Friday, July 19, 2013

രാജ്യം സാമ്പത്തിക പ്രതിസന്ധിയുടെ അങ്ങേയറ്റത്ത്: കാരാട്ട്

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ അങ്ങേയറ്റത്താണ് രാജ്യം എത്തിനില്‍ക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഭിക്ഷാപാത്രവുമായി പോയി അമേരിക്കന്‍ കമ്പനികളെ നിക്ഷേപത്തിനായി ക്ഷണിച്ചു വരുത്തുന്നത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. കൂടുതല്‍ വിദേശമൂലധനത്തിനായി പ്രതിരോധമേഖലയും തുറന്നുകൊടുക്കുന്നു. കൂടുതല്‍ നിക്ഷേപം കൊണ്ടുവന്ന് പ്രതിസന്ധി മറികടക്കാമെന്നാണ് വ്യാമോഹം. എന്നാല്‍, ഇത് പ്രതിസന്ധി രൂക്ഷമാക്കുകയേ ഉള്ളൂ. അനുഭവത്തില്‍നിന്നു പാഠം പഠിക്കാന്‍ കോണ്‍ഗ്രസും യുപിഎ നേതൃത്വവും തയ്യാറാകുന്നില്ലെന്നും ചിന്ത വാരികയുടെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം വിജെടി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യവെ കാരാട്ട് ചൂണ്ടിക്കാട്ടി.

നവസാമ്പത്തികനയം നടപ്പാക്കി രണ്ടു ദശാബ്ദത്തിലേറെ പിന്നിട്ട ഈ ഘട്ടത്തില്‍ പ്രതിസന്ധി അത്യന്തം മൂര്‍ഛിച്ചുനില്‍ക്കുകയാണ്. ആഭ്യന്തര ഉല്‍പ്പാദനം അഞ്ചു ശതമാനം കുറഞ്ഞു. വ്യാവസായിക ഉല്‍പ്പാദനത്തില്‍ 1.6 ശതമാനവും കയറ്റുമതിയില്‍ 6.4 ശതമാനവും ഇടിവുണ്ടായി. രൂപയുടെ മൂല്യത്തകര്‍ച്ച സര്‍വകാല റെക്കോര്‍ഡില്‍ എത്തി. ഡോളറിന് 60 രൂപയായി. വിലക്കയറ്റവും തൊഴിലില്ലായ്മയും മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചു. പിടിച്ചുനില്‍ക്കാനാകാതെ കാര്‍ഷികമേഖലയില്‍നിന്നു കര്‍ഷകര്‍ പിന്മാറുകയാണ്. നവസാമ്പത്തികനയം പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള ആയുധമാക്കി. വന്‍കിട മുതലാളിമാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ ഇത്തരം കൊള്ളകളെ നിയമാനുസൃതവുമാക്കുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രകൃതിവാതകത്തിന്റെ നിരക്ക് ഇരട്ടിയാക്കിയത്. റിലയന്‍സിന് വേണ്ടിയാണ് ഇത്. ഇത്തരം കൊള്ളയും അഴിമതിയും സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്. നവ സാമ്പത്തികനയം നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു മേല്‍ അമിതാധികാരം പ്രയോഗിക്കുന്നു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ത്തു. ഭരണഘടനാതീതസ്ഥാപനമായ ധന കമീഷന്‍ സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു. സര്‍വമേഖലയിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. അക്രമവും അരാജകത്വവും വ്യാപകമായി. ധാര്‍മികമൂല്യങ്ങള്‍ തകര്‍ന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. നവസാമ്പത്തികനയം വരുത്തിവച്ച ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള ജനപക്ഷത്തുനിന്നുള്ള പരിപാടികളുമായാണ് മൂന്നാം ബദല്‍ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. കോണ്‍ഗ്രസിനും യുപിഎക്കും ബദല്‍ തങ്ങളാണെന്നാണ് അവകാശപ്പെടുകയാണ് ബിജെപി. എന്നാല്‍, സാമ്പത്തികമേഖലയിലോ ഇതര മേഖലയിലോ ബിജെപി യഥാര്‍ഥ ബദല്‍ അല്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസിന്റെ അതേ പതിപ്പുമാണ്. നവസാമ്പത്തികനയം കോണ്‍ഗ്രസിനേക്കാള്‍ തീവ്രതയോടെ നടപ്പാക്കാന്‍ വെമ്പല്‍കൊള്ളുന്നത് ബിജെപിയാണ്. ബിജെപി ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്രമോഡി കോര്‍പറേറ്റുകളുടെ പ്രിയപ്പെട്ടവനാണ്. കടുത്ത വര്‍ഗീയവാദിയായതിനാലാണ് ആര്‍എസ്എസ് മോഡിയെ പിന്തുണയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷം യഥാര്‍ഥ മൂന്നാം ബദല്‍ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും അഴിമതിക്കെതിരെയും ശക്തമായ ജനകീയ മുന്നേറ്റം നടത്തുകയും യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്ത് ഇടതു മതേതര ശക്തികളുടെ മൂന്നാം ബദല്‍ രൂപപ്പെടുത്താനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നതെന്നും കാരാട്ട് പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതവും ചിന്ത വാരിക ചീഫ് എഡിറ്റര്‍ സി പി നാരായണന്‍ എംപി നന്ദിയും പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കണോയെന്ന് ഒപ്പമുള്ളവര്‍ ചിന്തിക്കണം: പിണറായി

