Sunday, June 30, 2013

വടവാതൂര്‍ നിവാസികള്‍ ചോദിക്കുന്നു... ഞങ്ങളും മനുഷ്യരല്ലേ

"മാലിന്യക്കോട്ട"യത്ത് മൂക്കുപൊത്തി നഗരവാസികള്‍

മാലിന്യ പ്രശ്നം പരിഹാരമില്ലാതെ തുടരുമ്പോള്‍ വടവാതൂര്‍ നിവാസികളെപ്പോലെ തന്നെ കോട്ടയം നഗരവാസികളും ചോദിക്കുന്നു "ഞങ്ങളും മനുഷ്യരല്ലേ?" ദുര്‍ഗന്ധവും പകര്‍ച്ചവ്യാധികളും മൂലം പൊറുതിമുട്ടിയ സാഹചര്യത്തിലാണ് വടവാതൂരിലെ ഡമ്പിങ് യാര്‍ഡിലേക്ക് നഗരത്തില്‍ നിന്നുള്ള മാലിന്യനീക്കം നാട്ടുകാര്‍ തടഞ്ഞത്. ഇതേത്തുടര്‍ന്ന് ആഭ്യന്തരമന്ത്രിയും കലക്ടറും ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരം മാത്രമുണ്ടായില്ല. ഇതോടെ കോട്ടയം നഗരത്തിന്റെ മുക്കിലും മൂലയിലുമെല്ലാം മാലിന്യക്കോട്ടകളായി മാറി. ചുങ്കം റോഡില്‍ സിഎംഎസ് എച്ച്എസ്എസിന്റെ മുഖ്യ കവാടത്തില്‍ 50 മീറ്ററോളം നീളത്തിലാണിപ്പോള്‍ മാലിന്യം കെട്ടിക്കിടക്കുന്നത്. നഗരവാസികള്‍ മാത്രമല്ല സമീപ പഞ്ചായത്തുകളിലുള്ളവര്‍വരെ ഇവിടെ വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം തള്ളുന്നതായാണ് പരിസരവാസികള്‍ പറയുന്നത്. ഒരു തീപ്പെട്ടിക്കൊള്ളിയുരച്ചാല്‍ കത്തിപ്പോകുന്ന പുല്ലും കരിയിലയുംവരെ ഇവിടെ തള്ളുന്നു. ഒപ്പം ദുര്‍ഗന്ധം വമിക്കുന്ന മറ്റ് മാലിന്യങ്ങളും.
ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സിഎംഎസ് എച്ച്എസ്എസ്, പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന സിഎന്‍ഐ എല്‍പിഎസ്, സിഐഎന്‍ ടിടിസി ട്രെയിനിങ് കോളേജ്, രണ്ട് പത്രമോഫീസുകള്‍, സിഎംഎസ് കോളേജ്, ഹോട്ടലുകള്‍, പള്ളികള്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ മൂക്കുപൊത്താതെ നടക്കാനാവില്ല. ഇതേപോലെയാണ് തിരുനക്കര ക്ഷേത്രത്തിന് സമീപം ജവഹര്‍ ബാലഭവന്മുന്നിലും മാലിന്യക്കോട്ടയായിരിക്കുന്നു. ഇവിടെ ബാലഭവനില്‍ എത്തുന്ന കുട്ടികളും ഇതുവഴിയുള്ള യാത്രക്കാരും ഇതിന്റെ ദുരിതമനുഭവിക്കുകയാണ്. എന്തായാലും അടുത്ത ദിവസങ്ങളില്‍തന്നെ പ്രശ്നപരിഹാരമുണ്ടാക്കുകയും മാലിന്യനീക്കം ഉണ്ടാവുകയും ചെയ്തില്ലെങ്കില്‍ നഗരം കൊടുംവ്യാധികളുടെ പിടിയിലമരും എന്നതാണ് ജനങ്ങളുടെ ആശങ്ക.

