Sunday, July 14, 2013

സരിതയെ മുഖ്യമന്ത്രിയും മന്ത്രിമാരും വഴിവിട്ട് സഹായിച്ചൂ: സി എല്‍ ആന്റോ

ചാലക്കുടി: താന്‍ സമര്‍പ്പിച്ച വൈദ്യുതപദ്ധതി അട്ടിമറിച്ചാണ് സരിതയുടെ തട്ടിപ്പു കമ്പനിയെ സര്‍ക്കാര്‍ സഹായിച്ചതെന്ന് മുന്‍ ഡിസിസി അംഗവും ബിസിനസുകാരനുമായ സി എല്‍ ആന്റോ. മാലിന്യത്തില്‍നിന്ന് കുറഞ്ഞ ചെലവില്‍ 5,000 മെഗാവാട്ട് വൈദ്യുതിയുണ്ടാക്കാനുള്ള ദീര്‍ഘകാല പദ്ധതിയാണ് 2011 ജൂണ്‍ 26ന് മുഖ്യമന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ചത്. പാരമ്പര്യേതര ഊര്‍ജ ഉല്‍പാദന സൊസൈറ്റിയുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങാനുള്ള പദ്ധതിക്ക് രജിസ്ട്രേഷന് അപേക്ഷിച്ചെങ്കിലും അംഗീകാരം നല്‍കിയില്ല. സരിതയുടെ സ്വാധീനത്തിനു വഴങ്ങിയാണ് പദ്ധതി അട്ടിമറിച്ച് അവരുടെ "പദ്ധതിക്ക്" സര്‍ക്കാര്‍ ആനുകൂല്യം നല്‍കിയത്. ഇതിനുപിന്നില്‍ വന്‍ സംഘമുണ്ട്. മുഖ്യമന്ത്രിയും സ്റ്റാഫും മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി ഗണേഷ്കുമാര്‍ തുടങ്ങിയവരെല്ലാം ഇതില്‍ പങ്കാളികളാണ്. കൂടുതല്‍ അടുപ്പം ഗണേശ് കുമാറിനായിരുന്നു. "സരിതയെ പലതവണ മുഖ്യമന്ത്രിയുടെ ഓഫീസിലും സെക്രട്ടറിയറ്റിലും കണ്ടിട്ടുണ്ട്. ഇവര്‍ അപകടകാരിയാണെന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് സരിത നായരെ സഹായിച്ചത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കുകയാണ് അന്തസ്സെന്നും ആന്റോ "ദേശാഭിമാനി"യോട് പറഞ്ഞു.

തന്റെ ഊര്‍ജ സൊസൈറ്റിക്ക് രജിസ്ട്രേഷന്‍ നല്‍കാത്തതില്‍മന്ത്രി സി എന്‍ ബാലകൃഷ്ണനും പങ്കുണ്ട്. ഈ പദ്ധതി ആസൂത്രണസമിതി ചര്‍ച്ചചെയ്യുമെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ ഒന്നമുണ്ടായില്ല. തുടക്കത്തില്‍ ചെറിയ പദ്ധതിയുമായി വന്ന സരിതക്ക് കോടികള്‍ സമ്പാദിക്കാന്‍ അവസരമൊരുക്കിയത് ഉമ്മന്‍ചാണ്ടിയാണ്. സരിതനായര്‍, ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍ എന്നിവരുമായി തിരുവഞ്ചൂരിന് അസാധാരണമായ ബന്ധമായിരുന്നുവെന്നും ആന്റോ പറഞ്ഞു. കെ കരുണാകരന്റെ ആശ്രിതനും സന്തതസഹചാരിയുമായിരുന്ന സി എല്‍ ആന്റോ "പാവം പയ്യന്‍" എന്ന പേരിലാണ് അക്കാലത്ത് അറിയപ്പെട്ടത്.
(എം എസ് സദാനന്ദന്‍)

