Sunday, July 14, 2013

ബഹുമാനപ്പെട്ട മുഖ്യമന്ത്രി... ഈ വിലാപം നാടിന്റേത്

''ബഹുമാനപ്പെട്ട മുഖ്യമന്ത്രി... അങ്ങേയ്ക്കുമില്ലേ പെണ്‍മക്കള്‍. ഇത്രമാത്രം ക്രൂരത കാട്ടാന്‍ ഞങ്ങളുടെ അമ്മ എന്ത് തെറ്റാണ് ചെയ്തത്. പൊതുരംഗത്ത് പ്രവര്‍ത്തിച്ചതോ, അതോ... സമരം ചെയ്യാനുള്ള അവകാശത്തില്‍ പങ്കുചേര്‍ന്നതോ...''- ഇത് ഒരു കുടുംബത്തിന്റെ കണ്ണീരണിഞ്ഞ അഞ്ജു, അനിജ എന്നീ പെണ്‍കുട്ടികളുടെ വിലാപം.

കഴിഞ്ഞ തിങ്കളാഴ്ച നിയമസഭാ മാര്‍ച്ചിനിടെ എ ഐ വൈ എഫ് വനിതാ അംഗമായ ബിന്ദു രാജനെ പുതുപ്പള്ളിയില്‍ നിന്നുമെത്തിയ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളാണ് ക്രൂരമായി മര്‍ദ്ദിച്ച് കാലൊടിച്ചത്. യൂത്ത് കോണ്‍ഗ്രസ് ത്രിവര്‍ണ്ണ പതാക തലയില്‍ കെട്ടിയശേഷം വടി ഒടിയും വരെ ബിന്ദുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. സ്ത്രീകള്‍ക്കു നേരെ നടന്ന ഈ കിരാതകൃത്യങ്ങള്‍ നടക്കുമ്പോഴും തിരുവഞ്ചൂരിന്റെ പൊലീസ് കാഴ്ചക്കാരായി മാറിനിന്നു.

നെട്ടയം, ഈയക്കുഴി, അഞ്ജുഭവനില്‍ ബിന്ദുരാജനാണ് ഇന്ന് കിടക്കയില്‍ നിന്നും അനങ്ങാന്‍ കഴിയാതെ ദുരിതക്കയത്തില്‍ അകപ്പെട്ടത്. ഭര്‍ത്താവിനൊപ്പം കൂലിപ്പണിയെടുത്താണ് ബിന്ദു കുടുംബം പുലര്‍ത്തിവരുന്നത്. ഇവര്‍ക്ക് വിദ്യാര്‍ഥികളായ അഞ്ജു, അനിജ എന്നീ രണ്ട് പെണ്‍മക്കളുമുണ്ട്. ഷീറ്റുമേഞ്ഞ വാടകക്കുടിലില്‍ താമസിക്കുമ്പോഴും കൊടിയ ദാരിദ്ര്യത്തിനിടയിലും മുഖ്യമന്ത്രി നടത്തിയ കോടികളുടെ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ടു വന്ന ധീര യുവതിയായി ബിന്ദു മാറി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തില്‍ നിന്നും തലസ്ഥാനത്ത് ബസിലെത്തിയ 52 അംഗ യൂത്ത്‌കോണ്‍ഗ്രസ് ഗുണ്ടകള്‍ നിയമസഭക്കു മുന്നില്‍ അഴിഞ്ഞാടിയപ്പോള്‍ തകര്‍ന്നത് നിര്‍ധനരായ ഒരു കുടുംബത്തിന്റെ ആശ്രയമാണ്. ഈ കുടുംബത്തിന്റെ കണ്ണുനീരൊപ്പാനോ സാന്ത്വനമേകാനോ ഭരണകൂടമോ അവര്‍ പ്രതിനിധാനം ചെയ്യുന്ന യു ഡി എഫ് മുന്നണിയിലെ ഏതെങ്കിലും ഒരംഗമോ ഒരു വാക്കു പോലും ഉയര്‍ത്തിയില്ല.

സമാധാനത്തിന്റെ പ്രതീകമെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുയായികള്‍ തല്ലിയൊടിച്ച കാലുമായി കിടക്കയില്‍ നിന്ന് അനങ്ങാനാവാതെ ദൈന്യതയോടെ തളര്‍ന്നുകിടക്കുകയാണ്  എ ഐ വൈ എഫ് വട്ടിയൂര്‍കാവ് മണ്ഡലം കമ്മിറ്റി അംഗം ബിന്ദു രാജന്‍. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ വികൃതമുഖം ജനമറിയാതിരിക്കാനും മുഖ്യമന്ത്രികസേര കൈപ്പിടിയിലൊതുക്കാനും ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് സ്ത്രീകളുടെ കണ്ണുനീര്‍ ഹരമായി മാറിയ ചിത്രമാണ് ഇതിലൂടെ തെളിയുന്നത്. അതിന് ഒത്താശ ചെയ്ത ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികളെ പിടികൂടാനോ അനേഷണം നടത്താനോ ഇതുവരെയും തയാറായിട്ടുമില്ല. എന്നാല്‍ പ്രതിക്കും വീടിനും പൊലീസ് സംരക്ഷണം നല്‍കി സര്‍ക്കാരിന്റെ നയം വ്യക്തമാക്കി.
ഭരണസിരാകേന്ദ്രത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് വേദിയായി മാറിക്കഴിഞ്ഞു. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നയം കൈക്കൊള്ളുന്നതില്‍ പ്രതിഷേധിക്കുന്നവരെ പൊലീസിനെയും യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമം നടക്കുകയാണ്. സ്ത്രീ സംരക്ഷകനും സ്ത്രീജനങ്ങളുടെ കണ്ണീരൊപ്പുന്നവനുമാണ് താനെന്ന് ഓരോ ദിനവും പറയുന്നുമുണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ സ്വന്തം നിയോജക മണ്ഡലത്തില്‍ നിന്നും ഗുണ്ടകളെ ഇറക്കി സ്ത്രീകളെപ്പോലും ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പൊള്ളയാണെന്ന് സ്ത്രീ സമൂഹം മനസിലാക്കി കഴിഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നിയമസഭയ്ക്ക് സമീപം പതിയിരുന്ന നൂറോളം ഗുണ്ടകളാണ് നഗരത്തില്‍ അക്രമം നടത്തിയത്. അഴിമതിക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അതിന് ഒത്താശചെയ്യുന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. മാര്‍ച്ച് മസ്‌കറ്റ് ഹോട്ടലിന് സമീപം എത്തിയതോടെ യൂത്ത് കോണ്‍ഗ്രസ് കൊടികെട്ടിയ വടിയും കമ്പിപാരകളും മറ്റ് മാരകായുധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ ഐ വൈ എഫ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലി.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അതിക്രൂരമായി മര്‍ദ്ദിച്ചു. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണപ്രസാദിനെ 13 ലധികം തവണ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതില്‍ നാലെണ്ണം തലയിലായിരുന്നു. ഗുരുതര പരുക്കേറ്റ അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്.

മനോജ് മാധവന്‍ janayugom

No comments:

Post a Comment