വടവാതൂര്‍ നിവാസികള്‍ ചോദിക്കുന്നു... ഞങ്ങളും മനുഷ്യരല്ലേ

""ഞങ്ങളും മനുഷ്യരല്ലേ...എല്ലാവരെയുംപോലെ ഞങ്ങള്‍ക്കും ജീവിക്കണം...ഇനിയിവിടെ ഒരുനുള്ള് മാലിന്യം പോലും ഇടാന്‍ സമ്മതിക്കില്ല. എഴുപതു വര്‍ഷമായി കോട്ടയം നഗരത്തിന്റെ കുപ്പത്തൊട്ടിയായ വടവാതൂരില്‍ താമസിക്കുന്ന ജനങ്ങള്‍ ഇക്കുറി കടുത്ത തീരുമാനത്തിലാണ്. വാക്കുകളില്‍ മാത്രമല്ല മനസ്സിലും പ്രക്ഷോഭത്തിന്റെ തീ അണയാതെ കാത്തുസൂക്ഷിക്കുകയാണ് നാട്ടുകാര്‍. സ്വസ്ഥമായി ഉറങ്ങാനാവുന്നില്ല. ഭക്ഷണം കഴിക്കാനെടുക്കുമ്പോള്‍ ഡംപിങ് യാര്‍ഡില്‍നിന്ന് മൂക്കിലേക്ക് അരിച്ചെത്തുന്ന ദുര്‍ഗന്ധം. ഇതിനെല്ലാം പുറമെ രോഗപീഡകളും. വടവാതൂര്‍ ഡംപിങ് യാര്‍ഡ് നാട്ടുകാര്‍ അടച്ചുപൂട്ടിയിട്ട് 11 ദിവസം കഴിഞ്ഞു. അന്ന് ആരംഭിച്ച സമരം ഇപ്പോഴും തുടരുന്നു. ചര്‍ച്ചകള്‍ നിരവധി നടന്നു. ഒന്നിനും ഫലമില്ല. ഒടുവില്‍ മാലിന്യം വടവാതൂരിലേക്ക് കൊണ്ടുപോകാന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് ഭയന്ന് തീരുമാനം മാറ്റി. കലക്ടറും വിജയപുരം പഞ്ചായത്തും കോട്ടയം നഗരസഭയും തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാര്യമായി ഇടപെടുന്നുമില്ല. നഗരസഭയുടെയും വിജയപുരം പഞ്ചായത്തിന്റെയും പ്രതിനിധി കൂടിയാണ് തിരുവഞ്ചൂര്‍. ആരുടെ കൂടെ നില്‍ക്കണമെന്നത് തിരുവഞ്ചൂരിനെ വട്ടം ചുറ്റിക്കുന്നു. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഇപ്പോഴത്തെ നിലയില്‍ പ്രശ്നപരിഹാരം അസാധ്യവും.

വടവാതൂരിലേക്ക് മാലിന്യം കൊണ്ടു വരുന്നത് ഒഴികെയുള്ള തീരുമാനമേ അംഗീകരിക്കൂവെന്നാണ് വിജയപുരം പഞ്ചായത്തും പറയുന്നത്. നഗരത്തിന്റെ മാലിന്യം പേറി മടുത്ത നാട്ടുകാര്‍ രാപ്പകല്‍ ഭേദമില്ലാതെ വടവാതൂരിലെ ഡംപിങ് യാര്‍ഡിന് മുന്നില്‍ സമരത്തിലാണ്. മാലിന്യം എത്തിക്കാതിരിക്കാന്‍ സദാസമയവും ഇവിടെ കാവലുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ടികളുടെയും പിന്തുണ ജനങ്ങളുടെ സമരത്തിനുണ്ട്. കോട്ടയം നഗരസഭയും വിജയപുരം പഞ്ചായത്തും ഭരിക്കുന്നത് കോണ്‍ഗ്രസാണെങ്കിലും വടവാതൂരിന്റെ കാര്യത്തില്‍ യോജിച്ച തീരുമാനമില്ല. അവസരോചിത നയസമീപനമാണ് ഇരുകൂട്ടരും സ്വീകരിക്കുന്നത്. ശാസ്ത്രീയമായ രീതിയില്‍ ക്യാപ്പിങ് നടത്തി മാലിന്യം സംസ്കരിക്കുമെന്ന തീരുമാനവും ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പുറമെനിന്ന് നോക്കിയാല്‍ കാണാവുന്ന ഭാഗങ്ങളില്‍ മാത്രം മാലിന്യക്കൂമ്പാരത്തിന് മുകളില്‍ താല്‍ക്കാലികമായി പടുത വലിച്ചു കെട്ടിയിരിക്കുകയാണ്. കീഴ്ക്കാംതൂക്കായ പ്രദേശത്ത് ഇങ്ങനെ ചെയ്തിട്ടും കാര്യമില്ല. മുകള്‍ഭാഗത്തുനിന്ന് മഴവെള്ളം മാലിന്യത്തോടൊപ്പം കൂടിച്ചേര്‍ന്ന് ഒഴുകുകയാണ്.