കേസ് പിന്‍വലിക്കാന്‍ സരിത വധഭീഷണി മുഴക്കിയതായി പ്രവാസി മലയാളി

പത്തനംതിട്ട: സോളാര്‍ തട്ടിപ്പിനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ വധിക്കുമെന്ന് സരിത ഭീഷണിപ്പെടുത്തിയിരുന്നതായി പ്രവാസി മലയാളി കെ ബാബുരാജ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളുമായുമുള്ള ബന്ധം ബോധ്യപ്പെടുത്തി 1.19 കോടി രൂപ തട്ടിയെടുത്തതായും ഇടയാറന്മുള കോട്ടയ്ക്കകത്ത് ബാബുരാജ് വെളിപ്പെടുത്തി. ആഭ്യന്തരമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കിയപ്പോഴാണ് സരിത ഫോണിലൂടെ വധഭീഷണി മുഴക്കിയതെന്ന് ബാബുരാജ് പറഞ്ഞു. മാര്‍ച്ച് 14നാണ് പരാതി നല്‍കിയത്. അന്വേഷണം എങ്ങും എത്താത്തതിനെ തുടര്‍ന്ന് ഡിജിപിയുടെ ഓഫീസില്‍ കോട്ടയം കൈംബ്രാഞ്ച് ഓഫീസിലും ചെന്ന് വീണ്ടും പരാതിപ്പെട്ടു. ഇതേതുടര്‍ന്ന് മെയ് 25നാണ് കേസുമായി മുന്നോട്ടുപോയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

പരാതി നല്‍കിയെന്ന് മനസിലാക്കിയ ബിജു രാധാകൃഷ്ണന്‍ അഡ്വ. ഫെന്നി ബാലകൃഷ്ണനെ കോട്ടയ്ക്കകത്തേക്ക് വിട്ടിരുന്നു. സരിതയുടെ അമ്മ ഇന്ദിര തവണ വിളിക്കുകയും കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. പരാതിയില്‍ അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് കോട്ടയത്തെ കോണ്‍ഗ്രസ് നേതാവ് ക്രൈംബ്രാഞ്ചിനെ ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ കത്ത് കാണിച്ചും ഓഫീസുമായുള്ള ബന്ധം വിശദീകരിച്ചുമായിരുന്നു തട്ടിപ്പ്്. ഫെബ്രുവരിയില്‍ കായംകുളത്തെ വസ്തുവിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായപ്പോള്‍ വസ്തു അളന്നുതിരിക്കാന്‍ താലൂക്ക് സര്‍വയറെ സമീപിച്ചിരുന്നു. നാലുമാസം കഴിഞ്ഞേ അളന്ന് നല്‍കാന്‍ കഴിയൂവെന്നാണ് സര്‍വയര്‍ അറിയിച്ചത്. ഇതറിഞ്ഞ് ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അളന്ന് നല്‍കാമെന്ന് ഉറപ്പുനല്‍കി. പിറ്റേദിവസം സരിത മുഖ്യമന്ത്രിക്ക് നല്‍കാനായുള്ള അപേക്ഷ സ്വയം തയ്യാറാക്കി ബാബുരാജിന്റെ ഒപ്പുവാങ്ങി മടങ്ങി. ഇതിന് മൂന്നാംദിവസം വസ്തു അളന്നു നല്‍കി. ഇത് മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ തെളിവാണ്. ഉന്നതരുമായുള്ള ഈ ബന്ധമാണ് സോളാര്‍ ഇടപാടില്‍ സര്‍ക്കാര്‍ പ്രോത്സാഹനമുണ്ടെന്നും പണം നഷ്ടമാകില്ലെന്ന് കരുതാനും പ്രേരണയായതെന്നും ബാബുരാജ് പറഞ്ഞു.
(ബാബു തോമസ്)

