Friday, June 28, 2013

വിവാദസര്‍ക്കുലര്‍ തിരുത്താന്‍ സര്‍ക്കാര്‍ സമയം തേടി

വിവാഹരജിസ്ട്രേഷനായി വിവാഹ പ്രായം 16 ആക്കി നിശ്ചയിച്ച സര്‍ക്കുലര്‍ തിരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി അറിയിച്ചു. ഇതിന് സാവകാശം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. രണ്ടാഴ്ച സമയമാണ് ചോദിച്ചത്.

സര്‍ക്കാര്‍ സര്‍ക്കുലറിനെതിരെ ഫയല്‍ ചെയ്യപ്പെട്ട ഒരുകൂട്ടം പൊതുതാല്‍പര്യഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂര്‍,ജ. കെ വിനോദ് ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ഞചാണ് കേസ് പരിഗണിക്കുന്നത്.

ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ക്ക് ഹൈക്കോടതിയുടെ ശാസന

കൊച്ചി: സ്ക്കൂള്‍ അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കിയ ഉത്തരവ് നടപ്പാക്കാത്തതിന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ കേശവാനന്ദകുമാറിനെ ഹൈക്കോടതി ശാസിച്ചു. ജസ്റ്റീസ് പി എന്‍ രവീന്ദ്രനാണ് ശാസിച്ചത്. ഐഎഎസുകാര്‍ക്ക് അഹകാരവും ധിക്കാരവുമാണ്.

കോടതി ഉത്തരവുകള്‍ തങ്ങളുടെ ഇഷ്ടത്തിന് വ്യാഖാനിച്ച് നാപ്പാക്കാതിരിക്കുകയാണിവര്‍. കോടതിയേക്കാള്‍ വലിയവരാണെന്നാണ് ഐഎഎസുകാരടെ ധാരണ. ഇവരെ ഇങ്ങനെ കയറൂരി വിടാനാവില്ലെന്നും കോടതി പറഞ്ഞു. നിയമന ഉത്തരവ് നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജിയിലാണ് വിമര്‍ശനം. ഉത്തരവ് നടപ്പാക്കാനായി 3 ദിവസത്തെ സമയം അനുവദിച്ചു.

ഗുണ്ടാനിയമം: സിപിഐ എം പ്രവര്‍ത്തകന്റെ "നാടുകടത്തല്‍" റദ്ദാക്കി

കൊച്ചി: സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തില്‍ ഉള്‍പ്പെടുത്തി സിപിഐ എം പ്രവര്‍ത്തകനെ "നാടുകടത്തിയ" കണ്ണൂര്‍ ഐജിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വടകര കൊട്ടപ്പള്ളിയില്‍ പുത്തന്‍പുര വീട്ടില്‍ ബാബു ഒരുവര്‍ഷത്തേക്ക് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള നടപടി ഉപദേശകബോര്‍ഡ് ശരിവച്ചിരുന്നു. ബാബുവിനെതിരായ ആരോപണം നിയമപരമായി നിലനില്‍ക്കില്ലെന്നും "അറിയപ്പെടുന്ന റൗഡി"യായി പ്രഖ്യാപിക്കുന്ന തരത്തിലുള്ള കേസുകളില്ലെന്നും കണ്ടെത്തിയാണ് ജസ്റ്റിസ് കെ ടി ശങ്കരന്‍, ജസ്റ്റിസ് ബി കമാല്‍പാഷ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഐജിയുടെയും ഉപദേശകബോര്‍ഡിന്റെയും ഉത്തരവ് റദ്ദാക്കിയത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. അരുണ്‍കുമാര്‍ ഹാജരായി. ഇതേ നിയമപ്രകാരം നാടുകടത്തിയതിനെതിരെ കെ കെ ലതിക എംഎല്‍എയുടെ മകന്‍ ജൂലിയസ് നിഖിതാസ് നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് വിശദമായ വാദത്തിനായി ജൂലൈ രണ്ടിലേക്കു മാറ്റി.

