Tuesday, July 16, 2013

സരിതയും "പാവം പയ്യനും" 200 കോടിയുടെ ഇടപാടിനായി ചര്‍ച്ച നടത്തി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദൂതനായി എത്തിയ "പാവം പയ്യന്‍" തോമസ് കുരുവിളയും സരിത എസ് നായരുമായി 200 കോടി രൂപയുടെ ബിസിനസ് കാര്യം ചര്‍ച്ച ചെയ്തതായി സരിതയുടെ ഡ്രൈവര്‍ ശ്രീജിത്. മൂവാറ്റുപുഴ സ്വദേശിയായ ഒരാളും ചര്‍ച്ചയില്‍ പങ്കെടുത്തതായി ശ്രീജിത്ത് വെളിപ്പെടുത്തി. ഭൂമി ഇടപാടുകളെക്കുറിച്ചാണ് ഇവര്‍ പറഞ്ഞെന്നും റിയല്‍ എസ്റ്റേറ്റ് ബിസിനസിലും സരിത പങ്കാളിയാണെന്നും ശ്രീജിത്ത് "ദേശാഭിമാനി"യോട് പറഞ്ഞു.

സോളാര്‍ തട്ടിപ്പിന് അറസ്റ്റിലാകുന്നതിന് ഒന്നരമാസം മുമ്പാണ് സരിതയും തോമസ് കുരുവിളയും കൂടിക്കാഴ്ച നടത്തിയതെന്ന് ശ്രീജിത് പറഞ്ഞു. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലുള്ള വാടകവീട്ടിലായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച ഒരുമണിക്കൂറോളം നീണ്ടു. ഒരു ഞായറാഴ്ച പകല്‍ 12 മണിയോടെയാണിവര്‍ എത്തിയത്. ശനിയാഴ്ച സരിതയും താനും മൂവാറ്റുപുഴ സ്വദേശിയെ കാണാന്‍ പോകാനിരുന്നതാണ്. ഞായറാഴ്ച ഇവര്‍ വീട്ടിലേക്ക് വരുമെന്ന് അറിയിച്ചതിനാല്‍ യാത്ര മാറ്റി. ഞായറാഴ്ച രാവിലെ ഉമ്മന്‍ചാണ്ടി സാര്‍ പറഞ്ഞുവിട്ട രണ്ടുപേര്‍ വരുന്നുണ്ടെന്നും അവരെ മെയിന്‍ റോഡില്‍ നിന്ന് ഇടപ്പഴഞ്ഞി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരണമെന്നും സരിത പറഞ്ഞു. വെള്ള ഫോര്‍ച്ച്യൂണര്‍ കാറിലാണ് തോമസ് കുരുവിളയും മൂവാറ്റുപുഴ സ്വദേശിയും എത്തിയത്. താനും മറ്റൊരു ഡ്രൈവറായ സന്ദീപും കൂടിയാണ് അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. കറുത്ത് പൊക്കം കുറഞ്ഞയാളായിരുന്നു അവരുടെ ഡ്രൈവര്‍. തങ്ങളെക്കൂടാതെ വീട്ടില്‍ വേലക്കാരി രമണിയും ഉണ്ടായിരുന്നു. "200 കോടിയുടെ പ്രോജക്ട് ചെയ്യാന്‍ പോകുവാടാ. രക്ഷപ്പെട്ടാല്‍ രക്ഷപ്പെടുമെടാ" എന്ന് തോമസ് കുരുവിളയും മൂവാറ്റുപുഴ സ്വദേശിയും പോയപ്പോള്‍ സരിത തന്നോട് പറഞ്ഞതായും ശ്രീജിത്ത് പറഞ്ഞു. സരിത റിയല്‍എസ്റ്റേറ്റില്‍ ഇറക്കിയ പണം ഉപയോഗിച്ചാണ് തങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് സോളാര്‍ കേസിലെ പരാതിക്കാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
(വി എം പ്രദീപ്)

deshabhimani

No comments:

Post a Comment