Monday, July 15, 2013

സ്കൂളുകളുടെ മുഴുവന്‍ ഗ്രാന്റും നിര്‍ത്തും

സ്കൂളുകളിലെ മുഴുവന്‍ ഗ്രാന്റുകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അട്ടിമറിക്കുന്നു. അധ്യാപകര്‍ക്കുള്ള ഗ്രാന്റ് ഏതാണ്ട് ഇല്ലാതായ നിലയിലാണ്. സ്കൂള്‍ ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ്, രാഷ്ട്രീയ ശിക്ഷക് അഭിയാന്‍ (ആര്‍എസ്എ) എന്ന പേരില്‍ സ്കൂളില്‍ വിവിധ സാധനങ്ങള്‍ വാങ്ങാനുള്ള പാക്കേജ് തുക തുടങ്ങിയവയും ഇനി ഉണ്ടാകില്ല. അധ്യയനം ആരംഭിച്ച് ഒന്നരമാസം പിന്നിട്ടിട്ടും യൂണിഫോം വിതരണവും അനിശ്ചിതത്വത്തിലാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് പഠനോപകരണങ്ങളും മറ്റും വാങ്ങാനാണ് ഒരാള്‍ക്ക് 500 രൂപ വീതമുള്ള അധ്യാപക ഗ്രാന്റ്. മനുഷ്യവിഭവശേഷി മന്ത്രാലയം പുതിയ അധ്യയനവര്‍ഷത്തില്‍ തുക അനുവദിക്കാത്തതിനാലാണ് നല്‍കാത്തതെന്ന് രാജു വാഴക്കാലയ്ക്ക് സര്‍വ ശിക്ഷാ അഭിയാന്‍ ഡയറക്ടറുടെ ഓഫീസില്‍നിന്ന്വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. സ്കൂള്‍ ഗ്രാന്റ് നല്‍കിവരുന്നതായാണ് മറുപടിയില്‍ വ്യക്തമാക്കുന്നതെങ്കിലും ഭൂരിഭാഗം സ്കൂളുകളിലും ലഭിച്ചിട്ടില്ല. എത്ര സ്കൂളുകള്‍ക്ക് നല്‍കിയെന്ന കാര്യവും വ്യക്തമല്ല.

പഠനാന്തരീക്ഷം ആകര്‍ഷകമാക്കാനും സ്കൂള്‍ സൗന്ദര്യവല്‍ക്കരണത്തിനുമാണ് സ്കൂള്‍ ഗ്രാന്റ് ചെലവിടേണ്ടത്. എല്‍പി സ്കൂളിന് 5000 രൂപയും യുപി വിഭാഗത്തിന് 7000 രൂപയുമാണ് ഗ്രാന്റ്. സാധാരണഗതിയില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവ അനുവദിക്കുന്നത്. ഒമ്പത്, പത്ത് ക്ലാസുകള്‍ ഉള്ള സ്കൂളുകളിലെ ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും അറ്റകുറ്റപ്പണിക്കുമുള്ള ആര്‍എസ്എ ഫണ്ട് 75,000 രൂപയുടെ പാക്കേജ് ആണ്. മെയ് മാസത്തിനകം അനുവദിക്കുന്ന ഈ തുകയും ഇക്കുറി ഇല്ലാതായി. കഴിഞ്ഞവര്‍ഷംവരെ സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ സൗജന്യ യൂണിഫോം ഇക്കുറി എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ബാധകമാക്കിയ ഉത്തരവ് വന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും തുണി ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളെ എംപാനല്‍ ചെയ്യുന്ന നടപടി സ്വീകരിച്ചുവരുന്നു എന്നുമാണ് മറുപടി. വിതരണം അനിശ്ചിതത്വത്തിലായതോടെ സൗജന്യ യൂണിഫോം കാത്തിരുന്നവര്‍ക്ക് പുറത്തുനിന്ന് യൂണിഫോം വാങ്ങേണ്ടി വന്നു. ഗ്രാന്റുകളിലെ 40 ശതമാനം തുക സംസ്ഥാനസര്‍ക്കാരും 60 ശതമാനം കേന്ദ്രസര്‍ക്കാരുമാണ് നല്‍കേണ്ടത്.
(ഷഫീഖ് അമരാവതി)

deshabhimani

No comments:

Post a Comment