വെറുതെ ഒരു അച്ഛനായാല്‍ കുട്ടിയെ കിട്ടില്ല

മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു കേസില്‍ 2009 ഏപ്രില്‍ 17ന് സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധി ഇത്തരം കേസുകളിലെ സങ്കീര്‍ണതകള്‍ വ്യക്തമാക്കുന്നതാണ്. ജ. എച്ച് എല്‍ ദത്തുവും ജ. തരുണ്‍ ബാനര്‍ജിയും ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി. കുട്ടിയുടെ അച്ഛനും അമ്മയുടെ അമ്മയും തമ്മിലാണ് തര്‍ക്കമുണ്ടായത്. കുട്ടിയുടെ അമ്മ പ്രസവത്തോടെ മരിച്ചിരുന്നു.

കുട്ടിയുടെ അച്ഛന്‍ കുട്ടിയെ വിട്ടുകിട്ടാനായി ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ടിലെ വ്യവസ്ഥയ്ക്കനുസരിച്ച് കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. ഭാര്യയുടെ വീട്ടില്‍ കുട്ടിയെ നന്നായി നോക്കുന്നില്ലെന്നും അവിടെ തുടരുന്നത് കുട്ടിയുടെ ജീവനുതന്നെ ആപത്താണെന്നും വാദിച്ചായിരുന്നു ഹര്‍ജി. എന്നാല്‍, ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോള്‍പോലും കുഞ്ഞിനെ കാണാന്‍ അച്ഛന്‍ വന്നിട്ടില്ലെന്ന് മുത്തശ്ശി കോടതിയില്‍ പറഞ്ഞു. അയാള്‍ ഒറ്റയ്ക്കാണ് താമസം. പലപ്പോഴും വീട്ടിലുണ്ടാകില്ല. സാമ്പത്തികസ്ഥിതി മോശമാണ്. ഒട്ടേറെ പേരോട് വായ്പ വാങ്ങിയിട്ടുണ്ട്. കുട്ടിയെ അച്ഛനൊപ്പം വിടുന്നത് കുട്ടിയുടെ ക്ഷേമത്തിന് സഹായകമല്ല- മുത്തശ്ശിക്കുവേണ്ടി വാദമുയര്‍ന്നു. കുടുംബകോടതി കുട്ടിയുടെ അച്ഛന്റെ വാദങ്ങളില്‍ ന്യായം കണ്ടു. കുട്ടിയെ അച്ഛനൊപ്പം വിടാന്‍ കുടുംബകോടതി വിധിച്ചു. മുത്തശ്ശി ഹൈക്കോടതിയെ സമീപിച്ചു. കുട്ടിയെ അച്ഛനൊപ്പം വിടാതിരിക്കാന്‍ ന്യായമൊന്നുമില്ലെന്ന് ഹൈക്കോടതിയും അഭിപ്രായപ്പെട്ടു. ഈ വിധിക്കെതിരെയാണ് കുട്ടിയുടെ മുത്തശ്ശി സുപ്രീംകോടതിയിലെത്തിയത്.

സുപ്രീംകോടതി കേസ് ഫയലില്‍ സ്വീകരിച്ച് അയച്ച നോട്ടീസ് കുട്ടിയുടെ അച്ഛന്‍ കൈപ്പറ്റിയില്ല. രണ്ടു പത്രത്തില്‍ പരസ്യംചെയ്തു. അതിനും പ്രതികരണമുണ്ടായില്ല. അതുകൊണ്ട് എതിര്‍ഭാഗത്തിന്റെയോ അഭിഭാഷകന്റെയോ സഹായമില്ലാതെ കേസ് തീര്‍പ്പാക്കി. 1890ലെ ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ട് അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ രക്ഷിതാവ് അച്ഛനാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്ഷിതാവാകാന്‍ അച്ഛന്‍ യോഗ്യനല്ലെന്നു വന്നാല്‍മാത്രമേ ഇതില്‍ മാറ്റം വരുത്താനാകൂ. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ രക്ഷിതാക്കളുടെ അവകാശംമാത്രം പരിഗണിച്ചാല്‍ പോരാ. കുട്ടിയുടെ ക്ഷേമംകൂടി നോക്കണമെന്ന് സുപ്രീംകോടതിതന്നെ മുമ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് പഴയ വിധികളിലൊന്ന് ഉദ്ധരിച്ച് (സുമേധ നാഗ്പാല്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് ഡല്‍ഹി) വിധിയില്‍ പറഞ്ഞു. ഇപ്പോഴത്തെ കേസില്‍ ജനിച്ചപ്പോള്‍മുതല്‍ അമ്മയുടെ രക്ഷിതാക്കള്‍ക്കൊപ്പമാണ് കുട്ടി കഴിഞ്ഞുവന്നതെന്നു വ്യക്തം. തീവ്രപരിചരണവിഭാഗത്തില്‍ കഴിയുമ്പോഴും അവരാണ് കുട്ടിയെ ശുശ്രൂഷിച്ചത്. കുട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ വാദത്തിനു തെളിവായി ഹാജരാക്കിയിട്ടുണ്ട്.