സരിത റിസോര്‍ട്ട് ഉടമയില്‍നിന്ന് തട്ടാന്‍ ലക്ഷ്യമിട്ടത് 9 കോടി

ബൈസണ്‍വാലി(ഇടുക്കി): കാറ്റാടി പദ്ധതിയുടെ മറവില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണനും റിസോര്‍ട്ട് ഉടമയില്‍നിന്ന് തട്ടാന്‍ ലക്ഷ്യമിട്ടത് ഒന്‍പതു കോടി. കണ്‍സള്‍ട്ടന്‍സി ഫീസായിമാത്രം 25 ലക്ഷം വാങ്ങി. റിസോര്‍ട്ട്-തോട്ടം ഉടമ ബൈസണ്‍വാലി പൊട്ടന്‍കാട് വയലില്‍ വി ടി രവീന്ദ്രനില്‍നിന്നാണ് രണ്ടുമാസത്തിനുള്ളില്‍ മൂന്നു ഗഡുക്കളായി 25 ലക്ഷം വാങ്ങിയത്. വിശ്വാസ്യതക്കായി പാരമ്പര്യേതര ഊര്‍ജവകുപ്പിന്റെയും കെഎസ്ഇബിയുടെയും പേര് ഉപയോഗിച്ചായിരുന്നു കബളിപ്പിക്കലെന്ന് രവീന്ദ്രന്‍ പറയുന്നു.

മനോരമയില്‍ വന്ന പരസ്യവും തുക നല്‍കാന്‍ പ്രേരകമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡിയും സരിത വാഗ്ദാനം ചെയ്തു. ഒരു കാറ്റാടിയന്ത്രത്തിന് രണ്ടു കോടി 90 ലക്ഷം വീതം മൂന്നെണ്ണം സ്ഥാപിക്കാനുള്ള കരാറുണ്ടാക്കിയത് 2011 മെയ് അഞ്ചിന.് ലക്ഷ്മി നായരെന്ന് പരിചയപ്പെടുത്തിയ സരിത എസ് നായര്‍ ആദ്യം 15ലക്ഷം വാങ്ങി. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പദ്ധതി വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷവും വാങ്ങി. പാരമ്പര്യേതര ഊര്‍ജവകുപ്പ് സബ്സിഡി, പൊതുമേഖലാസ്ഥാപനമായ ഐആര്‍ഇഡിഇ വായ്പ, കെഎസ്ഇബിയുമായി വൈദ്യുതി വാങ്ങല്‍ കരാര്‍, അനെര്‍ട്ടില്‍നിന്നുമുള്ള അംഗീകാരം, സര്‍വേ ജോലികള്‍ എന്നിവ ശരിയാക്കാനാണ് കണ്‍സള്‍ട്ടന്‍സി ഫീസായി ഒരു കാറ്റാടിയന്ത്രം സ്ഥാപിക്കാന്‍ ആദ്യം തന്നെ അഞ്ചുലക്ഷംവീതം വാങ്ങിയിരുന്നത്. ഗാര്‍ഹിക- വ്യാവസായിക ആവശ്യം കഴിഞ്ഞ് കാറ്റാടി യന്ത്ര വൈദ്യുതി കെഎസ്ഇബിക്ക് വില്‍ക്കാമെന്നും വിശ്വസിപ്പിച്ചു. കാറ്റാടിയന്ത്രത്തിന്റെ വില പൂര്‍ണമായും വസ്തു ഈടിന്മേല്‍ വായ്പയായി ലഭിക്കുമെന്നും അധിക വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ ഒരുമാസം കുറഞ്ഞത് 75ലക്ഷം രൂപ ലഭിക്കുമെന്നും സോളാര്‍ടീം വാഗ്ദാനം നല്‍കി. ന്യൂഡല്‍ഹി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇല്ലാത്ത പ്രധാന ഓഫീസുകളെക്കുറിച്ച് സംസാരിച്ച ശേഷമായിരുന്നു കരാര്‍ ഉറപ്പിക്കല്‍.