ത്വക് രോഗം, അലര്‍ജി...രോഗം ഇവിടെ അരങ്ങു വാഴുന്നു

നാല്‍പതു ശതമാനംപേര്‍ക്ക് ത്വക്ക് രോഗം. അലര്‍ജിയും ശ്വാസകോശസംബന്ധമായ രോഗങ്ങളും അലട്ടുന്നവര്‍ വേറെയും. ഒരു പ്രദേശത്തെ ജനങ്ങളെ മാലിന്യനിക്ഷേപകേന്ദ്രം രോഗികളാക്കുകയാണെന്ന പഠനം പുറത്തുവന്നിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരും തയാറാകുന്നില്ല. മാലിന്യനിക്ഷേപകേന്ദ്രത്തിന് സമീപം താമസിക്കുന്ന 80 ശതമാനം പേരും വിവിധ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണെന്ന് കോട്ടയം ആസ്ഥാനമായ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. ഡംപിങ് യാര്‍ഡിന്റെ 300 മീറ്റര്‍ ചുറ്റളവിലെ അന്‍പതു കുടുംബങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. നാല്‍പതു ശതമാനം പേര്‍ ത്വക്ക്രോഗങ്ങള്‍ മൂലം കഷ്ടപ്പെടുമ്പോള്‍ 14 ശതമാനം പേരില്‍ അലര്‍ജിരോഗം ഉണ്ടെന്നാണ് കണ്ടെത്തിയത്. പത്തു ശതമാനം പേരില്‍ ശ്വാസകോശസംബന്ധമായ അസുഖവും കണ്ടെത്തി. അറുപതു ശതമാനം പേര്‍ മറ്റ് പലവിധ രോഗങ്ങള്‍ക്ക് അടിമയാണ്. നൂറുമീറ്ററിലേറെ ഉയരത്തില്‍ മലകള്‍ പോലെ വര്‍ഷങ്ങളായുള്ള മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. ഇതില്‍ ഏഴുമീറ്റര്‍ വരെ ആഴത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുണ്ട്. ഒരുകിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശത്തെ മണ്ണില്‍ പതിനേഴിനം ബാക്ടീരിയകളെയും 12 ഇനം ഫംഗസുകളെയും കണ്ടെത്തിയിരുന്നു. ഒഴുകിയിറങ്ങുന്ന മലിനജലത്തില്‍ 13 ഇനം ബാക്ടീരിയകളെയും എട്ടിനം ഫംഗസുകളുയെും കണ്ടെത്തി. വായുവിലാകട്ടെ, 14 ഇനം ബാക്ടീരിയകളുടെയും 22 ഇനം ഫംഗസുകളുടെയും സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

