Monday, June 24, 2013

മുഖ്യമന്ത്രി സലിംരാജിനെ സംരക്ഷിക്കുന്നത് ദുരൂഹം: വിഎസ്

മുഖ്യമന്ത്രിയുടെ കോള്‍ സെന്റര്‍ ജീവനക്കാരനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് വിശദീകരണവുമായി താന്‍ രംഗത്തെത്തിയതെന്നും സംസാരം തുടങ്ങിയ ഉടന്‍ തന്നെ മൈക്ക് ഓഫ് ചെയ്ത സ്പീക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസാധാരണസംഭവങ്ങളും പ്രസ്താവനകളുമാണ് സഭയില്‍ നടക്കുന്നതെന്ന് കാണിച്ചാണ് സഭ നിര്‍ത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ച് പരാമര്‍ശിക്കാനാണ് താന്‍ തുനിഞ്ഞതെന്നും സലിംരാജിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്നും വിഎസ് ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിയുടെ മരുമകനായിരുന്ന റിച്ചി മാത്യു തിരുവനന്തപുരം കുടുംബകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സലിംരാജിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് താന്‍ ശ്രമിച്ചത്. സലിംരാജ് സ്വഭാവദൂഷ്യമുള്ള വ്യക്തിയാണെന്നും സ്ത്രീലമ്പടനാണെന്നും ഇതില്‍ പരാമര്‍ശമുണ്ട്. മുഖ്യമന്ത്രിയുടെ വീട്ടിലെ സലിംരാജിന്റെ താമസം അവസാനിപ്പിക്കണമെന്നും ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും റിച്ചി മാത്യൂസ് വ്യക്തമാക്കിയിരുന്നെങ്കിലും ഒരു നടപടിയും എടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല.

ഇപ്പോള്‍ സരിത എസ് നായരെന്ന മറ്റൊരു സ്ത്രീയുമായി സലിംരാജിനുള്ള അടുത്തബന്ധത്തെക്കുറിച്ചും കോടികളുടെ അഴിമതിയെക്കുറിച്ചുമുള്ള തെളിവുകള്‍ പുറത്തുവന്നു. എന്നിട്ടും ഇയാളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. എല്ലാം സുതാര്യമെന്ന് പറയുന്ന മുഖ്യമന്ത്രി എന്താണ് ഒളിക്കുന്നത്. ഇക്കാര്യങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് താന്‍ ശ്രമിച്ചതെന്നും ഇതില്‍ എന്ത് അസ്വാഭാവികതയാണുള്ളതെന്നും വിഎസ് ചോദിച്ചു. തന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് കഴിയില്ലെന്ന് ഉറപ്പായതിനാല്‍ സഭയില്‍ നിന്ന് ഒളിച്ചോടുകയാണ്. ഇത് തികച്ചും ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

deshabhimani

No comments:

Post a Comment