സകല വൃത്തികേടുകളും ചെയ്തവരെ സംരക്ഷിക്കണോയെന്ന് യുഡിഎഫിനൊപ്പം നില്‍ക്കുന്നവര്‍ ചിന്തിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യുഡിഎഫിനൊപ്പം നില്‍ക്കുന്ന കക്ഷികള്‍ ഇക്കാര്യത്തില്‍ ഗൗരവകരമായ പുനര്‍ചിന്തനത്തിന് തയാറാകണമെന്നും ശരിക്കു വേണ്ടി നിലകൊള്ളണമെന്നും പിണാറയി അഭ്യര്‍ഥിച്ചു. ചിന്ത വാരികയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സെമിനാറില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു പിണറായി.

ഉമ്മന്‍ചാണ്ടിയുടെ ദുര്‍വൃത്തികളുടെ ഭാരം പേറേണ്ട നാടല്ല കേരളം. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം സംരക്ഷിക്കുന്നതുകൊണ്ട് രക്ഷമെടുമെന്ന് കരുതേണ്ട. ഉമ്മന്‍ചാണ്ടിയെക്കാളും തിരുവഞ്ചൂരിനെക്കാളും കൊല കൊമ്പന്മാരായ ഭരണാധികാരികള്‍ ജനശക്തിക്കു മുന്നില്‍ അടിയറവ് പറഞ്ഞിട്ടുണ്ടെന്ന് ഓര്‍ക്കണം. നാടിന്റെ ബഹുജന ശക്തിയെ ഉമ്മന്‍ചാണ്ടി പരിഹസിക്കരുത്. കേരളീയര്‍ പുറത്തു പറയാന്‍ ലജ്ജിക്കുന്ന കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ജനങ്ങള്‍ക്ക് പ്രയോജനപ്പെടേണ്ട സൗരോര്‍ജ്ജത്തിന്റെ പേരില്‍ എന്തെല്ലാം വൃത്തികേടുകളാണ് നടക്കുന്നത്. സരിതയിലും ബിജുവിലും ശാലുവിലും ഇന്ന് അറസ്്റ്റിലായ ഫിറോസിലും മാത്രം ഒതുങ്ങുന്ന കുറ്റകൃത്യമല്ല ഇത്. അവര്‍ക്ക് എങ്ങനെ കുറ്റം ചെയ്യാന്‍ കഴിഞ്ഞു?. സരിതാ നായര്‍ തടിമിടുക്കുകൊണ്ടോ ബാഹ്യപ്രടനങ്ങള്‍കൊണ്ടോ മാത്രമാണോ ഈ സ്ഥാനങ്ങളില്‍ കയറിയറങ്ങിയത്. ഉമ്മന്‍ചാണ്ടിക്ക് എന്താണ് ഇതില്‍ പങ്ക്. അദ്ദേഹം ആദ്യം നിഷേധിച്ച കാര്യങ്ങളെല്ലാം വസ്തുതയാണെന്നു വന്നില്ലേ? തട്ടിപ്പുകാരി മുഖ്യമന്ത്രിയെ സ്വാധീനിച്ചതാണോ അതോ മുഖ്യമന്ത്രി തട്ടിപ്പുകാരിയെ സ്വാധീനിച്ചതാണോ? അത്രമാത്രം സംശയിക്കേണ്ട അവസ്ഥയാണിന്ന്. നടക്കാന്‍ പാടില്ലാത്ത ഈ കാര്യങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയായിരുന്നു.

സോളാര്‍ പദ്ധതിയുമായി ഉമ്മന്‍ചാണ്ടിയെ സമിപിച്ചത് താനായിരുന്നുവെന്നാണ് പഴയ പാവം പയ്യന്‍ ആന്റോ പറഞ്ഞത്. ആ പദ്ധതി മറ്റു ചിലര്‍ക്ക് കൈമാറി. തട്ടിപ്പു നടത്തിയ ബിജുവും സരിതയും ആണോ അതോ അതിനെല്ലാം നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടി ആണോ യഥാര്‍ഥ തട്ടിപ്പുകാരന്‍. ശ്രീധരന്‍ നായര്‍ നല്‍കിയ രഹ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൗരവകരമായ അന്വേഷണം നടത്തേണ്ടേ?. എന്നാല്‍, മുഖ്യമന്ത്രിയുടെ പദവി ഉപയോഗിച്ച് ഇതെല്ലാം തടയുന്നു. ഇതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ മര്‍ദ്ദനത്തിലുടെ നേരടുന്നു. പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിന്റെ തൊട്ടടുത്താണ് ഗ്രനേഡ് വീണത്. ഇത് ഏതാനും ഇഞ്ച് മുന്നോട്ടു നീങ്ങിയിരുന്നെങ്കിലോ?. ഇത്തരം നടപടി രാജ്യത്ത് മറ്റൊരിടത്തും നടന്നിട്ടില്ലെന്നും പിണറായി പറഞ്ഞു.