അതേപ്പറ്റി തര്‍ക്കമൊന്നും ഉന്നയിക്കപ്പെട്ടിട്ടില്ല. ദാരുണമായ സാഹചര്യത്തില്‍ ഏക മകളെ നഷ്ടമായ അമ്മയുടെ മാനസികാവസ്ഥ പരിഗണിക്കണം. ആ മകളുടെ പ്രതിരൂപമാണ് ചെറുമകളില്‍ മുത്തശ്ശി കാണുന്നത്. ചെറുപ്പംമുതല്‍ മുത്തശ്ശിക്കൊപ്പം വളര്‍ന്നതുകൊണ്ട് കുട്ടിക്ക് മുത്തശ്ശിയുമായി ഗാഢമായ സ്നേഹബന്ധമുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍ കുട്ടിയുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറാനും അവര്‍ക്കു കഴിയും. സാമ്പത്തികമായും അവരുടെ സ്ഥിതി മെച്ചമാണ്. മറിച്ച് കുട്ടിയുടെ അച്ഛന്റെ സ്ഥിതി വ്യത്യസ്തമാണ്. പലരില്‍നിന്നും കടം വാങ്ങിയിട്ടുള്ള നിലയിലും കുറഞ്ഞ വരുമാനക്കാരനായതിനാലും കുട്ടിക്ക് സുരക്ഷിതമായ ജീവിതം നല്‍കാന്‍ അയാള്‍ക്ക് കഴിയില്ല. കോടതി നോട്ടീസുകളയച്ചിട്ടും വക്കില്‍ മുഖേനയോ നേരിട്ടോ കുട്ടിയുടെ അച്ഛന്‍ കോടതിയില്‍ ഹാജരായില്ല. താല്‍പ്പര്യക്കുറവാണ് പ്രകടമായത്. അയാള്‍ രണ്ടാംവിവാഹം കഴിച്ചതായി കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. അതിലൊരു കുട്ടിയുമുണ്ട്. ബിസിനസുകാരനായതിനാല്‍ എപ്പോഴും വീട്ടിലുണ്ടാകില്ല. കുട്ടി രണ്ടാനമ്മയുടെ സംരക്ഷണയിലാകും വളരേണ്ടിവരിക. സാധാരണഗതിയില്‍ ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ടനുസരിച്ച് രക്ഷിതാവിന് കുട്ടിയെ വിട്ടുകിട്ടാന്‍ അവകാശമുണ്ട്. എന്നാല്‍, ഇത് പരമമായ അവകാശമല്ല. ഈ കേസില്‍ കുട്ടി മുത്തശ്ശിക്കൊപ്പമാണ് വളരുന്നത്. അവളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ അന്തരീക്ഷത്തിലാണ് അവള്‍ ഉള്ളത്. ആ സാഹചര്യത്തില്‍നിന്നു മാറ്റുന്നത് ഗുണകരമാകില്ല. അതുകൊണ്ട് കുട്ടി മുത്തശ്ശിയുടെ ഒപ്പംതന്നെ വളരട്ടെ- കോടതി വിധിച്ചു.

deshabhimai

No comments:

Post a Comment