തമിഴ്നാട് തിരുനെല്‍വേലി മുപ്പന്തലിലെ കാറ്റാടിപ്പാടത്ത് കൊണ്ടുപോയി ഇത് ടീം സോളാര്‍ പദ്ധതിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. കണ്‍സള്‍ട്ടന്‍സി ഫീസ് നല്‍കി ആറുമാസത്തിനകം തങ്ങളുടെ ഹൈദരാബാദിലെ ഓഫീസില്‍നിന്ന് കാറ്റാടിയന്ത്രം എത്തിക്കുമെന്നും കരാര്‍വച്ചു. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും കാറ്റാടിയന്ത്രം സ്ഥാപിക്കുകയോ കരാര്‍ പാലിക്കുകയോ ചെയ്തില്ല. വിവിധ ലൈസന്‍സുകള്‍ ലഭിക്കുന്നതിലുള്ള താമസമാണെന്നും സര്‍ക്കാരില്‍ ഇടപെട്ട് ഉടന്‍ ശരിയാക്കാമെന്നുമുള്ള ന്യായങ്ങള്‍ പറഞ്ഞ് നീട്ടി. കാറ്റാടിയന്ത്രത്തിനായി നിര്‍മ്മിച്ച അടിത്തറയ്ക്കും മറ്റുമായി ലക്ഷങ്ങള്‍ ചെലവായെന്ന് രവീന്ദ്രന്‍ പറഞ്ഞു. വഞ്ചനയും ഗൂഢാലോചനയും നടത്തി തന്റെ 25ലക്ഷം തട്ടിയെടുത്തതിന് 420,34 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് ജൂണ്‍ 18ന് രവീന്ദ്രന്‍ അടിമാലി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
(കെ ടി രാജീവ്)

പരാതി പിന്‍വലിപ്പിക്കാന്‍ പണം നല്‍കാമെന്ന് വാഗ്ദാനം

മലപ്പുറം: സോളാര്‍ തട്ടിപ്പിന് ഇരയായവരുടെ പരാതികള്‍ പിന്‍വലിപ്പിക്കാന്‍ നീക്കം. നഷ്ടപ്പെട്ട പണം തിരിച്ചുനല്‍കാമെന്ന വാഗ്ദാനവുമായി ഏജന്റുമാര്‍ രംഗത്തിറങ്ങി. ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്ണന്റെയും സരിത എസ് നായരുടെയും അറിവോടെയാണ് ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നത്. തട്ടിപ്പിന് ഇരയായ കൂടുതലാളുകള്‍ പരാതിയുമായി രംഗത്തുവരാതിരിക്കാനും ഏജന്‍ര്‍ുമാര്‍ ശ്രദ്ധിക്കുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ ഒരു കേസാണെടുത്തത്. പെരിന്തല്‍മണ്ണയിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ട ഡോക്ടര്‍ പൊലീസിനെ സമീപിച്ചത്. അന്വേഷണം നടക്കുന്നതിനിടയിലാണ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം. പണംതിരിച്ചുകിട്ടുമെന്നും പരാതി പന്‍വലിക്കുമെന്നുമാണ് ഇപ്പോള്‍ ഡോക്ടര്‍ പറയുന്നത്. ആരാണ് പണം നല്‍കുന്നതെന്നും ഇടനിലക്കാര്‍ ആരാണെന്നും വെളിപ്പെടുത്താന്‍ തയ്യാറല്ല.

കഴിഞ്ഞവര്‍ഷമാണ് മങ്കട സ്വദേശിവഴി ഡോക്ടര്‍ പണം കൈമാറിയത്. രണ്ടരലക്ഷം രൂപയ്ക്ക് വീടിനുമുകളില്‍ സോളാര്‍ പാനലും വിന്‍ഡ് മില്ലും സ്ഥാപിക്കാമെന്നായിരുന്നു വാഗ്ദാനം. ഒന്നരലക്ഷം രൂപ മുന്‍കൂറായി നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും നടക്കാത്തതിനാല്‍ ഡോക്ടര്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയെ വിവരം ധരിപ്പിച്ചു. ഡിവൈഎസ്പി വിസിറ്റിങ് കാര്‍ഡിലുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് അറിയിച്ചു. ആര്‍ ബി നായര്‍ എന്നാണ് വിസിറ്റിങ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നാണ് ആര്‍ ബി നായര്‍ എന്ന് പരിചയപ്പെടുത്തി ബിജു രാധാകൃഷ്ണന്‍ ഡോക്ടറെ കണ്ടത്. സോളാര്‍ പാനല്‍ ഉടന്‍ നല്‍കാമെന്നും ആശങ്കവേണ്ടെന്നും അറിയിച്ചു. അതിനാല്‍ പൊലീസില്‍ പരാതിയും നല്‍കിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദം പുറത്തുവന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ടിവിയിലും പത്രത്തിലും വാര്‍ത്ത കണ്ട് ബിജു രാധാകൃഷ്ണനെ തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. ഡോക്ടറില്‍നിന്നും മൊഴിയെടുത്തു. ബിജു രാധാകൃഷ്ണന്‍ വന്ന കാര്യവും സൂചിപ്പിച്ചു. അന്വേഷണ വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. അതിനിടെയാണ് പരാതി ഒത്തുതീര്‍ക്കാനുള്ള ശ്രമം നടക്കുന്നത്. പാണ്ടിക്കാട് സ്വദേശിയായ മറ്റൊരു ഡോക്ടര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പരാതി നല്‍കിയില്ല.

"പാവം പയ്യന്റെ" അകമ്പടിയില്ലാതെ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായശേഷം ആദ്യമായി "പാവം പയ്യന്‍" തോമസ് കുരുവിളയുടെ അകമ്പടിയില്ലാതെ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍. വെള്ളിയാഴ്ച രാത്രി 10.30ന് ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിക്കൊപ്പം അഡീഷണല്‍ പ്രൈവറ്റ്സെക്രട്ടറി ജോജിജോര്‍ജ് ജേക്കബാണ് സഹായി ആയി ഉണ്ടായിരുന്നത്. മകന്‍ ചാണ്ടി ഉമ്മനും ഒപ്പമുണ്ടായിരുന്നു. കുരുവിളയുടെ അസാന്നിധ്യത്തില്‍ "പാവം പയ്യന്‍" തസ്തികയിലേക്ക് ഇടിച്ചുകയറാന്‍ ശനിയാഴ്ച കേരളഹൗസില്‍ ഖദര്‍ധാരികളുടെ നീണ്ടനിരയായിരുന്നു.

ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരുന്ന ഘട്ടം മുതലാണ് കുരുവിള ഡല്‍ഹിയിലെ വിശ്വസ്തനായത്. ചാണ്ടി ഉമ്മനുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് കുരുവിള ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനായത്. 2011ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കേരളഹൗസിലെ സമാന്തരഭരണക്കാരനായി. ഉമ്മന്‍ചാണ്ടിക്കൊപ്പം വിഐപി മുറിയില്‍ താമസം. സരിതയ്ക്കും ബിജുവിനും തട്ടിപ്പിനുള്ള താവളമാക്കിയും കേരളഹൗസിനെ കുരുവിള മാറ്റി. കേരള ഹൗസിലെ 203-ാം നമ്പര്‍ വിഐപി മുറിയില്‍ പത്തുതവണ കുരുവിള താമസിച്ചതായാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി വിവരാവകാശ ഓഫീസര്‍ എന്‍ മോഹദര്‍ശന്‍ അറിയിച്ചത്. പ്രൈവറ്റ് സെക്രട്ടറിയില്ലാതെ മുഖ്യമന്ത്രി കേരളഹൗസില്‍ താമസിക്കുമ്പോള്‍ സഹായി ആയി പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടാണ് കുരുവിളയ്ക്ക് മുറി അനുവദിച്ചതെന്ന് ആര്‍ടിഐ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.

deshabhimani

No comments:

Post a Comment