Saturday, June 29, 2013

സംസ്കൃത സര്‍വകലാശാലാ തലപ്പത്ത് സംസ്കൃത ബിരുദധാരികളില്ല

വിജിലന്‍സ് കേസില്‍ പ്രതിയായ ഡോ. എം സി ദിലീപ്കുമാറിനെ യുജിസി ചട്ടം ലംഘിച്ച് വൈസ് ചാന്‍സലറാക്കുകവഴി കാലടി സംസ്കൃത സര്‍വകലാശാലയെ നയിക്കാന്‍ സംസ്കൃത ബിരുദധാരികളില്ലാത്ത അവസ്ഥയായി. കൊമേഴ്സില്‍ അസോസിയേറ്റ് പ്രൊഫസറാണ് എം സി ദിലീപ്കുമാര്‍. യുഡിഎഫ് ഭരണകാലത്ത് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് സര്‍വകലാശാലയെ നയിക്കാന്‍ ഇതര ബിരുദക്കാര്‍ നിയോഗിക്കപ്പെടുന്നത്. വിഖ്യാത ചരിത്രപണ്ഡിതനായ കെ എന്‍ പണിക്കരെ എല്‍ഡിഎഫ് വിസി ആക്കിയതിനെ സംസ്കൃതബിരുദമില്ലെന്ന പേരില്‍ എതിര്‍ത്തവരാണ് ചട്ടവും കീഴ്വഴക്കവും അട്ടിമറിച്ച് രാഷ്ട്രീയപ്രേരിതമായി നിയമനം നടത്തിയത്. യുജിസി മാനദണ്ഡപ്രകാരം പ്രൊഫസര്‍ പദവിയില്‍ 10 വര്‍ഷത്തെ പരിചയമുള്ളവരെ മാത്രമേ വൈസ് ചാന്‍സലര്‍ പദവിയില്‍ പരിഗണിക്കാവൂ. എന്നാല്‍, പുതിയ വിസിക്ക് പ്രൊഫസര്‍ പദവി പോലും ലഭ്യമായിട്ടില്ല. ബിരുദം കൊമേഴ്സിലും. ഡോക്ടറേറ്റ് നേടിയതാകട്ടെ സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്കീം സംബന്ധിച്ച പ്രബന്ധത്തിന്.

കൊച്ചിന്‍ കോളേജിലെ പിടിഎ ഫണ്ടില്‍നിന്ന് നാലരലക്ഷം രൂപ ദുരുപയോഗം ചെയ്തതിന് വിജിലന്‍സ് അന്വേഷണം നേരിടുകയാണ് ഇദ്ദേഹം. വിസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് പാനല്‍, ഇദ്ദേഹത്തിന്റെ പേര് തിരസ്കരിക്കുകയും യോഗ്യരായവര്‍ക്കായി വിജ്ഞാപനം ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. പാനലിലെ യുജിസി പ്രതിനിധി പുരി ജഗന്നാഥ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. നീലകണ്ഠപതിയാണ് ശക്തമായി എതിര്‍ത്തത്. എന്നാല്‍, ഈ നിര്‍ദേശം മറികടന്ന് രാഷ്ട്രീയതാല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തിയാണ് ഇദ്ദേഹത്തെ വിസി ആക്കിയത്. കോണ്‍ഗ്രസ് അധ്യാപകസംഘടനയായ കെപിസിടിഎയുടെ സംസ്ഥാന പ്രസിഡന്റാണ് ദിലീപ്കുമാര്‍. സര്‍വകലാശാല വിസി, പിവിസി, രജിസ്ട്രാര്‍ എന്നീ ഉന്നത പദവികളില്‍ ഒന്നിലെങ്കിലും സംസ്കൃത പണ്ഡിതര്‍ വേണമെന്നാണ് ചട്ടം. നിലവിലെ പിവിസി ഡോ. സുചേത നായര്‍ക്ക് പത്രപ്രവര്‍ത്തനത്തിലാണ് ബിരുദം. രജിസ്ട്രാര്‍ ഡോ. എം പ്രശാന്തകുമാറിന്റെ ബിരുദാനന്തര ബിരുദം ഇംഗ്ലീഷിലും.

യുഡിഎഫ് ഭരണകാലത്ത് ഡോ. കെ എസ് രാധാകൃഷ്ണനെ വിസിയാക്കിയപ്പോഴാണ് സമാന അവസ്ഥയുണ്ടായത്. അന്ന് രജിസ്ട്രാര്‍ ഡോ. എസ് പ്രേംജിത്തിന് മറൈന്‍ സയന്‍സിലായിരുന്നു വൈദഗ്ധ്യം. പിവിസിക്കു പകരം അന്നുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ ഡീന്‍ പദവി റദ്ദാക്കുയിരുന്നു. സര്‍വകലാശാല ആരംഭിക്കുമ്പോള്‍ 1993ല്‍ അന്നത്തെ വിസിയായ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍നായര്‍ സംസ്കൃത പണ്ഡിതനായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് കാലത്ത് വിസിയായ ഡോ. എന്‍ പി ഉണ്ണിയും റജിസ്ട്രാര്‍ ഡോ. കെ ജി പൗലോസും പ്രിന്‍സിപ്പല്‍ ഡീന്‍ ഡോ. എന്‍ വി പി ഉണിത്തിരിയും പ്രഗത്ഭരായ സംസ്കൃത പണ്ഡിതര്‍ ആയിരുന്നു. തുടര്‍ന്നാണ് കെ എന്‍ പണിക്കരെ വിസി ആക്കിയത്. ഭാരതദര്‍ശനത്തില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹത്തെയാണ് സംസ്കൃത ബിരുദമില്ലെന്ന പേരില്‍ എതിര്‍ത്തത്. അന്നത്തെ പ്രിന്‍സിപ്പല്‍ ഡീന്‍ ഡോ. എന്‍ കെ ശങ്കരന്‍ സംസ്കൃത പണ്ഡിതനായിരുന്നു. കെ എസ് രാധാകൃഷ്ണനുശേഷം എല്‍ഡിഎഫ് കാലത്ത് വിസിയായ ഡോ. ജെ പ്രസാദിന്റെ ഡോക്ടറേറ്റും സംസ്കൃതത്തിലായിരുന്നു.

deshabhimani

No comments:

Post a Comment