Monday, July 15, 2013

ഭക്ഷ്യസുരക്ഷാനിയമം: കേരളത്തില്‍ അരിവില കുതിക്കും

ഫലപ്രദമായ പൊതുവിതരണശൃംഖല നിലവിലുള്ള കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാനിയമം വന്‍തിരിച്ചടിയാകും. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ റേഷന്‍ സമ്പ്രദായത്തിന് പുറത്താവുകയും ചെയ്യും. അനേകലക്ഷം പേര്‍ക്ക് നിലവില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് നഷ്ടമാക്കാനും നിയമം ഇടയാക്കുമെന്ന ആശങ്കയുണ്ട്. കേരളമടക്കമുള്ള അഞ്ചു സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമം അടുത്തമാസം മുതല്‍ നടപ്പാക്കാനിരിക്കെ ആശങ്കയകറ്റാനുള്ള നടപടിയൊന്നും സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

ഗ്രാമങ്ങളിലെ 75 ശതമാനത്തിനും നഗരങ്ങളിലെ 50 ശതമാനത്തിനും ആണ് പുതിയ നിയമപ്രകാരം റേഷന്‍ ലഭിക്കുക. നിലവില്‍ കേരളത്തിലെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 35 കിലോ ധാന്യമാണ് അനുവദിച്ചിട്ടുള്ളത്. ഭക്ഷ്യസുരക്ഷാനിയമം ഇതും അവതാളത്തിലാക്കും. പദ്ധതിപ്രകാരം ഒരാള്‍ക്ക് പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക. കേരളത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും നാലോ അതില്‍ താഴെയോ അംഗങ്ങളുള്ളതാണ്. പുതിയ നിയമപ്രകാരം അവര്‍ക്ക് പരമാവധി ലഭിക്കുന്നത് 20 കിലോ ധാന്യം. ഇരട്ടനിയന്ത്രണങ്ങളുടെ ഫലമായി സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതത്തില്‍ 42,000 ടണ്ണിന്റെ കുറവുണ്ടാകാന്‍ ഇടയാക്കുമെന്ന് കരുതുന്നു. ഇത് പൊതുവിപണിയിലെ വിലനിയന്ത്രണത്തിനും ദോഷമാകും. അരിവില വന്‍തോതില്‍ ഉയരാനും ഇടയാക്കും.

നിലവില്‍ റേഷന്‍ ലഭിക്കുന്നവരെ മുഴുവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാന്‍ ഇടയില്ല. റേഷന്‍ സമ്പ്രദായത്തിനു പുറത്തുള്ളവര്‍ക്കായി കുറഞ്ഞവിലയ്ക്ക് അരി ലഭ്യമാക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കില്ല. കേന്ദ്രത്തില്‍നിന്ന് 8.90 രൂപയ്ക്ക് ലഭിക്കുന്ന അരിയാണ് ഇപ്പോള്‍ 6.90 രൂപ സബ്സിഡി നല്‍കി രണ്ടുരൂപയ്ക്ക് കേരളത്തിലെ എപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. 6.20 രൂപയ്ക്ക് ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള അരി ഒരു രൂപയ്ക്ക് നല്‍കുമ്പോള്‍ സബ്സിഡി ഇനത്തില്‍ 5.20 രൂപയാണ് സംസ്ഥാനം ചെലവിടുക. ഭക്ഷ്യസുരക്ഷാനിയമം നടപ്പാകുന്നതോടെ മൂന്നുരൂപ നിരക്കില്‍ കേന്ദ്രത്തില്‍നിന്ന് അരി ലഭിക്കും. ഇത് കേരളത്തിന്റെ സബ്സിഡി ചെലവില്‍ 500 കോടി രൂപയെങ്കിലും കുറയാന്‍ ഇടയാക്കും.

റേഷന്‍ പരിധിക്ക് പുറത്താകുന്നവരെ സംരക്ഷിക്കാന്‍ ഈ തുക വിനിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നിലവില്‍ രണ്ടു രൂപയ്ക്കും ഒരു രൂപയ്ക്കും റേഷന്‍ ലഭിക്കുന്നതിനാല്‍ കേരളത്തിലെ കാര്‍ഡ് ഉടമയ്ക്ക് പുതിയ പദ്ധതി കൂടുതല്‍ ആശ്വാസം പകരില്ല. അതേസമയം, സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് പണമായി എത്തുന്നത് ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും. പലയിടത്തും പരീക്ഷിച്ച് പരാജയപ്പെട്ട ഈ സമ്പ്രദായം കേരളത്തിലെ റേഷന്‍ വിതരണത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും കരുതുന്നു.
(ആര്‍ സാംബന്‍)

deshabhimani

No comments:

Post a Comment