Wednesday, June 26, 2013

ഭൂരഹിതരില്ലാത്ത കേരളം: പദ്ധതി പാളുന്നു

ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച "ഭൂരഹിതരില്ലാത്ത കേരളം" പദ്ധതി തുടക്കത്തില്‍തന്നെ പാളുമെന്ന് ആശങ്ക. സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ മൂന്നു ലക്ഷം പേര്‍ ഭൂമിക്കായി അപേക്ഷിച്ചെങ്കിലും സര്‍ക്കാരിന് ഇതുവരെ കണ്ടെത്താനായത് 70,000 പേര്‍ക്കുള്ള ഭൂമി. ആദ്യ ഘട്ടത്തില്‍ ഒരുലക്ഷം പേര്‍ക്ക് ഭൂമി വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. കേരളത്തിന് അകത്തോ പുറത്തോ ഭൂമിയില്ലാത്തവര്‍ക്ക് 2015നകം മൂന്ന് സെന്റ് വീതം ഭൂമി നല്‍കുന്നതാണ് പദ്ധതി. ഇതിനായി വില്ലേജ് ഓഫീസര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും നേതൃത്വത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടന്നു വരികയാണ്. സര്‍ക്കാരിന്റെ തന്നെ കൈവശമുള്ള ഭൂമി അളന്ന് രേഖപ്പെടുത്തി എടുക്കുന്നതിനാല്‍ ആദ്യഘട്ടം ഭൂമി ഏറ്റെടുക്കല്‍ താരതമ്യേന എളുപ്പമായിരുന്നു. എന്നാല്‍ ശേഷിക്കുന്നവര്‍ക്കുള്ള ഭൂമി കണ്ടെത്തല്‍ പ്രതിസന്ധിയിലാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആദ്യ ഘട്ടത്തില്‍ ഒരുലക്ഷം പേര്‍ക്ക് ഭൂമി കൊടുത്താല്‍ തന്നെ, അപേക്ഷിച്ച രണ്ടുലക്ഷത്തോളം പേര്‍ പുറത്താകും. ഇവര്‍ക്കും, തുടര്‍ന്ന് അപേക്ഷിക്കുന്നവര്‍ക്കും ഭൂമി കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ രണ്ടാം ഘട്ടം അപേക്ഷ സ്വീകരിക്കല്‍ ഉടന്‍ ഉണ്ടാകാനിടയില്ല.

പാട്ട കാലാവധി തീര്‍ന്നതും വിവിധ കേസുകളില്‍ കുടുങ്ങിയതുമായ ഭൂമിയാണ് രണ്ടാം ഘട്ട വിതരണത്തിന് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് കാലതാമസം നേരിടുമെന്നതിനാല്‍ ഉടന്‍ അപേക്ഷകള്‍ സ്വീകരിക്കില്ല. മിക്ക ജില്ലകളിലും അപേക്ഷകരില്‍ നാലിലൊന്നിന് നല്‍കാനുള്ള ഭൂമി പോലും കണ്ടെടുത്തിട്ടില്ല. മലപ്പുറം ജില്ലയില്‍ 20,000 അപേക്ഷകരില്‍ 1,500 പേര്‍ക്കുള്ള ഭൂമി മാത്രമാണ് കണ്ടെത്തിയത്. ഭൂമി തികയാത്ത സാഹചര്യത്തില്‍ ആദ്യ ഘട്ടത്തിലേക്കുള്ള അപേക്ഷാ ഫോറം വിതരണം നേരത്തേ നിര്‍ത്തിയിരുന്നു. രണ്ടാം ഘട്ട അപേക്ഷാ ഫോറം വിതരണം തുടങ്ങിയാല്‍ തുടര്‍ന്നും ലക്ഷക്കണക്കിന് അപേക്ഷകള്‍ ലഭിക്കും. തുടര്‍ന്നും ഭൂമി കണ്ടെത്തി നല്‍കിയാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഭൂമിയില്ലാത്ത സാഹചര്യം വരുമെന്ന ഭീതിയും സര്‍ക്കാരിനുണ്ട്. നിലവില്‍ സര്‍ക്കാരിന്റെ പക്കലുള്ള ഭൂമി ലേലം ചെയ്ത് ലഭിക്കുന്ന തുകക്ക് കുറഞ്ഞ വിലയുള്ള സ്വകാര്യ ഭൂമി വാങ്ങി പദ്ധതിയില്‍ വിതരണം ചെയ്താല്‍ പ്രശ്നം പരിഹരിക്കാമെന്ന നിര്‍ദ്ദേശവും ഉയരുന്നുണ്ട്. ഭൂമി കണ്ടെത്തല്‍ നടപടികള്‍ മുന്നേറുകയാണെന്നും 2015നകം ലക്ഷ്യം നേടാനാവുമെന്നും പദ്ധതിയുടെ സ്പെഷ്യല്‍ ഓഫീസര്‍ വി രതീശന്‍ പറഞ്ഞു. എന്നാല്‍ മഴക്കെടുതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ താലൂക്ക്, വില്ലേജ് തലങ്ങളിലുള്ള ഭൂമി കണ്ടെത്തല്‍ നാമമാത്രമായി.
(പി സി പ്രശോഭ്)

deshabhimani

1 comment:

  1. when you give a property for a poor family, make sure those properties are not sellable for next 100 years. or else this property will be easily looted by loan mafia...

    ReplyDelete