ഈ കറുത്ത ജലം ഞങ്ങളുടെ ജീവനെടുക്കും

""ഞങ്ങളുടെ കുട്ടികളെ സ്കൂളിലെത്തിക്കാന്‍ ഓട്ടോറിക്ഷക്കാര്‍ പോലും ഈ വഴി വരുന്നില്ല. കണ്ടില്ലേ...ഇത്.."" ഡംപിങ് യാര്‍ഡിന്റെ സമീപത്തെ റോഡിലൂടെ കറുത്ത നിറത്തില്‍ പരന്നൊഴുകുന്ന രൂക്ഷഗന്ധമുള്ള മലിനജലം ചൂണ്ടിക്കാട്ടി സമീപവാസിയായ ലില്ലിക്കുട്ടി പറഞ്ഞു. റോഡില്‍ പലയിടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഈച്ചകള്‍ കൂട്ടത്തോടെ ഇരമ്പിയാര്‍ക്കുന്നു. മൂക്കു പൊത്തിയിട്ടും രക്ഷയില്ല. ""ഈ വെള്ളത്തില്‍ ചവിട്ടിയാണ് ഞങ്ങള്‍ എന്നും നടക്കുന്നത്. വേറെ വഴിയില്ല. കാലുകള്‍ ചൊറിഞ്ഞുതടിയ്ക്കുന്നു. ഇവിടെ താമസിക്കുന്ന പലര്‍ക്കും അസുഖങ്ങളുണ്ട്. ഇതെന്ന് അവസാനിക്കുമെന്ന് അറിയില്ല. സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. അത് കഴിഞ്ഞു."" അവര്‍ വികാരാധീനയായി പറഞ്ഞു.

""രണ്ടും കല്‍പ്പിച്ചാണ് ഞങ്ങള്‍. ചവറുമായി വണ്ടിയെത്തിയാല്‍ അപ്പോള്‍ കാണാം. ഡംപിങ് യാര്‍ഡിനോട് ചേര്‍ന്ന് താമസിക്കുന്ന പുതുശേരിയില്‍ സജി ജോസ് പറഞ്ഞു. ""കാലങ്ങളോളം ഈ വിഴുപ്പു മുഴുവന്‍ ചുമക്കണോ...ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രശ്നമല്ലിത്. ഓരോ തവണയും എന്തെങ്കിലുമൊക്കെ ന്യായങ്ങള്‍ പറഞ്ഞ് ഇവിടെ ചവര്‍ തള്ളും. ഇതിന്റെ ദുരവസ്ഥ പേറുന്ന ഞങ്ങളുടെ സ്ഥിതി ആരും ആലോചിക്കാത്തതെന്താ? വടവാതൂര്‍ നിവാസികള്‍ സ്ഥിരമായി കബളിപ്പിക്കലിന് വിധേയരാവുകയാണ്. ഞങ്ങള്‍ മണ്ടന്മാരും നഗരസഭാ അധികൃതര്‍ ബുദ്ധിമാന്മാരും. ഇനി അങ്ങനെ വേണ്ട."" സജി പറഞ്ഞു. ഡംപിങ് യാര്‍ഡിന് ചുറ്റുമതിലുണ്ടെങ്കിലും കാര്യമില്ല. അവിടെ വര്‍ഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യം അഴുകി ഒലിച്ചിറങ്ങുന്ന മലിനജലം പുറത്തേയ്ക്ക് ഒഴുകുകയാണ്. ചുറ്റുമതിലിന്റെ പല ഭാഗത്തു കൂടിയും മലിനജലം പുറത്തേക്ക് വരുന്നുണ്ട്. മഴക്കാലമായതോടെ വലിയ പ്രവാഹമായി. ഇത് ഒഴുകിയെത്തുന്നത് താഴ്ന്ന നിരപ്പിലുള്ള വീടുകളിലാണ്. അതോടെ ജനജീവിതവും ദുസ്സഹമായി.