സൗരോര്‍ജത്തെ കീശ വീര്‍പ്പിക്കാനുള്ള ഉപാധിയാക്കി: വി എസ്

സൗരോര്‍ജം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ജനങ്ങള്‍ ഭയപ്പെടുന്ന സ്ഥിതിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇത് മാറ്റാന്‍ കഴിയണം. സൗരോര്‍ജം കേരളത്തിന്റെ ഭാവിപ്രതീക്ഷയാണെന്നും അത് പ്രയോജനപ്പെടുത്തേണ്ടതാണെന്നുമുള്ള അവബോധം സൃഷ്ടിക്കാന്‍ കഴിയണം. അതിന് സൗരോര്‍ജത്തെ തട്ടിപ്പിനുള്ള ഉപാധിയാക്കിയ ഇന്നത്തെ ഭരണക്കാരെ നിയമത്തിന്റെമുന്നില്‍ കൊണ്ടുവരാന്‍ കഴിയണമെന്നും വി എസ് പറഞ്ഞു. ചിന്ത വാരികയുടെ സുവര്‍ണജൂബിലി ആഘോഷ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈന, അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്ന പ്രക്രിയയാണ് സൗരോര്‍ജ ഉല്‍പ്പാദനം. അധികാരത്തിലിരിക്കുന്ന അല്‍പ്പചക്ഷുസ്സുകളായ യുഡിഎഫ് സര്‍ക്കാരിലെ പ്രമാണിമാര്‍ തങ്ങളുടെ പള്ളയും കീശയും വീര്‍പ്പിക്കുന്നതിനുള്ള ഉപാധിയാക്കി ഇതിനെ മാറ്റി. അതുവഴി ജനങ്ങളുടെ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു. യഥാര്‍ഥ സൗരോര്‍ജത്തിന്റെ അനന്തസാധ്യതകളിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്താനാകണം.

സംസ്ഥാനം അതിരൂക്ഷ ഉര്‍ജപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. താപ-അണുനിലയങ്ങളും പുതിയ ജലവൈദ്യുതി നിലയങ്ങളും സ്ഥാപിക്കുന്നതിലെ അപ്രായോഗികത കണക്കിലെടുക്കുമ്പോള്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന മേഖലയാണ് സൗരോര്‍ജ ഉല്‍പ്പാദനം. വരള്‍ച്ച, കുടിവെള്ളക്ഷാമം, ഊര്‍ജപ്രതിസന്ധി, പരിസ്ഥിതിനാശം, ആരോഗ്യപരിപാലനരംഗത്തെ വീഴ്ച തുടങ്ങിയ ദുരിതപൂര്‍ണമായ നിരവധി പ്രശ്നങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ലക്കും ലഗാനുമില്ലാതെ നടത്തുന്ന പാടംനികത്തല്‍, ലാഭക്കൊതിയോടെയുള്ള മണല്‍ക്കൊള്ള, വനംകൊള്ള തുടങ്ങിയവ നമ്മുടെ ഭൂമിയുടെയും മനുഷ്യന്റെയും നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്നു. പരിസ്ഥിതിനാശത്തിന്റെയും പരിസ്ഥിതിക്കൊള്ളയുടെയും ഏറ്റവും ഒടുവിലത്തെ പ്രത്യാഘാതമാണ് അടുത്തയിടെ ഉത്തരാഖണ്ഡില്‍ കണ്ടത്. ഇതില്‍നിന്ന് പാഠം പഠിക്കേണ്ടിയിരിക്കുന്നു. സങ്കീര്‍ണമായ നിരവധി പ്രശ്നങ്ങള്‍ പരിഹരിച്ചുമാത്രമേ കേരള വികസനം കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാകൂ. അതിന് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത്തായി ഉണരണം. ജനകീയമുന്നേറ്റങ്ങള്‍ ശക്തിപ്പെടണം. ഇക്കാര്യത്തില്‍ പ്രത്യയശാസ്ത്രധാരണയോടും മാനവികബോധത്തോടുംകൂടി പ്രവര്‍ത്തിക്കുന്ന ചിന്തയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുമെന്നും വി എസ് പറഞ്ഞു.

deshabhimani

No comments:

Post a Comment