Saturday, June 29, 2013

പാസ്‌പോര്‍ട്ട് മെയ്ഡ് ഇന്‍ മലപ്പുറം! കുഞ്ഞാലിക്കുട്ടിയും കുടുങ്ങും

മലപ്പുറം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് കേന്ദ്രീകരിച്ചു നടന്ന വ്യാജ പാസ്‌പോര്‍ട്ടു നിര്‍മാണത്തെക്കുറിച്ച് സി ബി ഐ നടത്തുന്ന അന്വേഷണത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിനൊപ്പം വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കുടുങ്ങും.

സി ബി ഐക്ക് ഇതുവരെ ലഭിച്ച വിവരങ്ങളനുസരിച്ച് ഇരുവരും ചേര്‍ന്നു നടത്തിയ ഒരു വന്‍ഗൂഢാലോചനയെത്തുടര്‍ന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന കെ അബ്ദുള്‍ റഷീദിന്റെ മലപ്പുറം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറായുള്ള നിയമനം. കേന്ദ്ര സര്‍വീസില്‍ അണ്ടര്‍സെക്രട്ടറി റാങ്കിലുള്ളവരെ മാത്രമേ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിക്കാവൂഎന്നാണ് ചട്ടം. ജമ്മു-കശ്മീരില്‍ മാത്രം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എസ് പി റാങ്കിനുമുകളിലുള്ളവരെ പാസ്‌പോര്‍ട്ട് ഓഫീസര്‍മാരായി  നിയമിക്കാമെന്ന വ്യവസ്ഥയുണ്ട്.

സ്വതന്ത്ര ഇന്ത്യയിലെ പാസ്‌പോര്‍ട്ട് ഓഫീസുകളുടെ ചരിത്രത്തില്‍ ഇതുവരെ ജമ്മു-കശ്മീരില്‍ ഒഴികെ മറ്റൊരു  സംസ്ഥാനത്തും ഒരു പൊലീസ് ഉദ്യോഗസ്ഥനെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ച ചരിത്രമേയില്ലെന്നാണ് തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചത്. വെറും ഡിവൈ എസ് പി യായ അബ്ദുള്‍ റഷീദ് ഇത്തരമൊരു റാങ്കില്‍ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമനം ലഭിച്ച ആദ്യത്തെയാള്‍ എന്ന 'ബഹുമതി' ക്കും അഹമ്മദ് - കുഞ്ഞാലിക്കുട്ടിമാരുടെ നിയമവിരുദ്ധനീക്കങ്ങളിലൂടെ അര്‍ഹനായിരിക്കുന്നുവെന്നാണ് ഈ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

പാസ്‌പോര്‍ട്ട് അപേക്ഷകരില്‍ നിന്നും ട്രാവല്‍ ഏജന്റുമാരില്‍ നിന്നും അബ്ദുള്‍ റഷീദ് കോടികളുടെ കോഴ കൈപ്പറ്റിയെന്നതിന്റെ തെളിവുകളും സി ബി ഐക്കു ലഭിച്ചിട്ടുണ്ടെന്നറിയുന്നു. ഇപ്രകാരം സമാഹരിച്ച തുകയില്‍ ഭീമമായ പങ്ക് അത്യുന്നതങ്ങളിലേയ്ക്ക് ഒഴുകിയതായും അന്വേഷണ സംഘം കണ്ടെത്തി. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന അബ്ദുള്‍ റഷീദ് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ മാനസപുത്രനാണെന്ന കാര്യം മലപ്പുറത്തുകാര്‍ക്കെങ്കിലുമറിയാം. ഈ 'യോഗ്യത' തന്നെയായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ പ്രസിഡന്റുകൂടിയായ കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിനെ നിയമവിരുദ്ധമായ ഈ ഉദ്യോഗദാനത്തിനു പ്രേരിപ്പിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

യഥാര്‍ഥ പാസ്‌പോര്‍ട്ടുടമകളുടെ ചിത്രത്തില്‍ തലവെട്ടിമാറ്റി കൊടുംക്രിമിനലുകളെ ഗള്‍ഫിലേക്കു കടത്തിയതും കരിപ്പൂരും നെടുമ്പാശ്ശേരിയും കേന്ദ്രീകരിച്ചു നടന്ന വിദേശത്തേക്കുള്ള പെണ്‍വാണിഭവുമടക്കം 137 പാസ്‌പോര്‍ട്ടുകേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എല്ലാം അബ്ദുള്‍ റഷീദിന്റെ കാര്‍മ്മികത്വത്തില്‍ നടന്നതാണെന്നും സി ബി ഐ കണ്ടെത്തിയിട്ടുണ്ട്.
'മെയ്ഡ് ഇന്‍ മലപ്പുറം' പാസ്‌പോര്‍ട്ടുകളെ സംബന്ധിച്ചവിവരങ്ങള്‍ ഒന്നൊന്നായി പ്രവഹിച്ചതിനിടയില്‍ ഇ അഹമ്മദിന്റേയും കുഞ്ഞാലിക്കുട്ടിയുടേയും സാന്നിധ്യത്തില്‍ ഉന്നതതലയോഗം വിളിച്ചുകൂട്ടി കേസുകളെടുത്ത് പാസ്‌പോര്‍ട്ട് ഉടമകളെ ബുദ്ധിമുട്ടിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയതും സംബന്ധിച്ച വിശദവിവരങ്ങളും സി ബി ഐക്കു ലഭിച്ചിട്ടുണ്ടെന്നറിയുന്നു. അബ്ദുള്‍ റഷീദിന്റെ നിയമവിരുദ്ധ നിയമനത്തേയും വ്യാപകമായ വ്യാജപാസ്‌പോര്‍ട്ട് നിര്‍മാണത്തേയും സംബന്ധിച്ച് സി ബി ഐ അന്വേഷണമാണ് കേന്ദ്രമന്ത്രി ഇ അഹമ്മദിലേയ്ക്കു നീളുന്നതെങ്കില്‍ അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കൊടികുത്തിവാഴുകയും കോടികള്‍ കൊയ്തുകൂട്ടുകയും ചെയ്ത റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദുമായുള്ള ബന്ധത്തെക്കുറിച്ചും അയാളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചുമായിരിക്കും കുഞ്ഞാലിക്കുട്ടിയില്‍ നിന്നും തെളിവെടുക്കുകയെന്നും സി ബി ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

janayugom

No comments:

Post a Comment