മാലിന്യസംസ്കരണം ഇങ്ങനെ

കോട്ടയം: ജൈവമാലിന്യവും അജൈവമാലിന്യവും തരംതിരിച്ച് പ്രത്യേകമായി വടവാതൂരില്‍ എത്തിക്കണമെന്നായിരുന്നു ഹൈക്കോടതി നഗരസഭയ്ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യം തരംതിരിക്കാതെയാണ് ഡമ്പിങ് യാര്‍ഡിലേക്ക് കൊണ്ടുവന്നിരുന്നത്. പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാന്‍ നഗരസഭ കോട്ടയത്തെ വിവിധ കേന്ദ്രങ്ങളില്‍ രണ്ടുതരം വീപ്പകള്‍ സ്ഥാപിച്ചിരുന്നതും ഇപ്പോള്‍ കാണാനില്ല. ജനങ്ങള്‍ സൗകര്യം പോലെ മാലിന്യം പഴയപടി ചവര്‍ പൊയിന്റുകളില്‍ കൊണ്ടിടുന്നു. അതേപടി ഡമ്പിങ് യാര്‍ഡിലേക്കും എത്തുന്നു. 2000 ല്‍ ബി ഗോപകുമാര്‍ ചെയര്‍മാനായിരുന്നപ്പോഴാണ് ഹൈദരാബാദ് ആസ്ഥാനമായ രാംകി എനര്‍ജി ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മാലിന്യസംസ്കരണ പ്ലാന്റിന്റെ കരാര്‍ ഏല്‍പ്പിച്ചത്. 2007 ല്‍ റീബാ വര്‍ക്കിയുടെ കാലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ വടവാതൂര്‍ പഞ്ചായത്തിന്റെയോ ലൈസന്‍സ് ഈ പ്ലാന്റിനില്ല. ഇടവേളകളില്‍ മാലിന്യം സംസ്കരിച്ച് വളമാക്കാറുണ്ടായിരുന്നു. എന്നാല്‍, വ്യാവസായികാടിസ്ഥാനത്തിലുള്ള വില്‍പ്പനയില്ല. സംസ്കരിച്ച ശേഷമുള്ള മാലിന്യം ശാസ്ത്രീയമായി കുഴിച്ചിടണമെന്ന കരാര്‍ പാലിക്കാതെ രാംകികമ്പനി അവ ഡമ്പങ് യാര്‍ഡില്‍ കൂട്ടിയിട്ടു. ഈ മാലിന്യം ഇപ്പാള്‍ കൂമ്പാരമായി. പക്ഷികളും മൃഗങ്ങളും ഇവ വലിച്ച് ജനവാസകേന്ദ്രങ്ങളില്‍ ഇടുന്നതുമൂലം കിണറുകളും മറ്റ് ജലസ്രോതസുകളുമടക്കം മലിനമാകുന്നു. രാംകി കമ്പനി തോന്നിയപോലെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇവരെ നിയന്ത്രിക്കാനോ ചോദ്യം ചെയ്യാനോ ആരുമില്ല. നഗരത്തില്‍ നിന്ന് എത്തിക്കുന്ന മാലിന്യത്തിന്റെ അളവ് പരിശോധിക്കുന്നതും സംസ്കരിക്കുന്നതും ബില്ലുകള്‍ തയ്യാറാക്കുന്നതും കമ്പനി ഉദ്യോഗസ്ഥരാണ്. അവര്‍ പറയുന്ന പണം കൈമാറുക മാത്രമാണ് നഗരസഭയുടെ ജോലി. പ്രതിദിനം

30 ടണ്‍ മാലിന്യം സംസ്കരിക്കാമെന്നാണ് കരാര്‍. ഒരു ടണ്ണിന് 594 രൂപ പ്രകരം നല്‍കും. നിലവില്‍ ആറു ടണ്ണില്‍ താഴെ മാലിന്യമാണ് എത്തുന്നത്. എങ്കിലും കരാര്‍ അനുസരിച്ച് 30 ടണ്ണിന്റെ പണമാണ് നഗരസഭ നല്‍കേണ്ടത്. രാംകി കമ്പനിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് മലിനീകരണനിയന്ത്രണ ബോര്‍ഡും മുന്‍ കലക്ടര്‍ മിനി ആന്റണിയും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും രാംകിയെ ഒഴിവാക്കി മറ്റാരെയെങ്കിലും വടവാതൂരില്‍ പുതിയ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ ചുമതലപ്പെടുത്താന്‍ നഗരസഭ തയ്യാറായില്ല. ഇവിടെ കാര്യക്ഷമമായ മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശവും ഇതുവരെ നടപ്പാക്കിയിട്ടില്ല.

