Tuesday, June 25, 2013

പ്രകൃതിവാതക വില കൂട്ടരുത്: ഇടതുപക്ഷം

പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. രാസവള-വൈദ്യുതി വിലകള്‍ ഉയരാന്‍ ഈ നീക്കം കാരണമാകും. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഇത് ദോഷംചെയ്യുമെന്നും ഇടതുപക്ഷ പാര്‍ടികള്‍ മുന്നറിയിപ്പ് നല്‍കി. വൈദ്യുതി യൂണിറ്റിന് രണ്ട് രൂപയും രാസവളം ടണ്ണിന് 6000 രൂപയും വര്‍ധിക്കാന്‍ കേന്ദ്രനീക്കം ഇടവരുത്തുമെന്ന് എ കെ ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ ഈ ജനവിരുദ്ധനീക്കം എതിര്‍ക്കാന്‍ മറ്റ് രാഷ്ട്രീയകക്ഷികളോടും നേതാക്കള്‍ ആവശ്യപ്പെട്ടു. വാതകവിലവര്‍ധന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ചര്‍ച്ചചെയ്യണം. വാതകവില ഒരു എംഎംബിടിയുവിന് 4.2 ഡോളറില്‍ നിന്ന് 8.4 ഡോളറായി ഉയര്‍ത്താനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. രംഗരാജന്‍ സമിതിയാണ് വിലവര്‍ധന നിര്‍ദേശിച്ചത്. 2010ല്‍ പ്രകൃതിവാതകവില 1.8 ഡോളറില്‍നിന്ന് 4.2 ഡോളറായി വര്‍ധിപ്പിച്ചിരുന്നു. രണ്ട് വര്‍ഷത്തിനകം വില ഇരട്ടിയാക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മന്ത്രി വീരപ്പമൊയ്ലി പങ്കെടുക്കാത്തതുകൊണ്ട് മാത്രമാണ് വിലവര്‍ധന തീരുമാനിക്കാതിരുന്നത്. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കുന്നുണ്ട്. അമേരിക്കയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും അഞ്ച് ഡോളറില്‍ താഴെയാണ് വാതകവില- യെച്ചൂരി പറഞ്ഞു. വാതകവില വര്‍ധിപ്പിക്കുന്നത് റിലയന്‍സ് പോലുള്ള കോര്‍പറേറ്റുകളെ സഹായിക്കാനാണെന്ന് സിപിഐ ലോക്സഭാ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു. ആര്‍എസ്പി നേതാവ് അബനി റോയിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment