Tuesday, July 16, 2013

പണം നല്‍കിയത് ജോപ്പന്റെ ഉറപ്പിലെന്ന് എ ജി

സോളാര്‍ കേസില്‍ തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ സരിതയ്ക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പി എ ടെന്നി ജോപ്പന്‍ നല്‍കിയ ഉറപ്പനുസരിച്ചാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ശ്രീധരന്‍ നായര്‍ക്ക് പണം നഷ്ടമായ സംഭവത്തില്‍ തന്റെ ഓഫീസിനു പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിക്കുന്നതാണ് ഇത്.ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോളാണ് എ ജിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ജോപ്പന്റെ ഉറപ്പിലാണ് ശ്രീധരന്‍ നായര്‍ പണം നല്‍കിയതെന്ന് ബിജു രാധാകൃഷ്ണന്റെ കുറ്റസമ്മത മൊഴിയിലുണ്ടെന്ന് എജി വിശദീകരിച്ചു. ബിജു രാധാകൃഷ്ണന്‍ രണ്ടുവട്ടം ജോപ്പന്റെ വീട്ടിലെത്തിയതായി ജോപ്പന്റെ ഭാര്യയും മൊഴി നല്‍കിയിട്ടുണ്ട്. ജോപ്പന്‍ സോളാര്‍ തട്ടിപ്പിന്റെ ഗൂഢാലോചനയിലും പങ്കുണ്ട്. സരിതയും ബിജുവും തട്ടിപ്പുകാരാണെന്ന് അറിഞ്ഞുതന്നെയാണ് ജോപ്പന്‍ ഇവര്‍ക്കൊപ്പം നിന്നിരുന്നത്. ഇവരെപ്പറ്റി ജോപ്പന് മുന്നറിയിപ്പ് കൊടുത്തിരുന്നതായിമുഖ്യമന്ത്രിയുടെ ഓഫീസിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുണ്ട്. കബളിപ്പിക്കല്‍ തന്നെയായിരുന്നു മൂവരുടേയും ലക്ഷ്യം.

ജോപ്പന് ജാമ്യം കൊടുത്താല്‍ കേസിനെ അട്ടിമറിക്കുമെന്നും എ ജി പറഞ്ഞു. തുടര്‍ന്നാണ് പരിശോധനക്കായി കേസ് ഡയറി ഹാജരാക്കാന്‍ ജഡ്ജി എസ് എസ് സതീഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടത്. ജോപ്പന് സാമ്പത്തിക ലാഭമുണ്ടായിട്ടുണ്ടെന്ന് ജോപ്പന്റെ ഭാര്യ സമ്മതിച്ചിട്ടുണ്ടെന്നും എ ജി പറഞ്ഞു.

തന്നെ ജയിലിലടച്ചത് മുഖ്യമന്ത്രിയെന്ന് കുരുവിള

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെട്ടതിന് തന്നെ കള്ളക്കേസില്‍ കുടുക്കിയാണ് ജയിലിലടച്ചതെന്ന് ബംഗ്ളൂരുവിലെ വ്യവസായി എം കെ കുരുവിള. തന്റെ പേരിലില്ലാത്ത അക്കൗണ്ടിലേക്ക് പണം കൈമാറിയതായാണ് കേസ്. ഈ തട്ടിപ്പുമായി തനിക്കൊരു ബന്ധവുമില്ല. താന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും കുരുവിള പറയുന്നു.അതിനായി ഒന്നിനു പിറകെ ഒന്നായി കള്ളക്കേസുകള്‍ ചുമത്തുകയാണ്.

റിപ്പോര്‍ട്ടര്‍ ടെലിവിഷന്‍ ലേഖകന്‍ ജയിലിലെത്തി രഹസ്യമായി ചിത്രീകരിച്ച അഭിമുഖത്തിലാണ് കുരുവിളയുടെ വെളിപ്പെടുത്തല്‍.

തനിക്കാണ് പണം നഷ്ടപ്പെട്ടത്. താന്‍ ബംഗ്ലൂരുവില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം പരാതി നല്‍കിയതിനു തെളിവുണ്ടെന്നും കുരുവിള അവകാശപ്പെടുന്നു. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാണ് ഒരുകോടിയിലധികം രൂപ തട്ടിയത്. ഈ പരാതി ആഭ്യന്തരമന്ത്രിയെയും കണ്ടു പറഞ്ഞു. എന്നാല്‍ പിന്നീട് ബംഗ്ലൂരുവിലെ വീട്ടില്‍ നിന്ന് തന്നെ പൊലീസ് തട്ടികൊണ്ടുപോകുകയായിരുന്നു. ഒരു കള്ള പരാതിയുടെ പേരില്‍ പിന്നെ കേസില്‍ പ്രതിയാക്കി. തന്റെ പണം തട്ടിയവരിലൊരാള്‍ ഡല്‍ജിത്താണ്. ഇയാളെ പിന്നീട് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാക്കി.

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ബന്ധു കുഞ്ഞ് ഇല്ലംപള്ളിക്ക് പങ്കുണ്ട്. ബിജു രാധാകൃഷ്ണനു പിന്നില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളുണ്ട്- കുരുവിള പറയുന്നു.

deshabhinabu

No comments:

Post a Comment