വേണ്ടത് വികേന്ദ്രീകൃത സംസ്കരണം

കോട്ടയം നഗരത്തിലെ മാലിന്യസംസ്കരണത്തിന് നഗരസഭ ഇനി എന്തു ചെയ്യും? നഗരസഭയ്ക്കുള്ള ഉത്തരവാദിത്തം പോലെ ഇവിടുത്തെ ജനങ്ങള്‍ക്കും മാലിന്യംസംസ്കരണത്തില്‍ ഉത്തരവാദിത്തമുണ്ട്. സ്വന്തം വീട്ടിലെ മാലിന്യം മറ്റുള്ളവരുടെ പറമ്പുകളിലേക്കോ പൊതുനിരത്തിലോ വലിച്ചെറിയുന്നതാണ് ചിലരുടെയങ്കിലും പതിവുരീതി. ഈ സംസ്കാരം മാറണം. സ്വന്തം വീട്ടുവളപ്പില്‍ തന്നെ മാലിന്യം സംസ്കരിക്കാന്‍ സൗകര്യമുള്ളവര്‍ പോലും അതിന് മെനക്കെടുന്നില്ല. ഇന്നത്തെ അവസ്ഥയില്‍ കേന്ദ്രീകൃത മാലിന്യ പ്ലാന്റുകള്‍ അപ്രായോഗികമാണ്. മറിച്ച് വികേന്ദ്രീകൃതമായ മാലിന്യസംസ്കരണമാണ് അനുയോജ്യം. അതിലൂടെ വന്‍തോതില്‍ മാലിന്യം കുന്നുകൂടിയുള്ള തര്‍ക്കങ്ങളും ഒഴിവാകും. സംസ്കരണവും എളുപ്പം. അവരവരുടെ മാലിന്യം അവരവര്‍ തന്നെ സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ ഓരോവീടും കേന്ദ്രീകരിച്ച് ഇത് നടപ്പാക്കാവുന്നതേയുള്ളൂ. പൈപ്പ് കമ്പോസ്റ്റ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഇത് പ്രാവര്‍ത്തികമാക്കുന്നവര്‍ നിരവധിയുണ്ട്. ജൈവ മാലിന്യവും അജൈവ മാലിന്യവും വേര്‍തിരിച്ച് ശേഖരിച്ച് സംസ്കരിക്കാനുള്ള പദ്ധതിയും തകിടം മറിഞ്ഞത് ജനങ്ങളുടെ നിസ്സഹകരണം മൂലമാണ്. പ്ലാസ്റ്റിക്രഹിതനഗരം പദ്ധതി എവിടെപോയെന്ന് ആര്‍ക്കുമറിയില്ല. ഏറെ കൊട്ടിഘോഷിച്ച് പദ്ധതി പ്രഖ്യാപിച്ചതല്ലാതെ ചവര്‍ പോയിന്റുകളില്‍ ഇപ്പോള്‍ കാണുന്നത് പ്ലാസ്റ്റിക് കൂമ്പാരം മാത്രമാണ്.

കലക്ടര്‍ വിളിച്ച യോഗത്തില്‍നിന്ന് നഗരസഭ വിട്ടുനിന്നു; ചര്‍ച്ച ഉപേക്ഷിച്ചു

വടവാതൂര്‍ പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ കലക്ടര്‍ വിളിച്ച യോഗം നഗരസഭാ അധികൃതര്‍ എത്താത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കലക്ടറുടെ ചേംബറിലാണ് യോഗം വിളിച്ചിരുന്നത്. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെറുകോട്ടയിലും സമരസമിതി ഭാരവാഹികളും എത്തിയിരുന്നെങ്കിലും നഗരസഭാ ചെയര്‍മാനോ സെക്രട്ടറിയോ ഹാജരായില്ല. ഒന്നര മണിക്കൂറോളം കലക്ടര്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. വ്യാഴാഴ്ച കലക്ടര്‍ വിളിച്ച യോഗത്തില്‍ ചില നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതനുസരിച്ച് ഡമ്പിങ് യാര്‍ഡിന് മുന്നിലെ സമരം അവസാനിപ്പിക്കാനും മാലിന്യനീക്കം സുഗമമാക്കാനും ധാരണ ഉണ്ടാക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഡമ്പിങ് യാര്‍ഡില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്. ഇതിന് ആറുമാസത്തെ സമയപരിധിയെന്ന നിര്‍ദേശവും ഉയര്‍ന്നു. എന്നാല്‍, പഞ്ചായത്ത് കമ്മിറ്റിയിലും സമരസമിതിയിലും ആലോചിച്ചശേഷമേ നിലപാട് അറിയിക്കാന്‍ കഴിയൂവെന്ന് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകിട്ട് യോഗംവിളിച്ചത്. ഇതില്‍ പങ്കെടുക്കാന്‍ ഇരുപക്ഷത്തോടും നിര്‍ദേശിച്ചിരുന്നു. ചര്‍ച്ചയ്ക്കുശേഷം കലക്ടര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നായിരുന്നു ധാരണ. ഇതോടെ പ്രശ്നപരിഹാരമാകുമെന്നും സൂചനയുണ്ടായിരുന്നു.

