്‍ത്ത നല്‍കിയത്. തല്ലുകൊണ്ടത് മന്ത്രി കെ ബി ഗണേശ്കുമാറിനാണെന്ന് മാര്‍ച്ച് മൂന്നിന് പി സി ജോര്‍ജ് വെളിപ്പെടുത്തിയതോടെ വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചു. അന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നത്ത അതേ കുടിലതന്ത്രമാണ് സ്വീകരിച്ചത്. ഭര്‍ത്താവായ മന്ത്രിക്കെതിരായ പരാതി നല്‍കാന്‍ മുമ്പ് ഡോ. യാമിനി തങ്കച്ചി നിരവധി തവണ ശ്രമിച്ചെങ്കിലും ഉമ്മന്‍ചാണ്ടി തടയുകയായിരുന്നു. മാര്‍ച്ച് നാലിന് ഡല്‍ഹിയിലായിരുന്ന ഉമ്മന്‍ചാണ്ടി യാമിനിയെ ഫോണില്‍വിളിച്ചു. സമാധാനിപ്പിക്കാന്‍ ആയിരുന്നില്ല ആ വിളി; ഗണേശിനുവേണ്ടി വാര്‍ത്താസമ്മേളനം നടത്തണമെന്ന് നിര്‍ദേശിക്കാനായിരുന്നു. മൂന്നിന്റെ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്ന തന്റെ ഭരണം നിലനിര്‍ത്താനുള്ള മനുഷ്യത്വഹീന നടപടി. യാമിനി അതിന് തയ്യാറായില്ല.

പിറ്റേന്ന് തലസ്ഥാനത്തെത്തിയ ഉമ്മന്‍ചാണ്ടിയെ കാണാന്‍ രണ്ടുതവണ യാമിനി ക്ലിഫ് ഹൗസില്‍ ചെന്നെങ്കിലും തന്ത്രപൂര്‍വം ഒഴിവായി. വാര്‍ത്താ സമ്മേളനം നടത്തി കാര്യങ്ങള്‍ വിളിച്ചുപറയുമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും യാമിനി അറിയിച്ചപ്പോള്‍മാത്രം "ദര്‍ശനം" അനുവദിച്ചു. മാര്‍ച്ച് ആറിന് രാവിലെ യാമിനി ക്ലിഫ് ഹൗസില്‍ ചെന്നു. ഗണേശ് തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കി. ആ പരാതി വാങ്ങിക്കാതെ ഒഴിഞ്ഞുമാറി. അന്ന് ഗണേശിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് യാമിനി പറഞ്ഞതില്‍ ഏറ്റവും പ്രധാന പേരായിരുന്നു സരിത എസ് നായരുടേത്. സൗരോര്‍ജപ്ലാന്റ് സ്ഥാപിക്കാനെന്ന പേരില്‍ വീട്ടില്‍ വന്ന സരിതയുമായുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് സാമാന്യം ദീര്‍ഘമായി യാമിനി മുഖ്യമന്ത്രിയോട് വിശദീകരിച്ചു. അന്ന് ഗണേശിനെ സംരക്ഷിക്കാനും മന്ത്രിസ്ഥാനത്ത് നിലനിര്‍ത്താനും ഉമ്മന്‍ചാണ്ടി സ്ത്രീയുടെ കണ്ണീരുകണ്ടില്ല; വിലാപം കേട്ടില്ല. യാമിനി കബളിക്കപ്പെട്ടു. സരിതാനായര്‍ വിജയിച്ചു. അന്ന് ഗണേശിന്റെ രക്ഷകനായ ഉമ്മന്‍ചാണ്ടി ഇന്ന് സ്വന്തം കസേര നിലനിര്‍ത്താന്‍ പെടാപ്പാട് പെടുന്നു.

സരിതയെയും ബിജുവിനെയും പരിചയമില്ലെന്ന വാദം പൊളിക്കാന്‍ ഗണേശ്-യാമിനി തര്‍ക്കമടക്കം അനിഷേധ്യമായ അനേകം തെളിവുകള്‍ ഉമ്മന്‍ചാണ്ടിയെ വരിഞ്ഞുമുറുക്കുന്നു. സരിതയുമായി ഗണേശിന് ബന്ധമുണ്ടെന്ന് യാമിനി പറഞ്ഞത് മാര്‍ച്ച് ആറിന്. സരിതയ്ക്ക് ഗണേശുമായി ബന്ധമുണ്ടെന്ന് സരിതയുടെ ഭര്‍ത്താവ് ബിജു ഉമ്മന്‍ചാണ്ടിയെ അറിയിക്കുന്നത് സപ്തംബര്‍ 13നും 15നും ഇടയിലുള്ള ഒരു ദിവസം എറണാകുളം ഗസ്റ്റ് ഹൗസില്‍. ഈ ദിവസങ്ങളില്‍ എമര്‍ജിങ് കേരളയില്‍ സൗരോര്‍ജപദ്ധതിയുമായി ബന്ധപ്പെട്ട സെഷനുകളില്‍ സരിതയും ബിജുവും സജീവം. ഇതിനുശേഷം സരിത ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയില്‍വച്ച് കണ്ടത് ഡിസംബര്‍ 27ന്. എന്നിട്ടും ഉമ്മന്‍ചാണ്ടി പറയുന്നു- സരിതയെയും ബിജുവിനെയും അറിയില്ല എന്ന്. "മണ്ടന്‍ കോണ്‍ഗ്രസുകാരെ"മാത്രം വിശ്വസിപ്പിക്കാവുന്ന ന്യായം.

ഗസ്റ്റ് ഹൗസില്‍ കണ്ടപ്പോള്‍ ബിസിനസ് ശക്തിപ്പെടുത്താന്‍ സഹായിക്കാമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയെന്നും ഒളിവില്‍ കഴിയവെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിജു വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ആണയിട്ടത്, "കുടുംബപ്രശ്നം" ചര്‍ച്ചചെയ്തു എന്ന്. ബിജുവിന്റെയും സരിതയുടെയും കുടുംബപ്രശ്നം തട്ടിപ്പും അതിനുവേണ്ടിയുള്ള അനാശാസ്യവും. ബിസിനസ് സൗരോര്‍ജപാനല്‍ തട്ടിപ്പ്. ഈ ബിസിനസ് തഴച്ചുവളര്‍ന്നത് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളിലാണ്. അതിന്റെ രക്ഷാധികാരിയും പ്രൊമോട്ടറും എ ഗ്രൂപ്പിന്റെ "പ്രിയങ്കരനായ" നേതാവ് ഉമ്മന്‍ചാണ്ടിയും. സ്വന്തം പാര്‍ടിരഹസ്യം ചോര്‍ത്താന്‍ ചാരസുന്ദരിയെ വിട്ട ഗാന്ധിശിഷ്യന്‍! (അവസാനിക്കുന്നില്ല)

എം രഘുനാഥ് deshabhimani

മൂന്നാം ഭാഗം : പാര്‍ട്ടി വേറെ, ചാണ്ടി വേറെ

No comments:

Post a Comment