എന്നാല്‍, നഗരസഭയുടെ നിര്‍ദേശങ്ങള്‍ നേരത്തെ സമരസമിതിക്കുമുന്നില്‍ വച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞിരുന്നില്ലെന്നുമാണ് ചെയര്‍മാന്‍ എം പി സന്തോഷ്കുമാര്‍ ദേശാഭിമാനിയോട് പറഞ്ഞത്. ഇരിങ്ങാലക്കുട, തൃക്കാക്കര മുനിസിപ്പാലിറ്റികളിലെ മാലിന്യസംസ്കരണസംവിധാനം മനസ്സിലാക്കാന്‍ താന്‍ ഉള്‍പ്പെടെയുള നഗരസഭാംഗങ്ങള്‍ അവിടം സന്ദര്‍ശിച്ച് മടങ്ങുകയുമായിരുന്നു. അതിനിടെ വൈകിട്ടാണ് യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു.

മാലിന്യനീക്കം നിലച്ചിട്ട് 12 ദിവസം; നഗരം നാറുന്നു 

നഗരത്തില്‍നിന്നുള മാലിന്യനീക്കം തടസ്സപ്പെട്ടിട്ട് 12 ദിവസം. നഗരമാണെങ്കില്‍ മാലിന്യക്കൂമ്പാരം. കോട്ടയം പച്ചക്കറി മാര്‍ക്കറ്റ് അടക്കമുള്ള പ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. മഴക്കാലത്ത് ചവര്‍നീക്കം നടക്കാത്തത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഡെങ്കിപ്പനിയടക്കമുള്ള രോഗങ്ങള്‍ വ്യാപകമായ ജില്ലയെന്ന നിലയില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കും. ചാലുകുന്ന്- ചുങ്കം റോഡില്‍ സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്രവേശനകവാടത്തിന് സമീപം ദിവസങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം തെരുവുനായ്ക്കള്‍ വലിച്ച് റോഡിലേക്ക് എത്തിക്കുകയാണ്.

ചിറയില്‍പ്പാടം, കോട്ടയം വില്ലേജ് ഓഫീസിന് മുന്‍വശം, ശാസ്ത്രി റോഡില്‍ ആദര്‍ശ് ടവറിന് പുറകില്‍, നാഗമ്പടം സ്റ്റേഡിയത്തിനു സമീപം, ലോഗോസ് ജംങ്ഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം തുടങ്ങി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും മുക്കിലും മൂലയിലും മാലിന്യം അടിയുകയാണ്. ഇതും സമരമാര്‍ഗം കോട്ടയം: വടവാതൂരിലെ സമരപ്പന്തലിന് മുന്നില്‍ കുറേയേറെ പ്ലാസ്റ്റിക് കുപ്പികള്‍ തൂങ്ങിക്കിടപ്പുണ്ട്. കണ്ടാല്‍ അതിനുള്ളില്‍ പെപ്സിയാണെന്ന് തോന്നും. കുടിച്ചാല്‍ വിവരം അറിയും. ഇതേ നിറത്തിലുള്ള വെള്ളം സമരപ്പന്തലിന് മുന്നിലൂടെ ഒഴുകുന്നുണ്ട്. അതില്‍ നിന്നുയരുന്ന നാറ്റം അസഹനീയം. ഈ വെള്ളം ശേഖരിച്ച് കുപ്പിയിലാക്കിയാണ് സമരപ്പന്തലിനു മുന്നില്‍ തൂക്കിയിട്ടിയിരിക്കുന്നത്. ഇതും നാട്ടുകാരുടെ ഒരു പ്രതിഷേധമാര്‍ഗം.

deshabhimani

No comments:

Post a Comment